ലുധിയാന∙ അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വാർത്തകളുടെ ലോകത്ത് നന്മയുടെ വെളിച്ചമായി പഞ്ചാബിലെ ഒരു ഗ്രാമം. ലുധിയാന ജില്ലയിലെ ജാഗ്രൺ താലൂക്കിലുള്ള മല്ല ഗ്രാമത്തിലെ ഏക മുസ്ലിം കുടുംബത്തിനു പള്ളി പണിയാൻ സഹായിച്ച് സിഖുകാരും ഹിന്ദുക്കളും. സാഹോദര്യത്തിന്റെയും മതേതരത്വത്തിന്റെയും അവിസ്മരണീയമായ ഉദാഹരണമായി ഇതിലൂടെ ഈ ഗ്രാമം മാറുന്നു.
ഗ്രാമത്തിലെ ആകെ ജനസംഖ്യ അയ്യായിരത്തോളം. അതിൽ 90% സിഖുകാർ, 9% ഹിന്ദുക്കൾ, ഒരു മുസ്ലിം കുടുംബവും. കെട്ടിടം തകർന്നതിനെ തുടർന്ന് 1947ൽ പള്ളി അടച്ചിടുകയായിരുന്നു. ലുധിയാനയിലെ മജ്ലിസ് അഹ്റാർ ഇസ്ലാം ഹിന്ദ് പാർട്ടിയാണ് ഈ പള്ളി കണ്ടെത്തിയത്. തുടർന്ന് ലുധിയാന ജമാ മസ്ജിദിലെ ഇമാം മൗലാന ഹബീബുർ റഹ്മാന് സാനി ലുധിനാവിയുമായി ബന്ധപ്പെട്ടു.
തുടർന്ന് ആറുമാസങ്ങൾക്കുമുൻപ് ഇമാം ഗ്രാമവാസികളെ സമീപിച്ചു. സന്തോഷത്തോടെ അവർ പ്രതികരിച്ചു. സാമ്പത്തികമായി മാത്രമല്ല, പണികളിലും അവർ സഹായിച്ചു. തിങ്കളാഴ്ചയാണ് പുതുക്കിയ പള്ളി നാടിനു സമർപ്പിച്ചത്. പള്ളി തുറന്നതോടെ ഗ്രാമത്തിലെ ഏക മുസ്ലിം കുടുംബത്തിനും സമീപ ഗ്രാമങ്ങളിലെ മുസ്ലിംകള്ക്കും നിസ്കരിക്കാൻ സൗകര്യമായി. നേരത്തെ ഇവർക്ക് നിസ്കരിക്കാൻ ജാഗ്രണിലേക്കോ റായ്ക്കോട്ടിലേക്കോ പോകണമായിരുന്നു.
(courtesy:manorama)
(courtesy:manorama)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ