റിയോയിലെ ഒളിമ്പിക്‌സ് സ്റ്റേഡിയം. പതിനഞ്ചാമത്തെ പാരാലിമ്പിക് ഒളിമ്പിക്‌സ് വേദി.
t-42 കാറ്റഗറിയിലെ ഹൈജംപ് മത്സരം നടക്കുന്നു. 1.89 മീറ്റര്‍ ഉയരത്തില്‍ ക്രോസ് ബാര്‍ വച്ചു. തമിഴ്‌നാട്ടുകാരന്‍ മാരിയപ്പന്റെ മനസില്‍ ആദ്യം തന്റെ അമ്മയുടെ മുഖം ഓടിയെത്തി. പതിനഞ്ചു കൊല്ലമായി തന്റെ എല്ലാ വേദനകളും സ്വയം ഏറ്റെടുത്ത് കൂടെയുള്ള അമ്മയുടെ വാടിയ മുഖം. ആ കണ്ണുകളില്‍ പ്രതീക്ഷയുടെ ജ്വാല. പിന്നെ തന്റെ എല്ലാ വിജയത്തിനും താങ്ങായി തണലായി ഒപ്പം നില്‍ക്കുന്ന കോച്ച് സത്യനാരായണയുടെ പ്രചോദിപ്പിക്കുന്ന മുഖം. മുഴുവന്‍ ശക്തിയുമെടുത്ത് ഇടതുകാലില്‍ ആയം നല്‍കി മാരിയപ്പന്‍ ചാടി. അതിമനോഹരമായ ഒരു ഫോസ്‌ബെറി ഫ്‌ളോപ്. ആദ്യം ശിരസ,് പിന്നെ മുതുക്, അതുകഴിഞ്ഞ് അരക്കെട്ട്, ശക്തിയില്ലാത്ത വലതുകാല്‍, ഒടുവില്‍ വലതുകാലും ക്രോസ്ബാറിനു മുകളിലൂടെ അനായാസമായി കടന്നു. പാരാലിമ്പിക്‌സില്‍ 1.89 മീറ്റര്‍ ഉയരത്തില്‍ ചാടി ഒന്നാമതെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാരിയപ്പന്‍.
പാറിക്കളിക്കുന്ന ത്രിവര്‍ണപതാകയ്ക്കു കീഴെ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുമ്പോള്‍ മാരിയപ്പന്‍ അഭിമാനത്തോടെ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങി. രാജ്യം ആ യുവാവിനെ ഓര്‍ത്ത് അഭിമാനംകൊണ്ട നിമിഷം.
ശുഭചിന്തകളുടെ സാഫല്യം
തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ ഒരു ഗ്രാമത്തിലെ ഒരു നിര്‍ദ്ധന കുടുംബത്തിലെ അഞ്ചു മക്കളില്‍ ഒരാളാണ് മാരിയപ്പന്‍. പിതാവ് ഉപേക്ഷിച്ചുപോയ കുടുംബത്തെ വളരെയധികം കഷ്ടപ്പെട്ടാണ് മാരിയപ്പന്റെ അമ്മ സരോജ വളര്‍ത്തിയത്. 5 വയസുള്ളപ്പോള്‍ ഒരു ബസ് അപകടത്തിലാണ് മാരിയപ്പന് വലതു കാല്‍ നഷ്ടപ്പെട്ടത്. പക്ഷേ തോറ്റുകൊടുക്കാന്‍ അവന്‍ തയാറായിരുന്നില്ല. മറ്റുള്ളവരില്‍ നിന്നും താന്‍ ഒട്ടും വ്യത്യസ്തനല്ല എന്ന മനോഭാവമായിരുന്നു മാരിയപ്പന്. എല്ലാ കളികളിലും പങ്കെടുക്കും. വോളിബോള്‍ ആയിരുന്നു കൂടുതലിഷ്ടം. മാരിയപ്പന്റെ ശുഭവിശ്വാസവും കഴിവും ആത്മവിശ്വാസവും കണ്ട് എല്ലാവരും അവനെ പ്രോത്സാഹിപ്പിച്ചു. കര്‍ണാടക സ്റ്റേറ്റ് കോച്ചായ സത്യനാരായണയുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അവന്‍ വലിയ വിജയങ്ങള്‍ നേടാന്‍ തുടങ്ങിയത്. തനിക്കു വേണ്ട എല്ലാ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയ അദ്ദേഹത്തിന് കൂടി അഭിമാനിക്കാന്‍ ഒരു നല്ല അവസരമാണ് മാരിയപ്പന്‍ ഒരുക്കിയത്. മാരിയപ്പന്റെ മനസില്‍ ശക്തമായി നില്‍ക്കുന്ന ശുഭചിന്തകളാണ് അവനില്‍ തനിക്ക് വിശ്വാസം ഉണ്ടാക്കിയതെന്ന് സത്യനാരായണ പിന്നീട് ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട
ആസൂത്രിതമായ ലക്ഷ്യം
ഈ ലോകത്ത് ലക്ഷ്യമില്ലാതെ ഓടി നടക്കുന്നവരാണ് ഏറെയും. പലരും കഠിനമായി അധ്വാനിക്കുന്നുണ്ടെങ്കിലും എവിടെയും എത്തിപ്പെടുന്നില്ല. വ്യക്തമായ ലക്ഷ്യബോധം ഇല്ലാത്തതാണ് പരാജയത്തിന് കാരണം. ജീവിതം ഒരു നീണ്ട യാത്രയാണെന്ന് പറയാറുണ്ട്. നിരവധി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതും, എന്നാല്‍ അവയില്‍ പലതും ചെയ്തു തീര്‍ക്കാനൊരിക്കലും സമയം തികയാത്തതുമായ ഒരു യാത്ര. ഈ യാത്ര തുടങ്ങുന്നതിനു മുമ്പ് വ്യക്തമായ ഒരു പ്ലാന്‍ തയാറാക്കേണ്ടതുണ്ട്. എപ്പോള്‍, എങ്ങനെ, എത്ര അദ്ധ്വാനത്തില്‍ ലക്ഷ്യത്തിലെത്തണം എന്ന് യാത്രയ്ക്കു മുമ്പ് തീരുമാനിക്കണം. ഇങ്ങനെ പ്ലാന്‍ ചെയ്യുന്നതുകൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരാനുള്ള അദ്ധ്വാനവും സമയവും കുറയും.
ദൃശ്യവല്‍ക്കരണത്തിന്റെ പ്രസക്തി
ലക്ഷ്യം സഫലമാക്കുന്നതിനുള്ള ഒരു മാര്‍ഗം ദൃശ്യവല്‍ക്കരണമാണ്. അതായത് വേണ്ടതൊക്കെ മുന്‍കൂട്ടി ദൃശ്യവത്ക്കരിക്കണം. ലക്ഷ്യങ്ങള്‍ ദൃശ്യവത്ക്കരിക്കുകയും അതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാനുള്ള ഏറ്റവും ശക്തിയേറിയ ഉപകരണമാണ് വിഷന്‍ ബോര്‍ഡ്. സ്വപ്നങ്ങളുടെയും ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും ചിത്രങ്ങളുടെയും ഒരു പൂര്‍ണ സങ്കലനമാണ് വിഷന്‍ ബോര്‍ഡ്. നിങ്ങള്‍ എന്തായിത്തീരുമെന്നും എന്ത് നേടണമെന്നും ആരായിത്തീരണമെന്നുമുള്ള കാര്യങ്ങള്‍ ചിത്രങ്ങളാക്കി നിങ്ങളുടെ ചുറ്റും ചേര്‍ത്ത് വയ്ക്കുമ്പോള്‍ നിങ്ങളുടെ ജീവിതം ആ ചിത്രങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുയോജ്യമായി രൂപപ്പെടും. ഇതാണ് വിഷന്‍ബോര്‍ഡിന്റെ പ്രധാന തത്വം. കൂടാതെ ശുഭകരമായ ചിന്തകളാകര്‍ഷിക്കുന്ന അസാധാരണ ജീവിതം നയിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
മഹത് വ്യക്തികളില്‍ പലരും ഡയറിക്കുറിപ്പുകള്‍ പോലെയോ രഹസ്യരേഖകള്‍ പോലെയോ അവരുടെ വിഷന്‍ ബോര്‍ഡുകള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നതായി കാണാം.
ശുഭചിന്തകളോടെ ധ്യാനിക്കുക
ജീവിത ചിന്തകളെയും ലക്ഷ്യങ്ങളെയും കേന്ദ്രീകരിക്കുന്നതിന് മനസിനെ ശാന്തമാക്കേണ്ടതുണ്ട്. എല്ലാ ദിവസവും തുടര്‍ച്ചയായി ധ്യാനിക്കുകയാണ് ഉത്തമം. ധ്യാനം ആന്തരികവും ബാഹ്യവുമായ എല്ലാ തിന്മകളില്‍ നിന്നും മനസിനെ മുക്തമാക്കി അതിനെ ശാന്തമാക്കുന്നു. അത് നല്ല കാര്യങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ്.
നമ്മുടെ സത്തയിലേക്കു ശാന്തമായ അവസ്ഥയില്‍ നാം നടത്തുന്ന ഒരു യാത്രയാണ് ധ്യാനം എന്നു പറയാറുണ്ട്. ഉപബോധമനസിലേക്കുള്ള രാജപാതയുമാണ് അത്. ധ്യാനം പരിശീലിക്കണമെങ്കില്‍ മനസിനെ നിയന്ത്രിക്കാന്‍ കഴിയണം. ഓരോ നിമിഷത്തിലും ലഭിക്കുന്ന സുഖത്തിലേക്കു പോകാനും വേദനകളൊഴിവാക്കാനുമുള്ള സഹജമായ സ്വഭാവം മനസിനുണ്ട്. അതിനാല്‍ ശുഭചിന്തകളുമായി മനസിന്റെ ആഴങ്ങളിലേക്ക് പോകാന്‍ ശ്രമിക്കണം. തുടക്കത്തില്‍ പ്രയാസമാണെങ്കിലും ക്രമേണ നന്മയിലേക്ക് പോകാനുള്ള കഴിവ് ലഭിക്കും.
പൂര്‍ണമനസോടെയുള്ള പ്രവര്‍ത്തനം
എങ്ങനെയാണ് മാരിയപ്പന് പാരാലിമ്പിക്‌സില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്? അതിനു പ്രചോദനമേകിയ ശക്തി ഏതായിരിക്കാം? ഒരു കാര്യം വ്യക്തമാണ്. ജീവിതത്തില്‍ നമുക്കും ഇതുപോലെ നേട്ടങ്ങളുണ്ടാക്കാം. എന്നാല്‍ അതിനു നാം പൂര്‍ണമനസോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പലരും ജീവിതത്തില്‍ പരാജയപ്പെടുന്നത് കഴിവോ ബുദ്ധിയോ ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് അവരവരുടെ മുഴുവന്‍ ഊര്‍ജവും ലക്ഷ്യപ്രാപ്തിക്കായി പൂര്‍ണമായി വിനിയോഗിക്കാത്തതുകൊണ്ടാണ്. ഉയര്‍ന്ന ജീവിതവിജയം നേടണമെന്നുള്ള ദൃഢമായ ആഗ്രഹം ഉണ്ടെങ്കില്‍ ഇതെല്ലാം സാധ്യമാകും.
മെന്റര്‍ വേണം
എനിക്ക് അതിന് കഴിയുമോ, എന്നെ ആരൊക്കെ സഹായിക്കും, എന്റെ പരിശ്രമം ഫലപ്രാപ്തിയിലെത്തുമോ എന്നിങ്ങനെയുള്ള ആശങ്കകളും സംശയങ്ങളും നിങ്ങളെ ലക്ഷ്യത്തില്‍ നിന്ന് പിന്നോക്കം വലിച്ചേക്കാം. സദാ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു നല്ല വ്യക്തി നിങ്ങളെ മുന്നോട്ടു നയിക്കും. എല്ലാവരുടെയും ജീവിതവിജയത്തിന് പിന്നില്‍ പ്രചോദനമായി ഒരാള്‍ കാണുമെന്ന് പറയാറുണ്ട്. പരിചയസമ്പന്നനും വിശ്വസ്തനുമായ ഒരു ഉപദേഷ്ടാവ്. അല്ലെങ്കില്‍ നമ്മളെ ലക്ഷ്യത്തിലേക്കു മാര്‍ഗദര്‍ശനം നല്‍കുന്ന ഒരാള്‍. അങ്ങനെ ഒരു മാര്‍ഗദര്‍ശി കൂടി ഉണ്ടെങ്കില്‍ ജീവിതത്തില്‍ നാം ആഗ്രഹിക്കുന്നവയെല്ലാം കയ്യെത്തിപ്പിടിക്കാന്‍ സാധിക്കും. അതിന് വലിയൊരു ഉദാഹരണമാണ് മാരിയപ്പന്‍. സത്യനാരായണയുടെ കൈത്തലം മാരിയപ്പന് എന്നും തുണയായിരുന്നു.
നമ്മുടെ ജീവിതം നമ്മുടെ തന്നെ സൃഷ്ടിയാണ്. നാം എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ തന്നെ ആയിത്തീരും നമ്മുടെ ജീവിതം. ശരിയായ ഒരു മെന്ററെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത് സദാ പരിശ്രമിക്കുക. നമുക്ക് അതിവേഗം ലക്ഷ്യത്തിലെത്തിച്ചേരാം.
(courtesy: Tasc smart life)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ