ലോക്ക്ഡൗൺ അവസാനിപ്പിച്ചാലും ആരാധനാലയങ്ങളിലെ കൂടിച്ചേരലുകൾക്ക് രണ്ടുമാസത്തേക്ക് കൂടി നിരോധനം പരിഗണനയിലാണെന്ന് മന്ത്രി കെ.ടി. ജലീൽ. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റിൽച്ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക്ക്ഡൗൺ സംബന്ധിച്ച കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തീരുമാനം അറിഞ്ഞശേഷം ഇതുസംബന്ധിച്ച് മത -സാമുദായിക നേതാക്കളുടെ യോഗം ചേരും. ഇതുവരെ മതസംഘടനകളുടെ ഭാഗത്തുനിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ട്. അത് തുടരുമെന്നാണ് പ്രതീക്ഷ.
റംസാനും വിഷുവുമെല്ലാം വരാനുണ്ട്. എങ്കിലും രോഗവ്യാപനം തടയുന്നതിനായി രണ്ടുമാസത്തേക്കുകൂടി ശാരീരിക അകലം പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ അവസാനിച്ച് വിദേശത്തുനിന്നുള്ളവർ നാട്ടിലേക്കുവന്നാൽ അവരെ ഐസൊലേഷനിലാക്കാൻ ജില്ല സുസജ്ജമാണ്. നിലവിൽ ഹോട്ടലുകൾ ഉൾപ്പെടെ 15,000 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. പുറമേ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ കോളേജ് ഹോസ്റ്റലുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയും ഉപയോഗപ്പെടുത്തും.
പുതുതായി കോവിഡ് സ്ഥിരീകരിച്ച മേഖലകളിലെ ആളുകൾക്ക് ആശങ്കകൾ ഒഴിവാക്കാൻ കീഴാറ്റൂരിലേത് പോലെ റാൻഡം സാമ്പിളിങ് നടത്താൻ ആലോചനയുണ്ട്. കീഴാറ്റൂരിലെ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാക്കാനായി. കോവിഡ് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽകോളേജിൽ ഒരുക്കിയ സൗകര്യങ്ങൾ ഉടൻ പ്രവർത്തനസജ്ജമാകും. പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽകോളേജും സൗജന്യമായി പരിശോധനകൾ നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രോഗബാധിതർ ഇപ്പോൾ കാര്യങ്ങൾ മറച്ചുവെക്കാതെ കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ