എമ്മാര്‍
മരപ്പൊത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കപ്പെട്ട ശ്രീജ എന്ന കൊച്ചു പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത നിങ്ങള്‍ മറന്നിട്ടുണ്ടാകില്ല. ക്രൂരമായി ബലാല്‍സംഗം ചെയ്‌തു കൊന്ന ശേഷം ആ കുഞ്ഞിനെ മരപ്പൊത്തില്‍ ഒളിപ്പിക്കുകയായിരുന്നു. സ്‌ത്രീപീഡനത്തെക്കുറിച്ച് ഉയരുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഈ വാര്‍ത്ത നമ്മെ ഏറെ നൊമ്പരപ്പെടുത്തുകയുണ്ടായി. പക്ഷെ, ഈ സംഭവത്തിലെ ഇരയെപ്പോലെ തന്നെ നമ്മെ ഞെട്ടിക്കേണ്ടതാണ് കൃത്യം ചെയ്‌ത പ്രതിയും; വെറും പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള ബാലനാണ് ഈ കേസ്സിലെ പ്രതി. ഇത്രയും കുഞ്ഞു പ്രായത്തില്‍ അവന്റെ ഹൃദയം കടുത്തുപോയത് എന്തെന്ന ചിന്ത നമ്മെ ആകുലപ്പെടുത്തേണ്ടതില്ലേ?
കേരളത്തില്‍ സ്‌ത്രീപീഡനമടക്കമുള്ള കേസ്സുകളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പ്രതിചേര്‍ക്കപ്പെടുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഒട്ടേറെ ലൈംഗിക പീഡന കേസുകളില്‍ പന്ത്രണ്ടു മുതല്‍ പതിനാറു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ ഇതിനകം കേരളത്തില്‍ പിടിയിലാകുകയുണ്ടായി. ഇങ്ങനെ പിടിക്കപ്പെട്ട കുട്ടികള്‍ നല്‍കിയ മൊഴികളാണ് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടത്. അവരുടെ വീട്ടിലെ സാഹചര്യവും മാതാപിതാക്കളുടെ അശ്രദ്ധയുമാണ് അവരെ കുഞ്ഞുനാളിലെ കുറ്റവാളികളാക്കിയത് എന്ന് അത്തരം മൊഴികളില്‍ വായിച്ചെടുക്കാം.
സ്‌കൂള്‍ വിട്ടുപോകുന്ന കൊച്ചു പെണ്‍കുട്ടിയെ പൂ പറിച്ചു കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ബാലന്‍ പൊലീസിനോട് പറഞ്ഞത്, വീട്ടില്‍ പിതാവ് കൊണ്ടുവെച്ച നീലച്ചിത്രങ്ങളില്‍ നിന്നാണ് ലൈംഗിക കാര്യങ്ങള്‍ കണ്ടുപഠിച്ചത് എന്നാണ്. ഇവിടെ ഈ പിതാവല്ലേ യഥാര്‍ഥ പ്രതി? സ്വന്തം മക്കള്‍ കാണെ വഴിവിട്ട ബന്ധങ്ങള്‍ പുലര്‍ത്തുന്ന മാതാപിതാക്കള്‍ പിന്നീട് മക്കളും ആ വഴിക്കു വരുന്നതില്‍ വിലപിച്ചിട്ടു കാര്യമുണ്ടോ? പെണ്‍കുട്ടികള്‍ക്ക് കൗമാരത്തില്‍ സംഭവിക്കുന്ന ശാരീരിക-മാനസിക മാറ്റങ്ങളെക്കുറിച്ച് അച്ഛനമ്മമാര്‍ ബോധവാന്മാരാകുന്ന പോലെ, ആണ്‍കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും ഉണ്ടാകാറില്ല.
``അവള്‍ പ്രായപൂര്‍ത്തിയാകാന്‍ പോകുന്ന പെണ്ണാണ്'' എന്ന ഒരുള്‍ക്കിടിലം പെണ്‍മക്കളെ ശ്രദ്ധിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ പുലര്‍ത്തുമ്പോള്‍ ``അവന്‍ ഒരാണല്ലേ'' എന്ന ധൈര്യവും ആത്മവിശ്വാസവുമാണ് ആണ്‍കുട്ടികളുടെ കാര്യത്തില്‍. ചീത്തപ്പേരുണ്ടാക്കുന്നതും ഭാവിയില്‍ സ്വന്തം ജീവിതം തകര്‍ക്കുന്നതുമായ ഒട്ടേറെ അപകടങ്ങളില്‍ ചെന്നുചാടാനുള്ള സാധ്യതകള്‍ കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കു മുന്നിലുണ്ടെന്ന യാഥാര്‍ഥ്യം മാതാപിതാക്കാള്‍ മറന്നുപോകുകയാണ്.
ഹൈസ്‌കൂള്‍ പ്രായത്തില്‍ എത്തുമ്പോഴേക്കും ആണ്‍കുട്ടികള്‍ക്ക് കണക്കിലധികം സ്വാതന്ത്ര്യം വകവെച്ചു കിട്ടുന്നുണ്ട്. മലബാറിലെ കുടുംബങ്ങളില്‍ ഇതു കൂടുതലാണ്. പിതാവ് വീട്ടിലില്ലാത്ത പ്രവാസി കുടുംബങ്ങളില്‍ മിക്കവാറും പതിമൂന്നു വയസ്സോടെ ആണ്‍കുട്ടികളുടെ മേലുള്ള പിടുത്തം വിട്ടുപോകുന്നു. സന്ധ്യ പിന്നിട്ടാലും അവര്‍ കൂടണയാറില്ല. അവര്‍ ആരോടൊക്കെ കൂട്ടുകൂടുന്നു, ബന്ധപ്പെടുന്നു, ചങ്ങാത്തം സ്ഥാപിക്കുന്നു എന്നൊന്നും വീട്ടുകാര്‍ അന്വേഷിക്കുന്നില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ മുതിര്‍ന്ന യുവാക്കളുമായി ചങ്ങാത്തം കൂടുമ്പോള്‍ പോലും വീട്ടുകാര്‍ അതില്‍ അസ്വാഭാവികത കാണാറില്ല. വീട്ടില്‍ പല സഹായങ്ങളുമായി, സ്‌നേഹം നടിച്ചു അടുത്തുകൂടുന്ന മുതിര്‍ന്നവര്‍ ഈ കുട്ടികളെ എങ്ങോട്ടു കൂട്ടിക്കൊണ്ടുപോയാലും, അവരോടൊപ്പം രാത്രികാലങ്ങള്‍ ചെലവഴിച്ചാല്‍ പോലും സംശയിക്കാത്ത അമ്മമാര്‍ പിന്നീട്, അവരില്‍ സ്വഭാവ വൈകൃതങ്ങള്‍ ഉറച്ചു കഴിഞ്ഞ ശേഷം കരഞ്ഞതു കൊണ്ടു കാര്യമുണ്ടോ?
കൗമാര പ്രായക്കാരായ ആണ്‍കുട്ടികളുടെ കൈയില്‍ പണം വന്നു ചേരുമ്പോള്‍, അതിന്റെ വഴിയേതെന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചു ഉറപ്പുവരുത്താറില്ല. കുടുംബത്തില്‍ പ്രാരാബ്‌ധമൊന്നുമില്ലാത്ത കുട്ടികള്‍ ചെറുപ്രായത്തില്‍ തൊഴിലെടുക്കാന്‍ താല്‌പര്യം കാണിക്കുമ്പോള്‍, പണം നേടാന്‍ വ്യഗ്രത കാട്ടുമ്പോള്‍, അവരെ സൂക്ഷ്‌മമായി നിരീക്ഷിക്കാറില്ല. സ്രോതസ്സ് എന്തെന്നന്വേഷിക്കാതെ കുട്ടികള്‍ കൊണ്ടുവരുന്ന പണത്തില്‍ നിങ്ങളും പങ്കുപറ്റുകയാണെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് അവരെ ശാസിക്കാനുള്ള അര്‍ഹത നഷ്‌ടപ്പെടുമെന്ന് മറക്കേണ്ട.
ബാലപീഡനങ്ങളെക്കുറിച്ച് രാജ്യത്ത് നടന്നിട്ടുള്ള പഠനങ്ങളിലെല്ലാം, പെണ്‍കുട്ടികളെ പോലെയോ അതില്‍ കൂടുതലോ ആണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളാലും അയല്‍ക്കാരാലും അധ്യാപകരാലുമൊക്കെ പീഡനത്തിനിരയാകുന്ന ആണ്‍കുട്ടികള്‍ സാമൂഹ്യ വിരുദ്ധരോ പലതരം മനോവൈകല്യങ്ങളുടെ ഉടമകളോ ആയിമാറുന്നു. ഇത്തരം കുട്ടികള്‍ ഭാവിയില്‍ പീഡകരായും മാറിയേക്കാമെന്ന് മനശ്ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പു നല്‌കുന്നുണ്ട്.
പെണ്‍കുട്ടികള്‍ വഴിതെറ്റിക്കപ്പെടുകയും അവരുടെ ചാരിത്ര്യശുദ്ധി കളങ്കപ്പെടുകയും ചെയ്യുന്ന പോലെ പ്രധാനമാണ് ആണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതും അക്രമോത്സുകരായിത്തീരുന്നതും. പെണ്‍പീഡനത്തേക്കാള്‍ കുറേക്കൂടി സാമൂഹ്യ പ്രതിഫലനങ്ങള്‍ സൃഷ്‌ടിക്കുന്നതും ആണ്‍കുട്ടികളില്‍ വളരുന്ന അക്രമ മനോഭാവമായിരിക്കും. അതിനാല്‍, നമ്മുടെ ആണ്‍കുട്ടികളെ കുറിച്ച് ഉറക്കെ ആലോചിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണരേണ്ടിയിരിക്കുന്നു.
(Courtesy: shabab weekly)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ