Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ശനിയാഴ്‌ച, ഒക്‌ടോബർ 20, 2012

ബലിദാനത്തിന്റെ പൊരുള്‍ !!

സമ്പൂര്‍ണ സമര്‍പ്പണമാണ് ഇസ്‌ലാമിന്റെ ആത്മാവ്. സ്വന്തമായുള്ള സര്‍വതും ദൈവാഭീഷ്ടത്തിനു വേണ്ടി ത്യജിക്കുമ്പോള്‍ ഒരാള്‍ മുസ്‌ലിമാകുന്നു. ഈ ത്യാഗ സന്നദ്ധതയെ അല്ലാഹു നിരന്തരം പരീക്ഷിക്കുകയും ചെയ്യും. എല്ലാ സമയത്തും അല്ലാഹു വിശ്വാസികളില്‍നിന്ന് ഓരോന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അവനേറ്റവും പ്രിയങ്കരമായതാവും അല്ലാഹുവിന് വേണ്ടത്. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ച് അല്ലാഹുവിന്റെ ആവശ്യം നിവര്‍ത്തിക്കാന്‍ തയാറാകുന്നവന്‍ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരിലൊരാളായി മാറുന്നു.
ദൈവിക ദീനിന്റെ സമാരംഭം തൊട്ടേ ഈ ബലിയനുഷ്ഠാനം ഉണ്ടായിരുന്നു. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: "സകല സമുദായത്തിനും നാം ഒരു ബലി നിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്' (അല്‍ ഹജ്ജ് 34).
ആദമി(അ)ന്റെ രണ്ടു മക്കള്‍ അല്ലാഹുവിന് ബലി നല്‍കിയ സംഭവം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇബ്രാഹിം നബി തന്നെയും മുമ്പ് പല തവണ ബലിയര്‍പ്പിച്ചിരുന്നു. പക്ഷേ, ഇസ്മാഈലിന്റെ ദാനമാണ് അദ്ദേഹത്തിന്റെ വിശ്വാസ ജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായം.
ഇബ്രാഹീമി(അ)ന്റെ ബലി അനശ്വരമാക്കുന്നത് അതിന്റെ ആത്മാര്‍ഥത കൊണ്ടാണ്. ഇസ്മാഈല്‍ ആ പിതാവിന് ഒരു മകന്‍ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വപ്ന സാഫല്യവും ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവുമായിരുന്നു. തനിക്കു ശേഷം പ്രബോധന ദൗത്യം ഏറ്റെടുക്കേണ്ടവന്‍. ജീവിതത്തിന്റെ സായംസന്ധ്യയില്‍ ആ മഹാ മനുഷ്യന് ലഭിച്ച ദിവ്യ സമ്മാനം. നീണ്ട കാത്തിരിപ്പിനു ശേഷം, തീര്‍ത്തും അപ്രതീക്ഷിതമായി കടന്നുവന്നവനാണ് ഇസ്മാഈല്‍. ഇബ്‌റാഹീമിന്റെ നിരന്തര പ്രാര്‍ഥനയുടെ ഫലം. എന്നിട്ടും ഒരു സ്വപ്ന ദര്‍ശനം കൊണ്ടു മാത്രം ആ പൊന്നോമനയെ ബലിയര്‍പ്പിക്കാന്‍ തയാറായതാണ്, സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും ആ പിതാവും പുത്രനും വികാര തീവ്രതയോടെ അനുസ്മരിക്കപ്പെടാനും ആ ബലി കര്‍മം കോടാനുകോടി വിശ്വാസികള്‍ മാതൃകയാക്കാനും കാരണം. ഇബ്‌റാഹീമിന്റെ ഈ സമ്പൂര്‍ണ സമര്‍പ്പണത്തെ "ഇസ്‌ലാം' എന്ന പദം കൊണ്ടാണ് അല്ലാഹു വിശേഷിപ്പിച്ചത്. "അങ്ങനെ ഇരുവരും സമര്‍പ്പിതരായി (മുസ്‌ലിംകളായി), ഇബ്‌റാഹീം പുത്രനെ കമിഴ്ത്തിക്കിടത്തി' (അസ്സാഫാത്ത് 103).
അക്ഷരാര്‍ഥത്തില്‍ തീയില്‍ കുരുത്തതായിരുന്നു ഇബ്‌റാഹീമിന്റെ ജീവിതം. ത്യാഗത്തിന്റെ തീച്ചൂളയിലൂടെ അല്ലാഹു അദ്ദേഹത്തെ സ്ഫുടം ചെയ്‌തെടുക്കുകയായിരുന്നു. ഓര്‍മവെച്ച നാള്‍ തൊട്ട് എല്ലാവരുമായും വിശ്വാസത്തിന്റെ പേരില്‍ ഏറ്റുമുട്ടേണ്ടിവന്ന ഇബ്‌റാഹീമിന് ഒടുവില്‍ പുത്ര സ്‌നേഹത്തോടും പൈശാചിക ദുര്‍ബോധനത്തോടും ഏറ്റുമുട്ടാന്‍ പ്രയാസമേതുമുണ്ടായില്ല.
 മകനെ അറുക്കണമെന്ന സ്വപ്ന ദര്‍ശനം മിഥ്യയാവാമല്ലോ എന്ന് ദുര്‍ബോധിപ്പിച്ച പിശാചിനെ അദ്ദേഹം ആട്ടിയോടിച്ചു. മകനോടുള്ള സ്‌നേഹവാത്സല്യങ്ങള്‍ക്കും അദ്ദേഹം മനസ്സില്‍ ഇടം നല്‍കിയില്ല. ദിവ്യബോധനം ലഭിച്ചയുടന്‍ അദ്ദേഹം മകനെ മിനാ മരുഭൂമിയിലേക്ക് നയിച്ചു. അവിടെവെച്ച് ഇരുവര്‍ക്കുമിടയില്‍ നടന്ന സംഭാഷണം അന്നേവരെ -അതിനു ശേഷവും- ലോക ചരിത്രത്തിന് കേട്ടുപരിചയമില്ലാത്തതായിരുന്നു. അല്ലാഹു തന്നെ ആ സംഭാഷണം ചിത്രീകരിക്കുന്നു: "ഇബ്‌റാഹീം അവനോട് പറയുന്നു, മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി എനിക്ക് സ്വപ്ന ദര്‍ശനമുണ്ടായിരിക്കുന്നു. ഇനി നീ പറയൂ, നിന്റെ അഭിപ്രായമെന്താണ്? മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയ പിതാവേ, അങ്ങു കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാ അല്ലാഹ്, അങ്ങേക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം' (അസ്സാഫാത്ത് 162).രക്തസാക്ഷിയാവാന്‍ സന്നദ്ധനായ ഇസ്മാഈല്‍ അവസാനമായി പറയുന്ന ഒസ്യത്ത് കേള്‍ക്കുക: "ഞാന്‍ കുതറിപ്പോവാതിരിക്കാന്‍ എന്റെ കൈകാലുകള്‍ മുറുകെ ബന്ധിക്കുക. എന്റെ ഉമ്മാക്ക് സലാം പറയുക. കത്തി നല്ലവണ്ണം അണച്ച് പെട്ടെന്ന് അറുത്താല്‍ എനിക്ക് കുറച്ചു മാത്രം വേദന സഹിച്ചാല്‍ മതിയാകും. രക്തം തെറിക്കാതിരിക്കാന്‍ താങ്കള്‍ മുണ്ട് മടക്കിക്കുത്തിയാലും. പിന്നെ താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍, എന്റെ ഉടുവസ്ത്രം ഓര്‍മക്കായി സൂക്ഷിച്ചുവെക്കാന്‍ ഉമ്മാക്ക് കൊടുക്കണം'.
പക്ഷേ, അല്ലാഹുവിന് വേണ്ടിയിരുന്നത് ആ പിതാവിന്റെ കണ്ണീരോ മകന്റെ രക്തമോ അല്ല. ഇബ്‌റാഹീമിന്റെ അര്‍പ്പണബോധവും ഇസ്മാഈലിന്റെ ത്യാഗസന്നദ്ധതയുമായിരുന്നു. ഇസ്മാഈലിന്റെ കഴുത്തില്‍ കത്തിവെക്കാനല്ല, ഇബ്‌റാഹീമിന്റെ ഇച്ഛയുടെ കണ്ഠത്തില്‍ കഠാരയാഴ്ത്താനായിരുന്നു അല്ലാഹു ഉദ്ദേശിച്ചത്. അതിനദ്ദേഹം സ്വമേധയാ തയാറായപ്പോള്‍ ഒരാടിനെ തെണ്ടം നല്‍കി ഇസ്മാഈലിനെ അല്ലാഹു മോചിപ്പിച്ചു. തന്റെ പരീക്ഷണത്തില്‍ സമ്പൂര്‍ണ വിജയം വരിച്ച ആ പ്രവാചക പുംഗവനേയും മകനേയും നാഥന്‍ അഭിനന്ദിച്ചു, അനുഗ്രഹിച്ചു: "അങ്ങനെ ഇരുവരും സമര്‍പ്പിതരായി. ഇബ്‌റാഹീം പുത്രനെ കമിഴ്ത്തിക്കിടത്തി. നാം അദ്ദേഹത്തെ വിളിച്ചു: ഓ ഇബ്‌റാഹീം, താങ്കള്‍ സ്വപ്നം സാക്ഷാത്കരിച്ചു കഴിഞ്ഞു. സുകൃതികള്‍ക്ക് നാം ഈ വിധം പ്രതിഫലം നല്‍കുന്നു. നിശ്ചയം, ഇതൊരു തുറന്ന പരീക്ഷണം തന്നെയായിരുന്നു. നാം മഹത്തായ ഒരു ബലി തെണ്ടം നല്‍കിക്കൊണ്ട് ആ ബാലനെ മോചിപ്പിച്ചു. അദ്ദേഹത്തിന്റെ സല്‍കീര്‍ത്തികള്‍ പിന്‍തലമുറകളില്‍ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്‌റാഹീമിന് സലാം. സുകൃതികള്‍ക്ക് നാം ഇങ്ങനെ പ്രതിഫലം നല്‍കുന്നു. നിശ്ചയം, അദ്ദേഹം നമ്മുടെ വിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു' (അസ്സാഫാത്ത് 111).ജാഹിലിയ്യാ അറബികള്‍ ബലിയറുത്താല്‍ ബലി മാംസം കഅ്ബക്കു മുന്നില്‍ കൂട്ടിയിടുകയും രക്തം അതിന്റെ ചുമരില്‍ പുരട്ടുകയും ചെയ്യുമായിരുന്നു. ദൈവം മാംസദാഹിയാണ്, രക്തം അവനെ പ്രസാദിപ്പിക്കും എന്ന വിശ്വാസമാണ് അതിനവരെ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ അല്ലാഹുവിന് വേണ്ടത് ബലിമൃഗത്തിന്റെ മാംസമോ രക്തമോ അല്ല. പ്രത്യുത, വിശ്വാസികളുടെ അര്‍പ്പിത മനസ്സാണ് അവനാവശ്യം എന്ന് ആടിനെ തെണ്ടം നല്‍കുന്നതിലൂടെ അല്ലാഹുവ്യക്തമാക്കുകയായിരുന്നു. വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാതാവായ മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താള്‍ എഴുതുന്നു: "ഇബ്‌റാഹീമിന്റെ ഈ ബലിദാനം സെമിറ്റിക് വര്‍ഗത്തില്‍ നടപ്പിലുണ്ടായിരുന്ന നരബലിക്ക് പൂര്‍ണ വിരാമമിട്ടു. സ്വന്തം മനസ്സും ഇച്ഛയും ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിക്കുക എന്നത് മാത്രമാണ് ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്ന ഒരേയൊരു ബലി എന്ന് ഈ സംഭവത്തിലൂടെ വ്യക്തമാക്കപ്പെടുകയും ചെയ്തു. ഈ സമര്‍പ്പണം തന്നെയാണ് ഇസ്‌ലാം' (The Meaning of Glorious Koran, Page 244).ബലിക്ക് തെരഞ്ഞെടുക്കുക വഴി ഇസ്മാഈലിനെയും അല്ലാഹു ആദരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനുപമമായ സഹന ശക്തി വിശ്വാസികള്‍ക്ക് മഹിത മാതൃകയായിട്ടാണ് ഖുര്‍ആന്‍ എടുത്തു കാണിക്കുന്നത്. തന്നെ ബലിയര്‍പ്പിക്കാന്‍ പോകുന്ന വൃദ്ധ പിതാവിനു മുന്നില്‍ ഒഴികഴിവുകള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് പകരം കത്തിക്കു കഴുത്തു കാണിക്കാന്‍ മുന്നോട്ടുവരികയായിരുന്നു ഇസ്മാഈല്‍. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്മരണയും അനശ്വരമായത്.
ബലിയുടെ കര്‍മശാസ്ത്രം

ബലി കര്‍മം ശ്രേഷ്ഠമായ ആരാധനയായി പ്രവാചകന്‍ (സ) പഠിപ്പിച്ചു. മദീനയില്‍ ജീവിച്ച പത്തു വര്‍ഷവും അവിടുന്ന് ബലി നടത്തിയിരുന്നു. സാമ്പത്തിക സുസ്ഥിതിയുള്ളവര്‍ ബലി നടത്താതിരിക്കുന്നതിനെ തിരുമേനി വെറുത്തു. "കഴിവുണ്ടായിട്ടും ബലി നടത്താത്തവന്‍ നമ്മുടെ നമസ്കാരത്തിലേക്ക് വരേണ്ടതില്ല' എന്ന പ്രവാചക വചനത്തില്‍ തന്നെ ഈ വെറുപ്പ് നിഴലിക്കുന്നുണ്ട്.
ബലി കൊടുക്കുന്നത് കാലികളെയായിരിക്കണമെന്നാണ് കര്‍മശാസ്ത്ര പണ്ഠിതന്മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്. ഒട്ടകം, മാട്, ആട് എന്നാണതിന്റെ ശ്രേഷ്ഠതാക്രമം. മൃഗങ്ങളുടെ പ്രായപരിധിയില്‍ ഭിന്നാഭിപ്രായമുണ്ട്. കോലാടിനും നെയ്യാടിനും ഒരു വയസ്സു പൂര്‍ത്തിയാകണമെന്ന് ഹനഫീ, മാലികീ പണ്ഡിതന്മാരും കോലാടിന് രണ്ട് വയസ്സ് തികയണമെന്ന് ശാഫിഈ പക്ഷക്കാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ മാടിന് രണ്ടു വയസ്സും ഒട്ടകത്തിന് അഞ്ച് വയസ്സും പൂര്‍ത്തിയായിരിക്കണം. ഒട്ടകത്തിലും മാടിലും ഏഴാള്‍ക്കു വരെ പങ്കാളികളാകാം. ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "ഞങ്ങള്‍ നബി(സ)യോടൊപ്പം ഹജ്ജ് ചെയ്തു. അപ്പോള്‍ ഒരൊട്ടകത്തെ ഏഴാള്‍ക്കു വേണ്ടിയും ഒരു പശുവിനെ ഏഴാള്‍ക്കു വേണ്ടിയും ഞങ്ങള്‍ ബലിയറുത്തു' (മുസ്‌ലിം, അഹ്മദ്).
ബലിമൃഗം വൈകല്യങ്ങളില്ലാത്തതായിരിക്കണമെന്നുണ്ട്. കണ്ണു പൊട്ടിയതോ മുടന്തുള്ളതോ പറ്റുകയില്ല. മോട്ട് കാണിക്കുന്നതും വളരെ മെലിഞ്ഞതും ആവരുത്. എന്നാല്‍ രോഗമില്ലാത്ത ബലിമൃഗത്തെ വാങ്ങിയ ശേഷം അതിന്റെ കണ്ണോ കാലോ പൊട്ടുകയോ മെലിയുകയോ ചെയ്താല്‍ അറുക്കുന്നതിന് കുഴപ്പമില്ലെന്ന് അഭിപ്രായമുണ്ട്.
ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്നും നിവേദനം ചെയ്യുന്നു. ഉര്‍വ തന്റെ സന്താനങ്ങളോട് പറയുമായിരുന്നു: "മക്കളേ. മാന്യമായ ഒരാള്‍ക്ക് പാരിതോഷികമായി നല്‍കാന്‍ ലജ്ജിക്കുന്ന തരത്തിലുള്ള ഒരൊട്ടകത്തേയും നിങ്ങള്‍ അല്ലാഹുവിന് പാരിതോഷികമായി ബലികൊടുക്കരുത്. കാരണം, അല്ലാഹു മാന്യരില്‍ മാന്യനും പ്രത്യേക പരിഗണനക്കര്‍ഹനുമാണ്' (മാലിക്).
ബലിയറുക്കേണ്ട ദിവസത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും ദുല്‍ഹജ്ജ് പത്തിനും തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും (അയ്യാമുത്തശ്‌രീഖ്) ആണ് ബലിയറുക്കേണ്ടതെന്നാണ് പൊതു അഭിപ്രായം. നഹര്‍ ദിവസവും (ദുല്‍ഹജ്ജ് 10) അയ്യാമുത്തശ്‌രീഖുമാണ് ബലി ദിവസങ്ങള്‍ എന്നാണ് ശാഫിഈ ഇമാമിന്റെ അഭിപ്രായം.
ബലി മാംസത്തില്‍നിന്നും അറുത്തവനോ വിതരണം നടത്തിയവനോ കൂലി കൊടുക്കാന്‍ പാടില്ല. എന്നാല്‍ അതില്‍നിന്നും ഒരംശം അവന് ദാനമായി കൊടുക്കാം. അലി (റ) പറയുന്നു: "നബി (സ) തന്റെ ഒട്ടകങ്ങളുടെ മേല്‍നോട്ടം വഹിക്കാനും അതിന്റെ തൊലിയും രോമങ്ങളും വീതിച്ചുകൊടുക്കാനും അറുത്തവന് അതില്‍നിന്ന് ഒന്നും കൊടുക്കരുതെന്നും എന്നോട് കല്‍പിച്ചു. തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: നമ്മുടെ കൈയില്‍നിന്ന് നാം അവന് കൂലി കൊടുക്കും'.ബലി മാംസം ബലിയറുക്കുന്നവനും ഭക്ഷിക്കാം. "അതില്‍നിന്നു ഭക്ഷിക്കുകയും ആവശ്യക്കാരായ ദരിദ്രരെ ഭക്ഷിപ്പിക്കുകയും ചെയ്യുക' എന്ന അല്ലാഹുവിന്റെ കല്‍പന പ്രത്യക്ഷത്തില്‍ തന്നെ നിര്‍ബന്ധ, ഐഛിക ബലിയുടെ മാംസത്തെ സംബന്ധിച്ചാണ് പറഞ്ഞിട്ടുള്ളത്.
ബലി നിര്‍വഹിക്കാന്‍ തീരുമാനിച്ചവര്‍ ദുല്‍ഹജ്ജ് മാസപ്പിറവി മുതല്‍ ബലി കര്‍മം നിര്‍വഹിക്കുന്നത് വരെ മുടി കളയാതിരിക്കലും നഖം വെട്ടാതിരിക്കലും സുന്നത്താണ്.

(courtesy: ഹജ്ജിന്റെ ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ,,എഴുതിയിരിക്കുന്നതു abdul latheef,,[കലിപ്പ് ])

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത