നാം ഏവരും അറിഞ്ഞിരിക്കേണ്ട ഒരു മനുഷ്യൻ.*
ഇന്ന് ലോകത് ഏറ്റവും കൂടുതൽ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സഊദിയിലെ ഖുർആൻ പ്രിന്റിങ് പ്രെസ്സിൽ നിന്ന് പുറത്തിറക്കുന്ന മദീനാ മുസ്ഹഫിന്റെ അക്ഷരസൗന്ദര്യം കണ്ട് അതൊരു കമ്പ്യൂട്ടർ ഫോണ്ടാണെന്ന് ധരിച്ചിരിക്കുന്നവർ ഇപ്പോഴുമുണ്ട്. എല്ലായിടങ്ങളിലും പൊതുവായി ഉപയോഗിക്കുന്ന ഈ മുസ്ഹഫിന്റെ വരികൾ ഒരു മനുഷ്യന്റെ കൈപ്പടം കൊണ്ട് എഴുതപ്പെട്ടതാണ്.
പലരും അറിയാതെപോയ അനുഗ്രഹീതനായ ഒരു മനുഷ്യൻ, ജീവിതാന്ത്യംവരെ ഖുർആനിന് വേണ്ടി സേവനം ചെയ്യാൻ അതിയായ ആഗ്രഹമുള്ള ഒരാൾ, തന്റെ അനുഗ്രഹീതമായ തൊഴിലിനെ കുറിച്ച് പറയുംമ്പോയൊക്കെ കണ്ണീർ പൊഴിക്കുന്ന തികച്ചും നിഷ്കളങ്കമായ മനസ്സിന്നുടമയായ ശൈഖ് ഉസ്മാൻ ത്വാഹയുടെ കൈപ്പടയിലൂടെയാണ് നാം ഓതികൊണ്ടിരിക്കുന്ന മുസ്ഹഫിലെ അക്ഷര സൗന്ദര്യം വിരിഞ്ഞത്.
സിറിയൻ സ്വദേശിയായ ഇദ്ദേഹം തന്റെ ബാല്യകാലത്തുതന്നെ കാലിഗ്രഫിയിൽ കൈവെച്ചു. 1970ൽ സിറിയൻ ഔഖാഫിന് വേണ്ടി ആദ്യമായി തന്റെ കൈപ്പടയിൽ വിശുദ്ധ ഖുർആൻ പൂർണ്ണമായും എഴുതി പൂർത്തിയാക്കി.
1988ൽ സിറിയയിൽ നിന്ന് സഊദിയിലെത്തിയ ഉസ്മാൻ ത്വാഹ മദീനയിലെ വിഖ്യാതമായ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രെസ്സിൽ ഖുർആൻ എഴുതുന്ന ജോലിക്ക് നിയമിതനാവുകയായിരുന്നു. പത്തിലേറെ തവണ വിവിധ ലിപികളിലായി ഖുർആൻ പകർത്തി എഴുതിയിട്ടുണ്ട്. ഒന്ന് പൂർത്തിയാക്കാൻ മൂന്ന് വർഷം എടുത്തിരുന്നു. എഴുതിയതിൽ ഏറ്റവും പ്രധാനപ്പെട്ട മുസ്ഹഫിന്റെ 200 മില്യണിലധികം കോപ്പികളാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലായി വിതരണം ചെയ്തിട്ടുള്ളത്.
എഴുതികൊണ്ടിരിക്കെ സ്വർഗത്തെ കുറിച്ചുള്ള ആയത്തുകൾ വരുമ്പോൾ ഇത് തീരാതിരുന്നെങ്കിലെന്ന് അദ്ദേഹം കൊതിച്ചു, നരകത്തെ കുറിച്ചുള്ള ആയത്തുകൾ എഴുതുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ കരങ്ങൾ വിറച്ചു. തൊഴിലിനെക്കുറിച്ച് സംസ്‌രിക്കുമ്പോയെക്കെ ഈ ദൗത്യ നിർവഹണത്തിന്ന് തന്നെ തെരഞ്ഞെടുത്ത നാഥനെ സ്തുതിക്കുകയും ഈ തൊഴിൽ മൂലം തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെയോർത്ത് പൊട്ടിക്കരയുകയും ചെയ്യാറുള്ള പച്ചയായ മനുഷ്യനാണ് ഉസ്മാൻ ത്വാഹ.
86 വയസ്സുള്ള അദ്ദേഹം ജീവിതത്തിന്റെ വലിയ ഭാഗവും ഖുർആനിനായി വിനിയോഗിച്ചു
ഈ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവന മാനിച്ചും മരണം വരെ ഖുർആന്റെ മാർഗത്തിൽ സേവന നിരതനാകാനുള്ള താല്പര്യം മുൻനിർത്തിയും കഴിഞ്ഞ വർഷം കരാർ അവസാനിക്കാനിരിക്കെ സഊദി മതകാര്യ വകുപ്പ് ശിഷ്ടകാലം ഖുർആൻ കയ്യെഴുത്തുമായി തുടരാൻ അനുവാദം നൽകുകയുണ്ടായി.
അന്ത്യനാൾ നാൾവരെ നിലനിൽക്കുന്ന അല്ലാഹുവിന്റെ കലാമിനെ തന്റെ കരങ്ങൾകൊണ്ട് അടയാളപ്പെടുത്തുകയും അത് ലോകം മുഴുവൻ സ്വീകരിക്കപ്പെടുകയും ചെയ്യുകയെന്ന ഏറ്റവും അപൂർവമായ അനുഗ്രത്തിന്നുടമയാണ് ശൈഖ് ഉസ്മാൻ ത്വാഹ. ഒരുപക്ഷേ ഏറ്റവും കൂടുതൽ പേർ പാരായണം ചെയ്ത കയ്യെഴുത്ത് ഇദ്ദേഹത്തിന്റേതായിരിക്കും.
ഇത്രയും എഴുതാനുള്ള കാരണം, രണ്ടു ദിവസം മുമ്പ് അസുഖ ബാധിതനായി അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതായി അറിയാൻ കഴിഞ്ഞു. നമുക്ക് അദ്ദേഹത്തിന്റെ ഇഹപര സൗഖ്യത്തിന്നായി പ്രാർത്ഥിക്കാം..
നാഥൻ പരിപൂർണ്ണ ശിഫ നൽകട്ടെ..ആമീൻ
[Courtesy: nasarudeen Kallai]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ