മലപ്പുറം: നാല് നിലകൾ, 45000 ചതുരശ്ര അടി, 7000 പേർക്ക് ഒരേ സമയം പ്രാർഥന സൗകര്യം. കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം ആരാധനാലയങ്ങളിലൊന്നാണ് നാല് ദിവസം മുമ്പ് തുറന്നുകൊടുത്ത മേൽമുറി ആലത്തൂർപ്പടി ജുമാമസ്ജിദ്.
നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി പുതുക്കിപ്പണിതത് അത്യാധുനിക സൗകര്യങ്ങളോടെയാണ്. അറേബ്യൻ, മോറിഷ്, ഇന്ത്യൻ വാസ്തുവിദ്യ ശൈലികൾ സമന്വയിപ്പിച്ചാണ് നിർമാണം. പഴയ അകത്തെ പള്ളിയും മിമ്പറും മിഹ്റാബും കൊത്തുപണികളുള്ള മേൽക്കൂരയും തൂണുകളുമെല്ലാം അതേപടി നിലനിർത്തിയാണ് പുനർനിർമാണം. താഴെനില എയർ കണ്ടീഷൻഡാണ്.
വുളു ചെയ്യാൻ ആധുനിക സൗകര്യങ്ങൾ. ഏറ്റവും മുകളിലെ രണ്ടുനിലകൾ ദർസ് വിദ്യാർഥികൾക്കാണ്. 210 വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, മെഡിക്കൽ റൂം, താമസ സൗകര്യങ്ങളുമുണ്ട്. ആയിരത്തഞ്ഞൂറോളം കുടുംബങ്ങളുള്ളതാണ് ആലത്തൂര്‍പടി മഹല്ല്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്നു.
നമസ്കാരത്തിനെത്തുന്ന പരമാവധി പേരെ ഉള്‍ക്കൊള്ളുകയെന്ന ലക്ഷ്യത്തോടെയാണ് നവീകരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 20 വർഷത്തേക്ക് ഇനി പുനർനിർമാണം ആവശ്യമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ