ലണ്ടന്‍: ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനിലെ ആണ്‍കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ നല്‍കുന്ന പേര് മുഹമ്മദ്. 798 കുട്ടികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ മുഹമ്മദ് എന്നു പേരിട്ടത്. രണ്ടാം സ്ഥാനത്തുള്ള ഒലിവര്‍ എന്ന പേരിട്ടത് 654 കുട്ടികള്‍ക്കാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പെണ്‍കുട്ടികളുടെ പേരില്‍ അമീലിയയാണ് ഒന്നാം സ്ഥാനത്ത്. 717 കുട്ടികള്‍ക്ക് അമീലിയ എന്ന പേരു നല്‍കി. 674 പേരുമായി ഒലിവീയ രണ്ടാംസ്ഥാനത്താണ്. നേരത്തെയും മുഹമ്മദ് എന്ന പേര് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യമാണ് മുഹമ്മദ് എന്ന പേരിനു ലണ്ടനില്‍ സ്വീകാര്യത വര്‍ധിക്കാന്‍ കാരണം. എല്ലാ വര്‍ഷവും ബ്രിട്ടനിലെ നവജാതശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് വച്ച് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വേ നടത്താറുണ്ട്.
ആണ്‍കുട്ടികളുടെ പേരുകളില്‍ ഡാനിയല്‍, അലക്‌സാണ്ടര്‍, ആദം, ഡേവിഡ് തുടങ്ങിയ പേരുകള്‍ക്കും ബ്രിട്ടനില്‍ സ്വീകാര്യതയുണ്ട്. പെണ്‍കുട്ടികള്‍ക്ക് സോഫിയ, എമിലി, മായ എന്നീ പേരിടുന്നവരും ഏറെയാണ്.
അതേസമയം, കണക്കുകളെ സംബന്ധിച്ച് ഇംഗ്ലണ്ടിലും വെയില്‍സിലും പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. ഈ രണ്ടിടങ്ങളിലും ഒലിവര്‍ എന്ന പേരാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ മുഹമ്മദ് എന്ന പേര് ഇംഗ്ലീഷില്‍ പലവിധത്തില്‍ എഴുതുന്നതിനാല്‍ ഓരോന്നും വേറെ വേറെയാണ് എണ്ണത്തില്‍പ്പെടുത്തിയതെന്നും അതെല്ലാം ഒരേ ഇനത്തില്‍പ്പെടുത്തണമെന്നും സ്ഥലത്തെ അറബിക് പണ്ഡിതന്മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
(courtesy: suprabatham)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ