ന്യൂയോര്‍ക്ക്: വിമാനത്തില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മുസ്‌ലിം യുവതി. ജെറ്റ് എക്‌സ്പ്രസ് വിമാനത്തില്‍ ജോലി ചെയ്യുന്ന കാരി സ്റ്റാന്‍ലി എന്ന മുസ്‌ലിം യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലിയില്‍ വിവേചനം കാണിച്ചെന്ന് വ്യക്തമാക്കി അറ്റ്‌ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിക്കെതിരെ യുവതി എംബ്ലോയ്‌മെന്റ് ഓപ്പര്‍ച്യൂനിറ്റി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തന്റെ വിശ്വാസത്തിന് എതിരായത് കൊണ്ടാണ് മദ്യം വിളമ്പാതിരുന്നതെന്ന് കാരി സ്റ്റാന്‍ലി പരാതിയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് സ്റ്റാന്‍ലി ജോലിയില്‍ പ്രവേശിക്കുന്നത്. ഇസ്‌ലാം മതം സ്വീകരിക്കുന്നത് കഴിഞ്ഞ വര്‍ഷവും. മദ്യം വിളമ്പുന്നത് തന്റെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് പിന്നീടാണ് അറിയുന്നതെന്നും യുവതി പറയുന്നു. കഴിഞ്ഞ ജൂണില്‍ തന്നെ മദ്യം വിളമ്പാന്‍ മറ്റു ജോലിക്കാരെ ഏര്‍പ്പെടുത്തണമെന്ന് സൂപ്പര്‍വൈസറോട് ആവശ്യപ്പെട്ടിരുന്നതായി യുവതി വ്യക്തമാക്കുന്നു. സഹപ്രവര്‍ത്തകന്റെ പരാതിയെതുടര്‍ന്നാണ് കാരിക്കെതിരെ അധികൃതര്‍ നടപടിയെടുത്തത്. സ്റ്റാന്‍ലി ശിരോവസ്ത്രം ധരിക്കുന്നതിനെക്കുറിച്ചും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം സ്റ്റാന്‍ലിയുടെ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ വിമാന അധികൃതര്‍ തയ്യാറായില്ല.
courtesy; (chandrikadaily.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ