ഇക്കഴിഞ്ഞ അറഫാ ദിനത്തില്‍ മദീനാ ഹറമില്‍ വെച്ചായിരുന്നു വിഖ്യാത ഇന്ത്യന്‍ ഹദീസ് പണ്ഡിതന്‍ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയുടെ സാഹസികവും സംഭവബഹുലവുമായ ജീവിതത്തിന് തിരശ്ശീല വീണത്. ഹി. 1362/1943-ല്‍ അഅ്‌സംഗഢിലെ ഒരു പുരാതന സമ്പന്ന ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ബാങ്കെറാം എന്ന ബാലന്‍ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയായി ലോക ഇസ്ലാമിക പണ്ഡിതരുടെ മുന്‍നിരയില്‍ എത്തിച്ചേര്‍ന്നതിനെക്കുറിച്ച് 2005-ല്‍ പ്രസിദ്ധ കോളമിസ്റ്റ് ഇര്‍ഫാന്‍ സിദ്ദീഖി 'നവായെ വഖ്ത്' എന്ന ഉര്‍ദു പത്രത്തില്‍ 'ഗംഗ മുതല്‍ സംസം വരെ' എന്ന തലക്കെട്ടില്‍ എഴുതിയിരുന്നു. ഈയിടെ ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയെ മൂന്നു മണിക്കൂര്‍ ഇന്റര്‍വ്യൂ ചെയ്ത ഡോ. ലുബ്‌നാ ളഹീര്‍ ഇത് ഓര്‍ത്തെടുക്കുന്നു. താന്‍ ഉംറാ യാത്രക്കിടയില്‍ മദീനയില്‍ വെച്ച് ഈ പണ്ഡിതനുമായി സന്ധിച്ച നിമിഷങ്ങളെ ഒരു മഹാസൗഭാഗ്യമായി അവര്‍ കരുതുന്നു.
ബാങ്കെറാമിന്റെ പിതാവ് അറിയപ്പെട്ട ഹിന്ദുത്വ നേതാവും വലിയ ബിസിനസ്സുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ വ്യാപാര ശൃംഖല അഅ്‌സംഗഢ് മുതല്‍ കൊല്‍ക്കത്ത വരെ വ്യാപിച്ചിരുന്നു. അല്ലലും അലട്ടുമില്ലാതെ ആഢംബര ജീവിതം നയിച്ചിരുന്ന ബാങ്കെറാം എന്ന ഈ പുത്രന്‍ അതീവ സമര്‍ഥനും ബുദ്ധിമാനുമായി വളര്‍ന്നുവന്നു.
പ്രാഥമിക-സെക്കന്ററി വിദ്യാഭ്യാസം വീടിനടുത്തുള്ള വിദ്യാലയങ്ങളില്‍ തന്നെയായിരുന്നു. ഡിഗ്രി പഠനത്തിനായി അഅ്‌സംഗഢിലെ 'അല്ലാമാ ശിബ്‌ലി കോളേജി'ല്‍ ചേര്‍ന്നു. കൗമാരത്തില്‍ തീവ്രഹിന്ദുത്വത്തിന്റെ വക്താവുമായിരുന്നു ബാങ്കെറാം.
നല്ല വായനാശീലമുള്ള ബാങ്കെറാം പരീക്ഷ കഴിഞ്ഞ ഇടവേളയില്‍ നാട്ടിലേക്കു തിരിച്ചപ്പോള്‍ കോളേജിലെ ഒരു മുസ്ലിം സഹപാഠി ഒരു ചെറിയ പുസ്തകം വായനക്കു നല്‍കി. മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'സത്യദീന്‍' എന്ന ലഘുകൃതിയായിരുന്നു അത്, ഹിന്ദി പതിപ്പ്. അതുവായിച്ച് അത്ഭുതപ്പെട്ട യുവാവ് ഒരു ഹൈന്ദവ പണ്ഡിതനെ സമീപിച്ച് അനേകം ചോദ്യങ്ങളുന്നയിച്ചു. ഒന്നിനും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
ഇടവേള കഴിഞ്ഞ് കോളേജില്‍ തിരിച്ചെത്തിയ അദ്ദേഹം മൗദൂദി കൃതികള്‍ തെരഞ്ഞുപിടിച്ച് വായിക്കാന്‍ തുടങ്ങി. കോളേജിലെ ഒരു അധ്യാപകന്‍ നടത്തിയിരുന്ന 'ഖുര്‍ആന്‍ പഠനവേദി'യിലും ഈ വിദ്യാര്‍ഥി സ്ഥിരസാന്നിധ്യമായി. സാഹിത്യ വായനയും ഖുര്‍ആന്‍ പഠനവും യുവാവില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. വിശുദ്ധ ഖുര്‍ആന്റെ ഹിന്ദി പരിഭാഷ കിട്ടണമെന്നായി മോഹം. അങ്ങനെയാണ് ഖ്വാജാ ഹസന്‍ നിസാമിയുടെ 'പരിശുദ്ധ ഖുര്‍ആന്റെ ഹിന്ദി തര്‍ജമ' ഈ വിദ്യാര്‍ഥിയുടെ കൈയിലെത്തുന്നത്. അതു വായിച്ചപ്പോള്‍ 'ഇന്നദ്ദീന ഇന്‍ദല്ലാഹില്‍ ഇസ്ലാം' എന്ന സൂക്തത്തില്‍ കണ്ണുടക്കി നിന്നു.
കോളേജിലെ വേദഭാഷാ അധ്യാപകനെയും ഈ സന്ദര്‍ഭത്തില്‍ ബാങ്കെറാം സമീപിക്കുന്നു.
ഹിന്ദു മതത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും ഒന്നിനും തൃപ്തികരമായ മറുപടി ലഭിച്ചില്ല. അന്തഃസംഘര്‍ഷങ്ങള്‍ ഇരട്ടിച്ചു. ഈ അനുഭവങ്ങള്‍ ഇസ്ലാം ആശ്ലേഷത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായി. പക്ഷേ, പ്രശ്‌നങ്ങളുണ്ട്. തീവ്രഹിന്ദുത്വ വക്താവായ പിതാവിന്റെ പ്രതികരണമെന്തായിരിക്കും? മുസ്ലിമായ ശേഷം ഹിന്ദു കുടുംബത്തില്‍ എങ്ങനെ ജീവിക്കും? സ്വന്തം സഹോദരിമാരുടെ ഭാവി ഇരുളടഞ്ഞുപോകുമോ? പലപല ചിന്തകള്‍ മനസ്സിനെ മഥിച്ചു. അപ്പോഴും ഖുര്‍ആന്‍ പഠന വേദിയിലെ പങ്കാളിത്തം തുടര്‍ന്നു.
എല്ലാ പ്രശ്‌നങ്ങളും തൃണവല്‍ഗണിച്ച് സത്യദീന്‍ പുണരാന്‍ തന്നെ തീരുമാനിച്ചു. അതേ ഖുര്‍ആന്‍ പഠനവേദിയില്‍ വെച്ച് അതേ അധ്യാപകന്റെ കൈപിടിച്ച് ഇസ്ലാം സ്വീകരണം പ്രഖ്യാപിച്ചു. അദ്ദേഹത്തില്‍നിന്ന് ഉര്‍ദുവിലുള്ള ഏതാനും ചെറുപുസ്തകങ്ങള്‍ കൈപ്പറ്റി. ഇസ്ലാം സ്വീകരിച്ചശേഷം ആ വിവരം രഹസ്യമാക്കിവെച്ചു. തനിക്കു വല്ല ആപത്തും സംഭവിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. ഒഴിവുകിട്ടുമ്പോഴെല്ലാം ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തുകൊണ്ടിരുന്നു. നമസ്‌കാര സമയമാകുമ്പോഴൊക്കെ അതീവ രഹസ്യമായി അതു നിര്‍വഹിച്ചുകൊണ്ടിരുന്നു.
യുവാവിന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ സ്വന്തം നാട്ടിലെത്തിയപ്പോള്‍ ചില കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പെട്ടു. അതിലൊരാള്‍ പല തവണ യുവാവിനെ ഉപദേശിച്ചു. മാറ്റമില്ലെന്നു കണ്ടപ്പോള്‍ പിതാവിനെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി. ഈ ചെറുപ്പക്കാരന്റെ ജീവിതം പാഴായല്ലോ എന്നായിരുന്നു അയാളുടെ മനോഗതം. അധികം വൈകാതെ അയാള്‍ വിവരം പിതാവിനെ ധരിപ്പിച്ചു. അദ്ദേഹം കോപാന്ധനായി. യുവാവിന്റെ കൈപിടിച്ച് അഅ്‌സംഗഢ് പട്ടണത്തിലെത്തി ഒരു ജ്യോത്സ്യനെ സമീപിച്ചു. ഇയാള്‍ ഇവന് പിശാചുബാധയേറ്റിരിക്കുന്നു എന്നൊക്കെ പറഞ്ഞ് ചില തന്ത്രവിദ്യകള്‍ ഉപദേശിച്ചു.
ഇതൊന്നും ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഒരു മാറ്റവുമുാക്കിയില്ല. അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ പട്ടിണി സമരവും ഉപവാസ യജ്ഞങ്ങളുമൊക്കെ നടത്തി നോക്കി. പിന്നെ പലതരം പ്രലോഭനങ്ങളുമായി സമീപിച്ചു. ഫലമില്ലാതായപ്പോള്‍ മര്‍ദന പീഡനങ്ങള്‍ അഴിച്ചുവിട്ടു, പട്ടിണിക്കിട്ടു, തടവറയിലാക്കി. ഈ പ്രയാസങ്ങളെല്ലാം അചഞ്ചലമായ വിശ്വാസദാര്‍ഢ്യത്തോടെയും അങ്ങേയറ്റത്തെ 'തവക്കുലോ'ടെയും യുവാവ് നേരിട്ടു. കുടുംബാദികളെല്ലാം കൂടി ഒടുവില്‍ തീരുമാനിക്കുന്നത് ബാങ്കെറാമിനെ വധിച്ചുകളയാനാണ്. രക്ഷപ്പെടണമെങ്കില്‍ പഴയ മതത്തിലേക്കു തിരിച്ചു ചെല്ലണം.
യുവാവ് അപകടം മണത്തു, നാടു വിടുകയേ രക്ഷയുള്ളൂ. ഒരു പാതിരാവില്‍ തൊട്ടടുത്ത ഗ്രാമത്തിലെത്തി ഒരു പഴയ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ പാര്‍ത്തു. വീടെന്നു പറഞ്ഞാല്‍ സാക്ഷാല്‍ കാലിത്തൊഴുത്തായി ഉപയോഗിക്കുന്ന ഷെഡ്ഡ്! കാലിത്തൊഴുത്ത് തെരഞ്ഞെടുത്തത് പെട്ടെന്നാരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാനായിരുന്നു. ഒരു ദിനം അദ്ദേഹത്തിനു ലഭിച്ച വിവരം പ്രതിയോഗികള്‍ തന്നെ വധിക്കാനായി നാട്ടിന്റെ മുക്കുമൂലകള്‍ അരിച്ചുപെറുക്കി തുടങ്ങിയിരിക്കുന്നു എന്നാണ്. പ്രത്യേകിച്ച് പള്ളികള്‍, മദ്രസകൾ, ഇസ്ലാമിക് സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍.
അതിനിടെ റമദാന്‍ ആഗതമായി. നോമ്പും നമസ്‌കാരവും തഹജ്ജുദും പ്രാര്‍ഥനകളും കണ്ണീരുമൊക്കെയായി കാലിത്തൊഴുത്തില്‍ തന്നെ കഴിച്ചുകൂട്ടി! കൊലയാളി സംഘം ഈ തൊഴുത്തിലും തേടിയെത്തുമെന്ന വിവരം ലഭിച്ചപ്പോള്‍, ഒരു പാതിരാവില്‍ വേഷപ്രഛന്നനായി പുറത്തിറങ്ങി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. ഈ പദയാത്രയിലുടനീളം ഭയവും അങ്കലാപ്പുമായിരുന്നു. പ്രാര്‍ഥനയും കണ്ണുനീരും തവക്കുലും പ്രതീക്ഷയും പ്രത്യാശയുമൊക്കെ കൂട്ടിനുണ്ടായിരുന്നു. ചില സുഹൃത്തുക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തിന് രക്ഷാമാര്‍ഗം ഒരുക്കിയിരുന്നു. അവര്‍ അദ്ദേഹത്തെ ട്രെയ്‌നില്‍ കയറ്റി ഉത്തരേന്ത്യയില്‍നിന്ന് ദക്ഷിണേന്ത്യയിലെത്തിച്ചു. ഒടുവില്‍ ഈ യുവാവ് തമിഴ്‌നാട്ടിലെ ഉമറാബാദ് ജാമിഅ ദാറുസ്സലാമിന്റെ പൂമുഖത്തെത്തി.
ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി എഴുതിയ 'മൈനേ ഇസ്ലാം ക്യോം ഖുബൂല്‍ കിയാ?' എന്ന ആത്മകഥയുടെ ആദ്യഭാഗത്ത് ഇതു സംബന്ധമായി വിശദാംശങ്ങള്‍ കാണാം.
ഉമറാബാദിലെത്തിയ സിയാഉര്‍റഹ്മാനെ അധികൃതരും അധ്യാപകരും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. മതതാരതമ്യ പഠനം നടക്കുന്ന, ഇസ്ലാമിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന 'മഅ്ഹദി'ല്‍ അദ്ദേഹത്തിനു പ്രവേശനം നല്‍കി. അധ്വാനശീലനും ബുദ്ധിമാനുമായിരുന്ന ഈ യുവാവ് ഏതാനും മാസങ്ങള്‍ നീണ്ടുനിന്ന പ്രത്യേക കോഴ്‌സിലൂടെ അറബി, ഉര്‍ദു ഭാഷകളും ഇസ്ലാമിക വിജ്ഞാനീയങ്ങളെക്കുറിച്ച സാമാന്യ ധാരണയും നേടിയെടുത്തു. താമസിയാതെ ഉമറാബാദ് അറബിക് കോളേജില്‍ പ്രവേശനം ലഭിച്ചു.
7 വര്‍ഷത്തെ കോളേജ് കോഴ്‌സിലുള്ള മുഴുവന്‍ സിലബസ്സും പഠിച്ചു തീര്‍ത്തത് കേവലം 5 വര്‍ഷങ്ങള്‍കൊണ്ട്. പല ക്ലാസുകളിലും 'എക്‌സലന്‍സി'യോടെ ഡബിള്‍ പ്രമോഷനും സ്ഥാനക്കയറ്റവും! ഒടുവില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ഫൈനല്‍ പരീക്ഷയില്‍ വിജയം.
അല്ലാമാ ശൈഖ് ഹാഫിള് അബ് ദുല്‍ വാജിദ് റഹ്മാനി, അല്ലാമത്തുല്‍ അദീബ് ഗളന്‍ഫര്‍ ഹുസൈന്‍ ശാകിര്‍ നാഇത്വീ, അല്ലാമാ സയ്യിദ് അമീന്‍ ഉമരി, ശൈഖ് അബ്ദുസ്സുബ്ഹാന്‍ അഅ്‌സമി, സയ്യിദ് അബ്ദുല്‍ കബീര്‍, ശൈഖ് ളഹീറുദ്ദീന്‍ റഹ്മാന്‍, ശൈഖ് ഖലീലുര്‍റഹ്മാന്‍ അഅ്‌സമി, ശൈഖുര്‍ ബയാന്‍ ഹമ്മാദ്, ശൈഖ് ഹാഫിള് ഹഫീസുര്‍റഹ്മാന്‍ അഅ്‌സമി തുടങ്ങിയവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍.
ശിഷ്യന്റെ മിടുക്ക് കണ്ട ഗുരുനാഥന്‍ ശൈഖ് ഹഫീസുര്‍റഹ്മാന്‍ അഅ്‌സമി ഒരു ശിപാര്‍ശക്കത്തുമായി സിയാഉര്‍റഹ്മാനെ മദീനയിലെ തന്റെ ഗുരുനാഥനായ ശൈഖ് ഇബ്‌നു ബാസിന്റെ അടുത്തേക്കു പറഞ്ഞയച്ചു. അദ്ദേഹമായിരുന്നു അന്ന് മദീനാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സ്‌ലര്‍. ശിഷ്യന്റെ ശിപാര്‍ശക്കത്തു വായിച്ച ഇബ്‌നു ബാസ് അല്‍ ജാമിഅത്തുല്‍ ഇസ്ലാമിയ്യയിലെ കുല്ലിയ്യത്തുശ്ശരീഅയില്‍ സിയാഉര്‍റഹ്മാന് പ്രവേശനം നല്‍കി.
നാല് വര്‍ഷത്തെ മദീനാ യൂനിവേഴ്‌സിറ്റി പഠനശേഷം (1967-1971) മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ (ഇന്നത്തെ പേര് ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി) എം.എക്കു ചേര്‍ന്നു. 'അബൂഹുറൈറ തന്റെ നിവേദനങ്ങളുടെ വെളിച്ചത്തില്‍' (അബൂഹുറൈറ ഫി ദൗഇ മര്‍വിയ്യാത്തിഹി) എന്ന തലക്കെട്ടില്‍ ഒരു ഗവേഷണ പ്രബന്ധം എഴുതി സമര്‍പ്പിച്ച് പഠനം പൂര്‍ത്തിയാക്കി. വിഖ്യാത പണ്ഡിതനും ഫൈസല്‍ അവാര്‍ഡ് ജേതാവുമായ ഡോ. മുസ്ത്വഫല്‍ അഅ്‌സമിയായിരുന്നു പ്രബന്ധ സമര്‍പ്പണത്തിന് ഗൈഡായി വര്‍ത്തിച്ചത്. പിന്നീട് മുസ്ലിം വേള്‍ഡ് ലീഗ് ഔഫീസിലായിരുന്നു ജോലി. അവിടെ റാബിത്വ സെക്രട്ടറി ജനറലിന്റെ ഓഫീസ് മുദീര്‍ ആയിരിക്കെ ഉപരിപഠനാര്‍ഥം ഈജിപ്തിലേക്കു പോയി.
ഡോ. മുഹമ്മദ് അബൂശഹ്ബയുടെ കീഴില്‍ 'നബിയുടെ (സ) കോടതി വിധികള്‍' എന്ന വിഷയത്തില്‍ ഗവേഷണ പ്രബന്ധമെഴുതി സമര്‍പ്പിച്ച് 1979-ല്‍ ഡോക്ടറേറ്റ് നേടി.
പി.എച്ച്.ഡി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മദീനാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായി നിയമിതനായി. തന്റെ ഗുരുനാഥനായ വിഖ്യാത ഹദീസ് പണ്ഡിതന്‍ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി കുല്ലിയ്യത്തുല്‍ ഹദീസിന്റെ പ്രിന്‍സിപ്പല്‍ പദവി ഒഴിഞ്ഞപ്പോള്‍ പകരം വന്നത് ഈ ശിഷ്യനായിരുന്നു. മദീനാ യൂനിവേഴ്‌സിറ്റിയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരു പാകിസ്താനീ സുഹൃത്തിന്റെ സഹോദരീ പുത്രിയെയാണ് അദ്ദേഹം സഹധര്‍മിണിയായി സ്വീകരിച്ചത്. അവര്‍ ഹാഫിളയും എം.എക്കാരിയുമായിരുന്നു. ഇരുവരും സുഊദി പൗരത്വം നേടി മദീനയില്‍ സ്ഥിരതാമസമാക്കി. സുഊദി അറേബ്യക്കകത്തും പുറത്തും ധാരാളം വൈജ്ഞാനിക പര്യടനങ്ങളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തുകയുണ്ടായി. ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത്, ജോര്‍ദാന്‍, ആസ്‌ത്രേലിയ, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍, ബ്രിട്ടന്‍ തുടങ്ങി നിരവധി നാടുകള്‍ സന്ദര്‍ശിച്ചു.
ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി വ്യക്തിമുദ്ര പതിപ്പിച്ചത് ഗ്രന്ഥരചനയിലാണ്. ഹദീസ് വിജ്ഞാനീയങ്ങളിലായിരുന്നു കൂടുതല്‍ താല്‍പര്യമുായിരുന്നത്. ഉമറാബാദില്‍ 6-ാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്, ഉസ്താദ് സയ്യിദ് അബ്ദുല്‍ കബീര്‍ സാഹിബ് മുന്‍ത്വഖല്‍ അഖ്ബാര്‍ എന്ന ഹദീസ് ഗ്രന്ഥം പഠിപ്പിക്കുമ്പോള്‍ ഈ വിദ്യാര്‍ഥി ഒരു ചോദ്യം ചോദിച്ചിരുന്നു: ഖുര്‍ആന്‍ ഒറ്റ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടതുപോലെ, സ്വഹീഹായ ഹദീസുകളെല്ലാം കൂടി ഒറ്റപ്പുസ്തകത്തില്‍ ക്രോഡീകൃതമായിട്ടില്ലേ? അതിന് ഉസ്താദ് നല്‍കിയ മറുപടി: 'ഇല്ല; എന്നാല്‍ നീ വിചാരിച്ചാല്‍ അതു നടക്കും.' ഇതദ്ദേഹം മനസ്സില്‍ കുറിച്ചിട്ടു. അതു നടപ്പിലാക്കിയ ശേഷമാണ് ഡോ. സിയാഉര്‍റഹ്മാന്‍ രക്ഷിതാവിലേക്ക് യാത്രയായത്. ഹദീസുകളുടെ ലോകത്തെക്കുറിച്ച് 10 ബൃഹദ് ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പത്താമത്തേതാണ് എടുത്തുപറയേണ്ടത്. 'അല്‍ ജാമിഉല്‍ കാമില്‍ ഫില്‍ ഹദീസുസ്സ്വഹീഹിശ്ശാമില്‍' എന്നാണതിന്റെ പേര്. ഈ ഗ്രന്ഥമാണ് ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയുടെ മാസ്റ്റര്‍പീസ്. നബി(സ)യുടെ കാലശേഷം സ്വഹീഹും ഹസനുമായ എല്ലാ ഹദീസുകളും കൂടി ഒരൊറ്റ ഗ്രന്ഥത്തില്‍ ശേഖരിക്കപ്പെട്ടിരുന്നില്ല. അതിന്റെ സാക്ഷാല്‍ക്കാരമാണ് ഈ ഗ്രന്ഥം.
ഡോ. സിയാഉര്‍റഹ്മാന്‍ അഅ്‌സമി നീണ്ട 16 വര്‍ഷമെടുത്താണ് ഇതിന്റെ ജോലി പൂര്‍ത്തീകരിച്ചത്. അതിനായി ദിവസം 18 മണിക്കൂര്‍ വീതം ചെലവിട്ടിട്ടുണ്ട്, രാപ്പകല്‍ഭേദമില്ലാതെ. വീട്ടുകാരുടെ നിര്‍ലോഭ സഹകരണം ലഭിച്ചത് അദ്ദേഹം നന്ദിപൂര്‍വം ഓര്‍ക്കുന്നു. പല പണ്ഡിതന്മാരും പ്രതികരിച്ചത് ഒരു യൂനിവേഴ്‌സിറ്റിയും ചെയ്യാത്ത, പണ്ഡിത വേദികള്‍ക്കൊന്നും കഴിയാത്ത കാര്യമാണ് ഒരു മനുഷ്യന്‍ ഒറ്റക്കു സാധിച്ചെടുത്തത് എന്നാണ്. യാത്രകളും സന്ദര്‍ശനങ്ങളും മീറ്റിംഗുകളുമൊക്കെ നിര്‍ത്തിവെച്ചിട്ടാണിത് ചെയ്തുതീര്‍ത്തത് എന്ന് അദ്ദേഹം പറയുന്നു. റിട്ടയര്‍മെന്റിനു ശേഷമാണ് ഈ ജോലിയില്‍ വ്യാപൃതനായത്. ആദ്യം 12 വാള്യങ്ങളായിട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. പുനഃപരിശോധന നടത്തിയ ശേഷം 18 വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. ഒരു രിയാല്‍ പോലും അദ്ദേഹം അതിനു വിലയിട്ടില്ല, പ്രസാധനാവകാശം സ്വന്തമാക്കിയുമില്ല. വിശുദ്ധ ഖുര്‍ആന്‍ പോലെ എപ്പോഴും ആര്‍ക്കും അതു പ്രസിദ്ധീകരിക്കാം എന്നാണ് വസ്വിയ്യത്ത്. ഈ ഗ്രന്ഥം ക്രോഡീകരിക്കാന്‍ കമ്പ്യൂട്ടറിനെ ആശ്രയിച്ചിട്ടില്ല. മുഴുവനായും കൈയെഴുത്താണ്. 16,800 ഹദീസുകള്‍ ആണതില്‍ ക്രോഡീകരിച്ചത്; 6,000 ഉപശീര്‍ഷകങ്ങളില്‍. ഹദീസുകളുടെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഹദീസുകള്‍ ക്രോഡീകരിക്കാന്‍ 3 ലക്ഷം റാവികളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.
ഹിന്ദി ഭാഷയില്‍ ഇന്ത്യക്കാര്‍ക്കായി ഒരു ഖുര്‍ആന്‍ എന്‍സൈക്ലോപീഡിയയും അദ്ദേഹം പ്രസിദ്ധീകരിച്ചു. 600 വ്യത്യസ്ത വിഷയങ്ങളിലായുള്ള വിഷയാധിഷ്ഠിത വിജ്ഞാന കോശമാണത്. 10 വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പ്രഥമ സംരംഭമാണതെന്ന് പറയപ്പെടുന്നു. വടക്കേ ഇന്ത്യയിലിതിനു വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇതുവരെയായി എട്ടുതവണ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്റെ ഇംഗ്ലീഷ് പതിപ്പും ഉര്‍ദു പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.
ഇരുപതോളം ബൃഹത്തായ കൃതികള്‍ വേറെയുമുണ്ട്. ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളെക്കുറിച്ച പഠനങ്ങള്‍, ജൂത-ക്രൈസ്തവ മതങ്ങളെക്കുറിച്ച പഠനങ്ങള്‍, പല വിഷയങ്ങളിലായി അനവധി ഗവേഷണ പ്രബന്ധങ്ങള്‍, ഹദീസ് നിദാന ശാസ്ത്രത്തെക്കുറിച്ച നിരവധി പഠനങ്ങള്‍. ഇവയില്‍ പലതും ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ഹദീസ് ക്ലാസുകളുമായി സ്ഥിരസാന്നിധ്യമറിയിച്ചിരുന്നു. ബുഖാരിയും മുസ്ലിമും സവിസ്തരം ക്ലാസെടുത്ത് കഴിഞ്ഞു. അവസാനം പഠിപ്പിച്ചു കൊണ്ടിരുന്നത് അബൂദാവൂദ് എന്ന ഹദീസ് ഗ്രന്ഥമായിരുന്നു.
(Courtesy: Prabodhanm Weekly, 14-08-2020)