ചോദ്യം: കോട്ടുവായ ഇടുമ്പോൾ കൈ കൊണ്ട് വായ പൊത്തി പിടിക്കണമെന്നുണ്ടോ ❓ഉണ്ടെങ്കിൽ നിസ്കാരത്തിലും അങ്ങനെ ചെയ്യാമോ ❓*
ഉത്തരം:* കോട്ടുവായ സംഭവിക്കുമ്പോൾ പരമാവധി അതൊഴിവാക്കാൻ ശ്രമിക്കലും നിസ്കാരത്തിലാണെങ്കിലും ഇടത് കൈ കൊണ്ട് വായ മറക്കലും സുന്നത്താണ് (ഫത്ഹുൽ മുഈൻ 466) അബൂസഈദിൽ ഖുദ്രി (റ) റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി (സ) പറഞ്ഞു: നിങ്ങളിൽ ഒരാൾക്ക് കോട്ടുവായ ഉണ്ടാകുമ്പോൾ അവന്റെ കൈ കൊണ്ട് വായ മറച്ചു പിടിക്കട്ടെ (സ്വഹീഹ് മുസ്ലിം)
*ചോദ്യം: വൈകി എണീറ്റത് കാരണം സുബ്ഹി ഖളാആയ വ്യക്തി ഖളാആയ സുബ്ഹി നിസ്കരിച്ച ശേഷമാണ് മുമ്പുള്ള സുന്നത്ത് നിസ്കരിക്കുന്നതെങ്കിൽ സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം ഖളാആയി നിസ്കരിക്കുന്നു എന്നാണോ നിയ്യത് ചെയ്യേണ്ടത് ❓*
*ഉത്തരം:* അതെ, പ്രസ്തുത സുന്നത്ത് നിസ്കാരവും ഖളാആയിട്ടുണ്ട് ഫർള് നിസ്കാരത്തിന്റെ സമയം അവസാനിച്ചതോടെ അതിന്റെ മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്കാരങ്ങളുടെയും സമയം അവസാനിക്കുന്നതാണ് അതിനാൽ സുബ്ഹി നിസ്കാരം ഖളാആയതിനു ശേഷം അതിന്റെ മുമ്പുള്ള സുന്നത്ത് നിസ്കരിക്കുമ്പോൾ അത് സുബ്ഹി ഖളാഅ് വീട്ടുന്നതിന് മുമ്പായാലും മേഷമായാലും ഖളാഅ് എന്നു തന്നെയാണ് നിയ്യത്ത് ചെയ്യേണ്ടത് (തുഹ്ഫ: 2/ 236)
*ചോദ്യം: നാല് റക്അത്തുള്ള നിസ്കാരം അഞ്ചു റക്അത്ത് നിസ്കരിച്ചു പോയാൽ പകരം സഹ് വിന്റെ സുജൂദ് ചെയ്താൽ മതിയാകുമോ ❓*
*ഉത്തരം:* നാലു റക്അത്തുള്ള നിസ്കാരം മറന്നു കൊണ്ട് അഞ്ചു റക്അത്ത് നിസ്കരിച്ചു പോയാൽ നിസ്കാരം ബാഥിലായിട്ടില്ല പരിഹാരമായി സഹ് വിന്റെ സുജൂദ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു സഹ് വിന്റെ സൂജ് ചെയ്യൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ പേജ് 86)
*ചോദ്യം: സുബ്ഹി നിസ്കാരം ഖളാഅ് വീട്ടുമ്പോഴും ബാങ്കും ഇഖാമതും സുന്നത്തില്ലേ ❓എന്നാൽ ഖളാആയ സുബ്ഹി നിസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോൾ അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്നു പറയേണ്ടതുണ്ടോ ❓*
*ഉത്തരം:* അതെ , ഖളാആയ സുബ്ഹി നിസ്കാരം നിർവ്വഹിക്കുന്നതിനും ബാങ്കും ഇഖാമത്തും സുന്നത്തുണ്ട് ഖളാആയ സുബ്ഹിയുടെ ബാങ്കിലും അസ്സ്വലാതു ഖൈറുമ്മിനന്നൗം എന്നു പറയൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ പേജ് 99)
ചോദ്യം: നിസ്കാര സമയം ബസ്സ്, ട്രെയിൻ, പ്ലെയിൻ തുടങ്ങിയ വാഹനങ്ങളിൽ ആയാൽ എന്ത് ചെയ്യണം ❓വാഹനത്തിൽ നിന്നിറങ്ങിയതിന് ശേഷം നിസ്കരിച്ചാൽ മതിയാകുമോ ❓അങ്ങനെ ചെയ്യുന്നതിൽ കുറ്റമുണ്ടോ ❓അതോ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വെച്ച് നിസ്കരിക്കുകയാണോ വേണ്ടത് ❓
*ഉത്തരം:* ദീർഘ യാത്രയാണെങ്കിൽ 'ജംഅ് ' ചെയ്യാനുള്ള നിബന്ധനകൾ പൂർണ്ണമായിട്ടുണ്ടെങ്കിൽ ളുഹ്റും അസ്വറും ഒന്നിച്ചും മഗ്രിബും ഇശാഉം ഒന്നിച്ചും ജംഅ് ചെയ്തു നിസ്കരിക്കാമല്ലോ അപ്പോൾ ഒന്നാം നിസ്കാരത്തിന്റെ സമയം വാഹനത്തിലാണെങ്കിൽ രണ്ടാം നിസ്കാരത്തിന്റെ സമയം വാഹനത്തിൽ നിന്നിറങ്ങിയതിനു ശേഷം നിസ്കരിക്കാനാകുമെങ്കിൽ നിസ്കാരങ്ങൾ പിന്തിച്ചു ജംഅ് ചെയ്തു നിസ്കരിക്കണം
ജംഅ് ചെയ്യാവുന്ന ദീർഘ യാത്രയാണെങ്കിലും രണ്ട് നിസ്കാരങ്ങളുടെയും മുഴുവൻ സമയങ്ങളിലും വാഹനത്തിലാണ്; അല്ലെങ്കിൽ സുബ്ഹ് നിസ്കാരത്തിന്റെ സമയത്തിൽ വാഹനത്തിലാണ്; അല്ലെങ്കിൽ ഹ്രസ്വ യാത്രയാണ് എന്നാൽ വാഹനം നിശ്ചലമായിരിക്കുമ്പോൾ ഖിബ്ലയിലേക്ക് മുന്നിട്ട് റുകൂഅ്, സുജൂദ് തുടങ്ങിയ ഫർളുകളെല്ലാം പൂർണ്ണമായി നിർവ്വഹിച്ചു കൊണ്ട് വാഹനത്തിൽ വെച്ചോ വാഹനത്തിൽ നിന്നിറങ്ങിയോ നിസ്കരിക്കാനാകുമെങ്കിൽ അങ്ങനെ നിസ്കരിക്കണം ആ നിസ്കാരം മതിയാകുന്നതാണ് ആ നിസ്കാരം രണ്ടാമത് നിസ്കരിക്കേണ്ടതില്ല
വാഹനത്തിൽ നിന്നിറങ്ങിയോ വാഹനം നിശ്ചലമായിരിക്കുമ്പോഴോ നിസ്കരിക്കാൻ അവസരമില്ല; പൂർണ്ണമായും ഖിബ്ലയിലേക്ക് മുന്നിട്ട് നിസ്കരിക്കാൻ കഴിയില്ല; റുകൂഅ് സുജൂദ് അടക്കമുള്ള ഫർളുകൾ പൂർണ്ണമായി നിർവ്വഹിക്കാൻ സാധ്യമല്ല; ഇത്തരം സാഹചര്യങ്ങളിലും നിസ്കാരം ഖളാഅ് ആക്കാൻ പറ്റില്ല നിസ്കാരം ഖളാഅ് ആകുമെങ്കിലും വാഹനത്തിൽ നിന്നിറങ്ങിയിട്ട് നിസ്കരിക്കാം എന്ന് കരുതി പിന്തിക്കാൻ പാടില്ല അതിനാൽ സാധിക്കുന്നതിനനുസരിച്ച് സമയത്തിൽ തന്നെ നിസ്കരിക്കണം അത് നിർബന്ധമാണ് അങ്ങനെ കഴിവനനുസരിച്ച് സമയത്തിനുള്ളിൽ നിസ്കരിച്ചാൽ നിസ്കാരം ഖളാഅ് ആക്കിയ കുറ്റമുണ്ടാവുകയില്ല
ഇമാം റംലി (റ) എഴുതുന്നു: സഹ യാത്രികർ നഷ്ടപ്പെടുന്നത് മൂലം ഒറ്റപ്പെടൽ അനുഭവപ്പെടുക, ധന നഷ്ടം ഭയപ്പെടുക, തുടങ്ങിയ കാരണത്താൽ അതിൽ നിന്നിറങ്ങാൻ കഴിയില്ലെങ്കിൽ അത് സഞ്ചരിച്ചു കൊണ്ടിരിക്കെ തന്നെ ലക്ഷ്യ സ്ഥാനത്തേക്ക് മുന്നിട്ട് നിർബന്ധ ഘടകങ്ങൾ ആംഗ്യത്തിലൂടെ നിർവ്വഹിച്ചു കൊണ്ട് ഫർള് നിസ്കരിക്കാവുന്നതാണ് ആ നിസ്കാരം മടക്കുകയും വേണം (നിഹായ: 1/ 435 കാണുക)
ഇമാം ഇബ്നു ഹജർ (റ) എഴുതുന്നു: നടന്നു കൊണ്ടിരിക്കുന്ന മൃഗത്തിന്റെ മുകളിൽ വെച്ച് ഫർള് നിസ്കാരം പറ്റില്ല കാരണം ഫർള് നിസ്കാരത്തിൽ സഞ്ചാരമില്ലാതെ അടങ്ങൽ ശർത്വാണ് പക്ഷേ അതിൽ നിന്നിറങ്ങുന്നതിനാൽ ശരീരത്തിന്റെ കാര്യത്തിലോ സമ്പത്തിന്റെ കാര്യത്തിലോ യാത്രയിൽ ഒറ്റപ്പെടുന്നതിനെക്കുറിച്ചോ ഭയമുണ്ടെങ്കിൽ അത് സഞ്ചരിച്ചു കൊണ്ടിരിക്കെ തന്നെ അതിന്റെ മുകളിൽ വെച്ച് ആംഗ്യത്തിലൂടെ ഫർള് നിസ്കരിക്കാവുന്നതാണ് ആ നിസ്കാരം പിന്നീട് മടക്കേണ്ടതാണ് എന്നാൽ സഞ്ചരിക്കാതെ നിൽക്കുന്നതോ ഖിബ്ലയിൽ നിന്ന് തെറ്റാത്ത വിധം ഒരാൾ കടിഞ്ഞാൺ പിടിച്ചിട്ടുള്ളതോ ആയ മൃഗത്തിന്റെ മുകളിൽ വെച്ച് നിർബന്ധ ഘടകങ്ങളെല്ലാം പൂർണ്ണമായി നിർവഹിക്കാനാകുമെങ്കിൽ അതിന് മുകളിൽ വെച്ച് ഫർള് നിസ്കാരം അനുവദനീയമാണ് (ശറഹു ബാഫള്ൽ: 1/ 279)
അതിൽ നിന്നിറങ്ങാൻ കഴിയാത്തവൻ സാധിക്കുന്ന വിധം അതിൽ വെച്ച് നിസ്കരിക്കണം ആ നിസ്കാരം പിന്നീട് മടക്കേണ്ടതില്ലെന്നാണ് ഖാസി ഹുസൈൻ പറഞ്ഞിട്ടുള്ളത് ആ പറഞ്ഞത് ഖിബിലക്ക് മുന്നിടുകയും നിർബന്ധ ഘടകങ്ങളെല്ലാം പൂർണമായി നിർവഹിക്കുകയും ചെയ്ത രൂപത്തിലേക്കാണെന്ന് പറഞ്ഞേ പറ്റൂ മടക്കേണ്ടതാണെന്ന് നിരുപാധികമായി ശൈഖാനി പറഞ്ഞിട്ടുണ്ട് ഖിബിലക്ക് മുന്നിടാതെയോ നിർബന്ധ ഘടകങ്ങൾ പൂർണമായി നിർവ്വഹിക്കാതെയോ നിസ്കരിച്ച രൂപങ്ങളിലേക്ക് അതിനെ ചുമത്തപ്പെടേണ്ടതാണ് (തുഹ്ഫ: 1/ 493)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ