മാനവകുലത്തിന് സന്മാര്‍ഗദര്‍ശകമായി സ്രഷ്‌ടാവായ അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ എന്ന വേദഗ്രന്ഥം അവതരിപ്പിച്ച ഓര്‍മ പുതുക്കിക്കൊണ്ട് വിശുദ്ധ റമദാന്‍ മാസം നമ്മില്‍ നിന്ന് വിടപറയുകയാണ്. വ്രത വിശുദ്ധിയുടെ മുപ്പത് നാളുകള്‍, ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ ഒരു രാവ്, ഒരു പുരുഷായുസ്സില്‍ നേടാവുന്ന നന്മകള്‍ ആര്‍ജിക്കാന്‍ പറ്റിയ അസുലഭ സന്ദര്‍ഭം നമ്മിലൂടെ കടന്നുപോവുകയാണ്.
നാം തിരിഞ്ഞുനോക്കുക; എന്തുനേടി? ഓരോരുത്തരും സ്വയം വിലയിരുത്തുക; എന്ത് മാറ്റമാണ് തന്നില്‍ ഉണ്ടായിട്ടുള്ളത്? നന്മകളും തിന്മകളും സമ്മിശ്രമായി സമ്മേളിക്കുന്ന ജീവിതത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതത്തില്‍ ഇല്ലാതിരുന്ന ഏതെങ്കിലും നല്ല കാര്യങ്ങള്‍ കര്‍മപഥത്തിലെത്തിക്കാന്‍ സാധിച്ചുവോ? തന്റെ ജീവിതശൈലിയായി മാറിയിരുന്ന ഏതെങ്കിലും ദുസ്സ്വഭാവങ്ങളോ ദുശ്ശീലങ്ങളോ മാറ്റിവയ്‌ക്കാന്‍ സാധിച്ചുവോ?
ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍. സ്വയം വിലയിരുത്തലിനുള്ള ഈ ചോദ്യങ്ങള്‍ക്ക് പോസിറ്റീവ് ആയ ഉത്തരം നല്‍കാന്‍ കഴിയുന്നവര്‍ക്ക് വ്രതം സാര്‍ഥകമായി എന്ന് സമാധാനിക്കാം. ഓരോ ദിവസവും നോമ്പ് തുറക്കുമ്പോള്‍ നാം പറയേണ്ട ഒരു പ്രാര്‍ഥനയുണ്ട്. `ദാഹമെല്ലാം നീങ്ങി, ഞരമ്പുകള്‍ നനഞ്ഞു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി' (അബൂദാവൂദ്). ആത്യന്തികഫലം പരലോകത്താണ്.
എങ്കിലും ഇഹലോകത്തെ ജീവിതത്തില്‍ വ്രതം പരിവര്‍ത്തനം ഉണ്ടാക്കണം. തിരിഞ്ഞുനോക്കുമ്പോള്‍ ഫലം ആശാവഹമായി എന്നു തോന്നുന്നുവെങ്കില്‍ ഈ പ്രഭ ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയിലേക്ക് നമുക്ക് വെളിച്ചംപകരാന്‍ ശ്രമിക്കുക. എന്നാല്‍ ആശയ്‌ക്കു വകയില്ലാത്ത അവസ്ഥയാണ് ആര്‍ക്കെങ്കിലും ഉള്ളതെങ്കില്‍ അവര്‍ ഭഗ്‌നാശരായിത്തീരേണ്ടതില്ല. അവശേഷിക്കുന്ന ദിനങ്ങളില്‍ നഷ്‌ടപ്പെട്ടെന്ന് തോന്നിയത് വീണ്ടെടുക്കാന്‍ ശ്രമിക്കുക. ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങാന്‍ (തൗബ) അവസരം കണ്ടെത്തുക. ``അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്.'' (39:53)
ഇസ്‌ലാം നിശ്ചയിച്ച ആരാധനാകര്‍മങ്ങള്‍ വ്യക്തിപരമായ വിശുദ്ധിക്കും മോക്ഷത്തിനും വേണ്ടിയാണ്. അതോടൊപ്പം സമൂഹനന്മയും അതില്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. റമദാന്‍ മാസത്തിലെ വ്രതാനുഷ്‌ഠാനം അവസാനിപ്പിക്കുന്നത് മറ്റൊരു അനുഷ്‌ഠാനത്തിലൂടെയാണ്. അഥവാ സകാതുല്‍ ഫിത്വ്‌ര്‍. ഫിത്വ്‌ര്‍ എന്നാല്‍ വ്രതസമാപനമെന്നാണര്‍ഥം. സകാത്ത് സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ട ഒരു കര്‍മമാണ്. എന്നാല്‍ ഫിത്വ്‌ര്‍ സകാത്ത് വ്യക്തിക്കുള്ള സകാത്താണ്. നബി(സ) അതിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്: ``അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന് വന്നുപോയ പിഴവുകളില്‍ നിന്ന് അവനെ ശുദ്ധീകരിക്കാനും പാവങ്ങള്‍ക്ക് ആഹാരത്തിനുമായി റസൂല്‍(സ) ഫിത്വ്‌ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു.'' (അബൂദാവൂദ്). റമദാനിന്റെ അവസാനത്തെ പകല്‍ അസ്‌തമിക്കുന്നതോടെയാണ് സകാത്തുല്‍ഫിത്വ്‌ര്‍ നിര്‍ബന്ധമായിത്തീരുന്നത്. സൗകര്യത്തിനായി ഒന്നോ രണ്ടോ ദിവസം മുന്‍പായി അത് നല്‍കുകയും ചെയ്യാം.
ഓരോ വിശ്വാസിയും ഒരു മാസം നോമ്പെടുത്ത നിര്‍വൃതിയില്‍, സകാതുല്‍ ഫിത്വ്‌റും നല്‍കി, നേരം പുലരുന്നത് ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സുപ്രഭാതത്തിലേക്കാണ്. അതായത് ഈദുല്‍ഫിത്വ്‌റിന്റെ ആഘോഷത്തിലേക്ക്. ഈദ് എന്നാല്‍ ആഘോഷമെന്നാണര്‍ഥം. വ്രത സമാപനത്തിലുള്ള ആഘോഷമാണ് ഈദുല്‍ഫിത്വ്‌ര്‍. ഒത്തുചേര്‍ന്ന് ആഹ്ലാദം പങ്കിടുക, ആനന്ദത്തോടെ ആഘോഷിക്കുക; ഇത് മനുഷ്യപ്രകൃതിയാണ്. മനുഷ്യ പ്രകൃതിയുടെ താല്‍പര്യങ്ങള്‍ ഇസ്‌ലാം നിരാകരിക്കുന്നല്ല; നിയന്ത്രിച്ചിട്ടേയുള്ളൂ. ആഘോഷവും അങ്ങനെത്തന്നെ.
ആഘോഷങ്ങള്‍ക്ക് മനുഷ്യനോളം പഴക്കമുണ്ട്. മതകീയവും രാഷ്‌ട്രീയവും പ്രാദേശികവുമായ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ ഇന്നും നിലവിലുണ്ട്. ആഘോഷവേളകള്‍ അതിരുവിടാറുള്ള വേദിയായി പലപ്പോഴും കാണാറുണ്ട്. ജീവിതത്തില്‍ ഉണ്ടാകുന്ന സന്തോഷ മുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കുക എന്നത് മനുഷ്യസഹജമാണ്. മാനുഷിക ബന്ധങ്ങള്‍ക്ക് വില കല്‍പിക്കാത്ത, ലഹരിക്കടിമപ്പെടുന്ന കൂത്താട്ടങ്ങള്‍ നിറഞ്ഞ നിരവധി ആഘോഷങ്ങള്‍ സമൂഹത്തിലുണ്ട്. മതകീയ ആഘോഷങ്ങളെങ്കില്‍ വിഗ്രഹാരാധനയ്‌ക്കും അന്ധവിശ്വാസനിബദ്ധമായ നിരവധി കാര്യങ്ങള്‍ക്കും അത് വേദിയൊരുക്കുന്നു. പല ആഘോഷങ്ങളും ഉത്സവമായി മാറുന്നു. കൊട്ടും കുരവയും ഘോഷങ്ങളും ആനയും അമ്പാരിയും കരിമരുന്നും പിന്നെ വൈവിധ്യമാര്‍ന്ന കച്ചവടങ്ങളും ആള്‍ക്കൂട്ടവും. ഇതാണ് എക്കാലത്തും ഉത്സവങ്ങളുടെ മുഖമുദ്ര. അതിനിടയിലേക്ക് രാവുപകല്‍ ഭേദമില്ലാതെ, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ജനം ഒഴുകുന്നു. ബഹളമയമായ ഉത്സവപ്പറമ്പുകളുടെ അധോഭാഗത്ത് നടക്കുന്നതാകട്ടെ മാനവികതയ്‌ക്ക് പോലും നിരയ്‌ക്കാത്ത അധാര്‍മികതകള്‍!
മുഹമ്മദ് നബി(സ) അനുചരന്മാരുമൊത്ത് മദീനയിലെത്തിയ ചരിത്രപ്രസിദ്ധമായ ഹിജ്‌റ. മദീനയില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍, പലായനം ചെയ്‌ത് എത്തിച്ചേര്‍ന്ന മുഹാജിറുകളും അവര്‍ക്ക് തങ്ങളുടെ പാതിപകുത്തു കൊടുത്ത് സഹായമൊരുക്കിയ അന്‍സ്വാറുകളും ചേര്‍ന്ന് ഒരു മുസ്‌ലിം ഉമ്മത്ത് രൂപപ്പെട്ടു. അവിടെ നിലനിന്നിരുന്ന സമൂഹങ്ങളില്‍ സാമ്പ്രദായികമായി നടന്നുപോന്നിരുന്ന ആഘോഷങ്ങളും ഉത്സവങ്ങളും ഉണ്ടായിരുന്നു. സഹജമായ താല്‍പര്യത്താല്‍, അതില്‍ പങ്കുകൊള്ളട്ടെയോ എന്ന് സ്വഹാബിമാര്‍ നബി(സ)യോട് അനുവാദം ചോദിച്ചു. നബി(സ) അതിനെപ്പറ്റി അന്വേഷിച്ചറിഞ്ഞു. അക്കാലത്തെ-എക്കാലത്തെയും-ആഘോഷങ്ങളിലെ പ്രധാന ആചാരങ്ങള്‍ ബഹുദൈവാരാധനാപരമായ ചടങ്ങുകളായിരുന്നു. മദ്യപാനമായിരുന്നു അതിന്റെ മറ്റൊരു പ്രധാനഘടകം. നബി(സ) തന്റെ അനുചരന്മാര്‍ക്ക് അത്തരം ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതിനു പകരം രണ്ട് ആഘോഷസുദിനങ്ങള്‍ നിശ്ചയിച്ചു നല്‍കുകയുണ്ടായി. അവയാണ് ഈദുല്‍ഫിത്വ്‌റും ഈദുല്‍ അദ്‌ഹായും.
ആഘോഷങ്ങള്‍ക്ക് മാന്യതയുടെയും മാനവികതയുടെയും മാനങ്ങള്‍ നല്‍കിയത് ഇസ്‌ലാമാണ്.എല്ലാത്തരം ബന്ധങ്ങളും മറന്നാടുന്ന ആഘോഷ-ഉത്സവരീതികള്‍ക്ക് പകരം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു അവസരമായി ആഘോഷങ്ങളെ ഇസ്‌ലാം പരിവര്‍ത്തിപ്പിച്ചു. സ്രഷ്‌ടാവിനെ മറന്നുകൊണ്ടുള്ള ഒരാഘോഷവും അംഗീകരിക്കാവതല്ല. പെരുന്നാള്‍ സുദിനത്തിന്റെ സുവിശേഷം ശ്രവിക്കുന്ന മാത്രയില്‍ വിശ്വാസി പറയുന്നു; അല്ലാഹു അക്‌ബര്‍. സ്രഷ്‌ടാവായ അല്ലാഹുവാണ് അത്യുന്നതന്‍. അവന്റെ താല്‌പര്യങ്ങള്‍ക്ക് വിരുദ്ധമായി താന്‍ യാതൊന്നിനും പ്രാമുഖ്യം കാണിക്കില്ല എന്ന വിളംബരം.
ഈദ് പ്രോഗ്രാമുകളുടെ പ്രഥമസംരംഭം ആരാധനതന്നെ. ആബാലവൃദ്ധം ഒത്തുചേരുന്നു. നമസ്‌കരിക്കുന്നു. ഉപദേശം ശ്രദ്ധിക്കുന്നു. ആശംസകള്‍ കൈമാറുന്നു. ബന്ധങ്ങള്‍ പുതുക്കുന്നു. സ്രഷ്‌ടാവുമായുള്ള ബന്ധവും ഒപ്പം സാഹോദര്യവും കുടുംബബന്ധവും എല്ലാം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചേര്‍ക്കുന്നു. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ തിരക്കുപിടിച്ച മനുഷ്യര്‍ എല്ലാം താല്‍ക്കാലികമായി മാറ്റിവയ്‌ക്കുന്നു. വീട്ടിലേക്ക് എത്തിച്ചേരുന്നു. തന്റെ പിഞ്ചോമന മക്കള്‍, ഭാര്യമാര്‍, നിര്‍ബന്ധിതമായിട്ടാണെങ്കിലും അകന്നുകഴിയേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന വിഷമതകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍.... ഈ ബന്ധമാണ് പെരുന്നാളാഘോഷത്തിന്റെ രണ്ടാമത്തെ ഘടകം. പുത്തനുടുപ്പുകളും മികച്ച ആഹാരങ്ങളും അനാവശ്യമല്ലാത്ത വിനോദങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടുന്നു. അശരണരായി, ശയ്യാവലംബികളായി കഴിയുന്നവരെ ചെന്നുകണ്ട് ആഘോഷഹര്‍ഷം അവര്‍ക്കെത്തിക്കുന്നു. ഇങ്ങനെയാണ് സമൂഹത്തിന്റെ രചനാത്മകമായ ആഘോഷം ഇസ്‌ലാം കാണിച്ചുതന്നത്.
ആഘോഷം നിശ്ചയിച്ച പശ്ചാത്തലം പോലും ചിന്തോദ്ദീപകമാണ്. മഹാന്മാരുടെ ജനനദിനങ്ങളോ ചരമദിനങ്ങളോ ആണ് പലസമൂഹങ്ങളിലും ആഘോഷത്തിന്റെ സമയം. ശവകുടീരങ്ങളാണ് പലതിന്റെയും വേദി. എന്നാല്‍ ത്യാഗനിര്‍ഭരമായ രണ്ട് ആരാധനാകര്‍മങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്‌ലാം ഈദുകള്‍ നിശ്ചയിച്ചത്. ഒന്ന് റമദാനിലെ വ്രതം. മറ്റേത് ദുല്‍ഹിജ്ജയിലെ ഹജ്ജ് കര്‍മം. വ്രതസമാപനമായി കടന്നുവന്ന ഈദുല്‍ഫിത്വ്‌റാണ് നമ്മുടെ മുന്നിലുള്ളത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ അവസ്ഥ ആഘോഷവേളയില്‍ അവഗണിക്കരുത്. അതിനു വേണ്ടിയാണ് `നോമ്പുപെരുന്നാളി'നോടനുബന്ധിച്ച് സകാതുല്‍ഫിത്വ്‌റും `ഹജ്ജുപെരുന്നാളി'നോടനുബന്ധിച്ച് ബലികര്‍മവും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയത്.
പെരുന്നാളിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന് അധികപേരും തയ്യാറാകുന്നില്ല. കേവല ചടങ്ങുകളായി എല്ലാം നടത്തിത്തീര്‍ക്കുന്നു. സാമ്പത്തിക സുസ്ഥിതിയും സുഭിക്ഷിതയും മൂലം `നമുക്ക് പെരുന്നാളാണ്' എന്ന പ്രയോഗം പോലും അസ്ഥാനത്തായിരിക്കുന്നു. ഇതരസമൂഹങ്ങളെ അനുകരിച്ച് പടക്കവും പൂത്തിരിയും മറ്റുമായി പെരുന്നാളിനെ വഴിതിരിച്ചുവിടുന്നു ചിലര്‍. എല്ലാവരും കുടുംബത്തില്‍ ഒത്തുചേരുക എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പെരുന്നാളിന് `ടൂര്‍' സംഘടിപ്പിക്കുക എന്നത് ഇന്ന് വ്യാപകമായിരിക്കുകയാണ്!
ഇതര സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനുള്ള അവസരമായി ഈദ് സുദിനങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്. മതനിരപേക്ഷ ഭാരതത്തില്‍ പരസ്‌പരം മനസ്സിലാക്കുക, ഉള്‍ക്കൊള്ളുക എന്നത് അനിവാര്യമാണ്. മതവിശ്വാസികള്‍ തമ്മിലെ സൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍പോലും ഈദുല്‍ഫിത്വ്‌ര്‍ എന്നതിന് `റംസാന്‍' എന്നാണ് ഇന്നും ഉപയോഗിക്കുന്നത്. ചാന്ദ്രമാസങ്ങളിലെ ഒരു മാസമാണ് `റംസാന്‍' എന്നും റമദാനിനു ശേഷമുള്ള ആഘോഷം ഈദുല്‍ഫിത്വ്‌ര്‍ ആണെന്നുമുളള സാമാന്യജ്ഞാനമെങ്കിലും ശരാശരി കേരളീയനു പകര്‍ന്നുനല്‍കാന്‍ ഈയവസരം ഉപയോഗപ്പെടട്ടെ. വ്രതനിര്‍വൃതിയോടെ ഈദുല്‍ ഫിത്വ്‌റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുക. എല്ലാവര്‍ക്കം ഈദുല്‍ഫുത്വ്‌ര്‍ ആശംസകള്‍. അല്ലാഹു അക്‌ബര്‍... വലില്ലാഹില്‍ഹംദ്.
(Courtesy: shababweekly)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ