സദഖ (ദാനധർമം)യെന്നും സകാത്തെ (നിർബന്ധ ദാനധർമം)ന്നും കേൾക്കുമ്പോൾ ആ പഴയ സംഭവം ഉടൻ മനസിൽ പോസ്റ്റ് ചെയ്യപ്പെടും. പെട്ടെന്നൊന്നും ഡിലീറ്റാകാത്ത, ന്യൂ ജനറേഷൻ സിനിമ പോലെ കഥ കേൾക്കുമ്പോൾ നനുനനുത്ത ചിരി ഉൗറി വരികയും എന്നാൽ പിന്നീട് ആലോചിക്കുമ്പോൾ സഹതാപം തോന്നുകയും ചെയ്യുന്ന ഒരു സംഭവം. ഒരു റമസാനാണ് അത് നടന്നത്. നാട്ടിലെ സമ്പന്നരിലൊരാൾ എല്ലാ റമസാനും പാവങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യുമായിരുന്നു. അത് പക്ഷേ, ഒരു കൈ നൽകുമ്പോൾ മറുകൈ അറിയരുതെന്ന വേദവാക്യം അനുസരിച്ചല്ല, വൻ പബ്ളിസിറ്റി നൽകി തന്നെ. നോമ്പിന്റെ പതിനേഴാം രാത്രി അയാളുടെ വലിയ വീടിന് മുൻപിൽ സമ്മേളനത്തിനെന്ന പോലെ ആളുകൾ തടിച്ചുകൂടും. മൈലുകൾക്കപ്പുറത്ത് നിന്നെത്തുന്നവർ തലേന്ന് രാത്രി തന്നെ ചുറ്റുവട്ടത്ത് തമ്പടിക്കും. ഇതിൽ അർഹരും അനർഹരുമുണ്ട്. ഇത് കണ്ട് അയാൾ അഹംഭാവത്തോടെ ചിരിച്ചു. പരിചിതരായവർക്ക് കൂടുതൽ കാശും അപരിചിതർക്ക് (അവർ നിർധനരാണെങ്കിൽ പോലും) ചെറിയ തുകയും. അതായിരുന്നു വിതരണത്തിന് സ്വീകരിച്ച മാനദണ്ഡം. ഒാരോ റമസാനിലും സകാത്ത് സ്വന്തമാക്കാനെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ഒരു റമസാന് പണം വിതരണം ചെയ്യുമ്പോൾ കശപിശയായി; അടിപിടിയിലെത്തി. അക്രമാസക്തമായ ആൾക്കൂട്ടം അയാളുടെ വീടിന് നേരെ കല്ലെറിഞ്ഞു. വൻ നാശനഷ്ടം നേരിട്ടു. അതോടെ ആണ്ടുനേർച്ച പോലെ കൊണ്ടാടിയിരുന്ന ചക്കാത്ത് പരിപാടി സമ്പന്നൻ ഉപേക്ഷിച്ചു.
മറ്റുള്ളളരെ കാണിക്കാൻ മതവിധികൾ അനുസരിക്കാതെ ഇത്തരത്തിൽ ഒാരോരോ കോപ്രായം കാട്ടിക്കൂട്ടി കിട്ടേണ്ടിയിരുന്ന പുണ്യങ്ങളെ പുറംകാൽകൊണ്ട് ചവിട്ടിയകറ്റുന്നവർക്ക് മുന്നിലേക്കാണ് സൗദിയിലേയും യുഎഇയിലേയും ഇൗ രണ്ട് സമ്പന്നർ പ്രകാശജ്വാലകളായി എത്തുന്നത്. വലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനും അബ്ദുല്ല അഹ്മദ് അൽ ഗുറൈറും!
എന്തുണ്ടായിട്ടെന്താ കെടക്കുന്ന കെടപ്പ് കണ്ടില്ലേ എന്ന്, ഒന്നിലേറെ പ്രാവശ്യം ഹജ് ചെയ്തയാളെന്ന ഖ്യാതിയുള്ള ധനാഢ്യനെ പള്ളിപ്പറമ്പിൽ അടക്കം ചെയ്ത് മടങ്ങുമ്പോൾ മനസിലെങ്കിലും പറയാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ആളാകുമ്പോൾ. മകളുടെ വിവാഹം നടത്താൻ, അല്ലെങ്കിൽ രോഗ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മറ്റെല്ലാ വഴിയുമടയുമ്പോൾ വിൽപനയ്ക്ക് വയ്ക്കുന്ന, ചെറ്റക്കുടിലിരിക്കുന്ന പത്ത് സെന്റ് ഭൂമി പോലും ചുളു വിലയ്ക്ക് തട്ടിയെടുത്തതടക്കം നാട്ടുപ്രദേശത്തിന്റെ മൃഗീയഭാഗവും കണ്ണിച്ചോരയില്ലാതെ സ്വന്തമാക്കിയ ഭൂവുടമയ്ക്കും അവസാനം തിരിച്ചുപോകുമ്പോൾ വേണ്ടത് ആറടി മണ്ണ് മാത്രം.
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒട്ടകത്തിന്റെ സകാത്ത് കൊടുക്കാതിരുന്നാൽ അന്ത്യദിവസം ആ ഒട്ടകം അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ട് വരും. ആ ഒട്ടകത്തിന്റെ ജീവിതത്തിൽ കഴിഞ്ഞ ദശകങ്ങളിൽ ഏറ്റവും നല്ല ദശകത്തിലെ രൂപം പൂണ്ട നിലയ്ക്കാണ് വരിക. എന്നിട്ട് തന്റെ കുളമ്പുകൾ കൊണ്ട് അവനെ അത് ചവിട്ടിക്കൊണ്ടിരിക്കും. ആടിന്റെ സകാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം ആ ആട് അതിന്റെ ഉടമസ്ഥന്റെ പുറത്ത് കയറിക്കൊണ്ടുവരും. ആ ആടിന്റെ ജീവിതത്തിന്റെ കഴിഞ്ഞ ദശകങ്ങളിൽ ഏറ്റവും നല്ല ദശകത്തിലെ രൂപം പൂണ്ട നിലയ്ക്കാണ് അത് വരിക. ആട് അതിന്റെ കുളമ്പുകൾകൊണ്ട് അവനെ ചവിട്ടിക്കൊണ്ടിരിക്കുകയും കൊമ്പുകൾക്കൊണ്ട് കുത്തുകയും ചെയ്യും. ആടുകൾ വെള്ളം കുടിക്കാൻ ചെല്ലുന്ന ജലാശയങ്ങൾക്കടുത്ത് വച്ച് അവയെ കറന്നെടുക്കേണ്ടതും ആ ആടുകളിലുള്ള ബാധ്യതയിൽപ്പെടുന്നതാണ്. നിങ്ങളിൽ ഒരാളും പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്ടിരിക്കുന്ന ഒരു ആടിനെ ചുമലിൽ വഹിച്ചു കൊണ്ടു വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസരം ഉണ്ടാവരുത്. അപ്പോൾ ഞാൻ പറയും. നിനക്ക് യാതൊരു സഹായവും ചെയ്യാനുള്ള കഴിവ് എനിക്കില്ല. അല്ലാഹു എന്നെ ഭാരമേൽപ്പിച്ചിരുന്ന സന്ദേശങ്ങൾ ഞാൻ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മനുഷ്യൻ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലിൽ ചുമന്നുകൊണ്ട് വരും. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാൻ പറയും: നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്ന് യാതൊന്നും ഞാൻ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേൽപ്പിച്ചിരുന്നത് ഞാൻ നിങ്ങളെ അറിയിച്ചു കഴിഞ്ഞു. (ബുഖാരി. 2. 24. 485)
സമ്പൂർണ സാമ്പത്തിക സമത്വമെന്നത് ഇന്നത്തെ കാലത്ത് തീർത്തും അപ്രായോഗിക കാര്യമാണ്. ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ലുമാണ് സകാത്ത്. മാനവരാശി നാളിതുവരെ കണ്ട ഏറ്റവും പ്രായോഗിക സാമ്പത്തിക പദ്ധതി. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരുടേതടക്കം വിവിധങ്ങളായ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനം കൂടിയാണത്. ദരിദ്രര്‍ക്കും സമ്പന്നര്‍ക്കുമിടയിലുള്ള വിടവും വ്യത്യാസവും പരമാവധി കുറച്ചു കൊണ്ടുവരാനുള്ള ഉപാധിയായി മതം മുന്നോട്ടു വച്ച പ്രധാന പദ്ധതി. പണക്കാരനെ വീണ്ടും പണക്കാരനാക്കുകയും ദരിദ്രനെ പിന്നെയും ദരിദ്ര നാക്കുകയും ചെയ്യുന്ന ആധുനിക സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇസ്‌ലാമിക സകാത്ത് സമ്പ്രദായം ഒരു പാഠമാണ്; അത്, അതിന്റേതായ ചിട്ടവട്ടങ്ങളിൽ നടപ്പിലാക്കുമ്പോൾ.
ദാരിദ്ര്യം ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ മാത്രം ദുരവസ്ഥയല്ല. ലോകത്ത് എണ്ണ കയറ്റുമതിയിൽ രണ്ടാം സ്ഥാനക്കാരായ സൗദിയിൽ പോലും സ്വദേശികളുടെ ഇടയിൽ ദരിദ്രരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പണക്കാരനും ദരിദ്രനും തമ്മിലുള്ള ഇൗ വിടവ് നികത്താൻ യുഎഇ അടക്കമുള്ള അറബ് രാജ്യങ്ങൾ വലിയ ശ്രമം നടക്കുന്നതായി കാണാം. ലോകത്തെ ദരിദ്ര രാജ്യങ്ങളിലേയ്ക്ക് പ്രതിവർഷം കോടികളുടെ സഹായമാണ് യുഎഇ ചെയ്യുന്നത്. ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളും അടുത്ത കാലത്ത് ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്. പാവപ്പെട്ട കുട്ടികളുടെ പഠനത്തിന് ഉപകരണങ്ങളും വസ്ത്രവുമടക്കം വൻ തോതിൽ യുഎഇ എത്തിച്ചുകൊടുത്തു. ഏത് രാജ്യമാണെന്നോ, ആര് ഭരിക്കുന്നുവെന്നതോ ഇവിടെ പ്രശ്നമല്ല. ബലി പെരുനാളിന് അറുക്കുന്ന ആടുമാടുകളുടെ മാംസം സ്വയം തിന്ന് കൊഴുക്കുകയല്ല, പാവപ്പെട്ട രാജ്യങ്ങളിലേയ്ക്ക് ടൺ കണക്കിന് കയറ്റിയയക്കുകയാണ് സൗദി അറേബ്യ ചെയ്യുന്നത്.
നമ്മുടെ നാട്ടിലേത് പോലുള്ള ഭിക്ഷാടനത്തെ ശക്തമായി എതിർക്കുന്ന യുഎഇ സദഖയും സകാത്തുമൊക്കെ ശേഖരിച്ച് അർഹരെ കണ്ടെത്തി അവ അങ്ങോട്ട് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഇതിന് പള്ളികളിലും മാളുകളിലും ആളുകൾ കൂടുന്ന മറ്റു കേന്ദ്രങ്ങളിലും പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിർധനരുടെ മക്കൾക്ക് വിദ്യാഭ്യാസം, ഒരു നേരത്തെ ആഹാരം, രോഗ ചികിത്സ തുടങ്ങി പ്രത്യേകം അച്ചടിച്ച് തയ്യാറാക്കിയ കൂപ്പണുകൾ അഞ്ച് ദിർഹം മുതൽ നൽകി ആവശ്യക്കാർക്ക് സ്വന്തമാക്കാം. ദരിദ്ര രാജ്യങ്ങളിലേയ്ക്കും യുദ്ധക്കെടുതിയും ആഭ്യന്തര കലാപങ്ങളും മൂലം ഉടുതുണി പോലുമില്ലാതെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കും വസ്ത്രങ്ങളും മറ്റും ശേഖരിക്കാൻ സ്ഥാപിച്ച പ്രത്യേക പെട്ടികൾ എമിറേറ്റുകളിലെ നന്മയൂറുന്ന കാഴ്ചകളിലൊന്നാണ്.
ഇതിനിടയിലും റമസാനിലെ ഗൾഫിന്റെ ഉദാരത മുതലെടുക്കാൻ ചിലർ കഷ്ടപ്പാടിന്റെ വേഷം ധരിച്ചെത്തുന്നുണ്ട്. ഇതിൽ സ്ത്രീകളാണ് കൂടുതൽ. മുഖംമൂടിയുള്ള പർദ്ദ ധരിച്ചാൽ ആളെ തിരിച്ചറിയാൻ സാധിക്കില്ല എന്ന അനുകൂലാവസ്ഥ ഇവർ ചൂഷണം ചെയ്യുന്നു. ചില രാജ്യങ്ങളിൽ നിന്ന് സ്ത്രീകളേയും കുട്ടികളേയും കൂട്ടം കൂട്ടമായി സന്ദർശക വീസയിൽ റമസാനിൽ ഇറക്കുന്ന മാഫിയാ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നു. എന്തൊക്കെയാണെങ്കിലും മുന്നിൽ വന്ന് കൈ നീട്ടുമ്പോൾ കണ്ടില്ലെന്ന് നടിക്കാനാകില്ല എന്ന സ്വദേശികളുടെ കരുണാർദ്ര മനസ്സ് മുതലാക്കി ചിലർ ഒരൊറ്റ മാസം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുന്നു. വില കൂടിയ ഫോർവീലർ വാഹനത്തിലെത്തി ഭിക്ഷാടനം നടത്തിയിരുന്ന ഒരു സ്ത്രീയെ അടുത്തിടെ ദുബായിൽ പൊലീസ് അറസ്റ്റ് ചെയ്തു. വൻ തുകയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്! ഭിക്ഷാടന വേഷധാരികളിൽ മലയാളികളും കുറവല്ല. മൂന്നാല് വർഷങ്ങൾക്ക് മുൻപ് മലപ്പുറത്തെ ഒരു സ്ത്രീയേയും ഭിക്ഷാടനത്തിനിടെ ദുബായ് പൊലീസ് പിടികൂടിയിരുന്നു. കുറേ നാൾ ഇവർക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നു. നാട്ടിലെ ഒാരോ ആവശ്യവുമായെത്തി യാചന നടത്തുന്ന ശുഭ്രവസ്ത്രധാരികളും ഏറെ. കേരളത്തിൽ മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ചില തട്ടിപ്പു സ്ഥാപനങ്ങൾക്ക് വേണ്ടി കമ്മീഷൻ വ്യവസ്ഥയിൽ പിരിവിനെത്തുന്നവരും പതിവ് കാഴ്ചതന്നെ. ഇവരിൽ പലരും ഇവിടെ അറസ്റ്റിലായിട്ടുണ്ട്. അത് പക്ഷേ, പുറം ലോകമറിയുന്നില്ല എന്നേയുള്ളൂ. പണപ്പിരിവിന് കേളികേട്ട പ്രമുഖ സംഘടനയുടെ പ്രവർത്തകരിൽ ചിലരെ വർഷങ്ങൾക്ക് മുൻപ് യുഎഇ തലസ്ഥാനമായ അബുദാബിയിൽ പിടികൂടി നാടുകടത്തിയത് അന്ന് വാർത്തയായിരുന്നു.
റമസാനിൽ ഗൾഫ് രാഷ്ട്രങ്ങളിലെ ഇഫ്താർ ടെന്റുകൾ ഇവിടുത്തെ ഭരണാധികാരികളുടെ വിശാല മനസ്കതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. വ്യവസായ മേഖലകളിലും പള്ളിയങ്കണങ്ങളിലും റെഡ് ക്രസന്റ് സജ്ജീകരിക്കുന്ന കൂറ്റൻ കൂടാരങ്ങളിൽ ജാതിമത ഭേദമന്യേ ആർക്കും പ്രവേശിക്കാം. സ്വദേശികൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലെ പള്ളികളിലേയ്ക്ക് സ്വന്തം ഭവനങ്ങളിൽ നിന്ന് ആഹാരം ചുമന്നുകൊണ്ടുവന്ന് വിദേശികളെ സത്കരിക്കുന്ന ധനികനായ സ്വദേശികൾ റമസാനിലെ തിളക്കമാർന്ന കാഴ്ചകളാണ്. ചോറും പഴ വർഗങ്ങളും പഴച്ചാറുകളും യഥേഷ്ടം ഇവിടെ ലഭ്യമാകുന്നു. എത്രയധികം ആളുകളെത്തിയാലും ആരും നോമ്പുതുറക്കാതെ തിരിച്ചുപോകരുത് എന്ന നിഷ്കർഷയുമുണ്ട്.
സമ്പത്ത് ഒരിക്കലും മനുഷ്യന് മനസ്സമാധാനം തരില്ല. അത് ആപേക്ഷികമാണ്. സമ്പന്നനും ദരിദ്രനും ദൈവപരീക്ഷണമാണെന്ന് തിരിച്ചറിയുന്നവർ ചുരുക്കം. ബുദ്ധിമാന്മാർ ഇത് മുൻകൂട്ടി കണ്ട് നന്മയുടേയും കാരുണ്യത്തിന്റേയും പാതയിലേയ്ക്ക് പ്രവേശിക്കുന്നു. സമ്പത്ത് കൊണ്ട് ലോകത്ത് വിഖ്യാതനായ സൗദി രാജകുമാരൻ വലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് തന്റെ അളവറ്റ സ്വത്തിൽ നിന്ന് 32 ബില്യൻ യുഎസ് ഡോളറാണ് സംഭാവന ചെയ്തത്. കിങ്‍ഡം ഹോൾഡിങ് കമ്പനി എന്ന ലോകപ്രശസ്ത നിക്ഷേപക കേന്ദ്രത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഒാഫീസറായ അദ്ദേഹം സ്വന്തം പേരിലുള്ള ജീവകാരുണ്യ സംഘടന വഴി നൽകുന്ന സംഭാവനയിൽ പതിനായിരം വീടുകളും പതിനായിരം കാറുകളും ഉൾപ്പെടും. സൗദിയിലെ ദരിദ്രരായിരിക്കും ഇതിന്റെ ഗുണഭോക്താക്കൾ.
''ഇതെന്റെ അതിരുകളില്ലാത്ത പ്രതിബദ്ധതയാണ്; മനുഷ്യരാശിക്ക് വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ….''-അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
യുഎഇയിലെ അറിയപ്പെടുന്ന വ്യവസായ കുടുംബമായ അൽ ഗുറൈറിന്റെ അമരക്കാരനായ അബ്ദുല്ല അഹ്മദ് അൽ ഗുറൈറും റമസാന്റെ മാനവിക സന്ദേശം ലോകത്തിന് പകർന്നു തന്റെ സമ്പത്തിന്റെ മൂന്നിലൊരു ഭാഗം ദാനം ചെയ്യുമെന്ന് അറിയിച്ചു. ഇത് വൻ തുകയായിരിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. അബ്ദുല്ല അൽ ഗുറൈർ എജ്യുക്കേഷനൽ ഫൗണ്ടേഷൻ എന്ന പേരിൽ രൂപവത്കരിച്ച സന്നദ്ധ സംഘടന വഴി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായാണ് സമ്പത്ത് വിനിയോഗിക്കുക. ഇദ്ദേഹത്തിന്റെ തീരുമാനം മാതൃകാപരമാണെന്ന് പ്രഖ്യാപിച്ചത് മറ്റാരുമല്ല, സ്വദേശികളെ പോലെ വിദേശികളെയും സ്നേഹിക്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
സമ്പന്നർ നമ്മുടെ നാട്ടിലും യഥേഷ്ടമുണ്ട്. തലമുറകൾ തന്നെ ചുമ്മാ മൊബൈൽഫോണിൽ തലപൂഴ്ത്തിയിരുന്നാൽ പോലും മൂന്ന് നേരം മൃഷ്ടാന്നം ഭോജിക്കാനുള്ള വക എന്നേ സമ്പാദിച്ചുകൂട്ടിയവർ. സദഖ നൽകാൻ റമസാനിലെ എല്ലാ ദിവസവും പാവപ്പെട്ടവരെ തന്റെ കൊട്ടാര സദൃശമായ വീടിന് മുൻപിൽ ക്യൂ നിർത്തുന്നവർ. അയൽപക്കത്തെ പാത്തുമ്മയ്ക്ക് ആടിനേയും കോഴിയേയും കൊടുത്ത പടവുമായി പത്രമാഫീസുകളിലേയ്ക്ക് ആളെ പറഞ്ഞയക്കുന്നവർ....സദഖയും സകാത്തുമെല്ലാം ആളെ വിളിച്ചുവരുത്തി നൽകേണ്ടതല്ല. വിളിക്കാതെ വന്നാലും കണ്ണുമടച്ച് നൽകി പ്രോത്സാഹിപ്പിക്കേണ്ടതുമല്ല. അർഹർക്ക് അങ്ങോട്ട് ചെന്ന് ഇരുചെവിയറിയാതെ കൈമാറേണ്ടതാണ് അത്. ഖുർആന്റെ പാഠം അതാണ്. അത് മനസിലാകണമെങ്കിൽ ഇടയ്ക്കെങ്കിലും ഖുർആന്റെ മലയാളം പരിഭാഷ ഒന്നു വായിച്ചുനോക്കണം. നബിവചനങ്ങൾ(ഹദീസ്) ഉൾക്കൊള്ളണം. മനുഷ്യരെ സഹജീവികളായി കരുണയോടെ കാണണം. അല്ലാതെ, ഗ്രൂപ്പുകളായി വിഘടിച്ച് നിന്ന് മതം നന്നാക്കാനെന്ന പേരിൽ പരസ്പരം ചെളി വാരിയെറിയുന്നവരുടെ വാക്കുകൾ കേട്ട് അപ്പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുകയല്ല വേണ്ടത്. ഇപ്പറഞ്ഞതൊക്കെ നടന്നിരുന്നുവെങ്കിൽ ഇൗ ലോകം എന്നേ നന്നായേനെ! (മാന്യമായ രീതിയിൽ ദാനധർമം നിർവഹിക്കുന്നവരെ ആദരവോടെ സ്മരിക്കുന്നു).
സകാത്തും സദഖയും പുണ്യ കർമങ്ങളാണ്. അല്ലാതെ തന്റെ കഴിവും സമ്പത്തും കൊട്ടിഘോഷിക്കാൻവേണ്ടി നിർധനരുടെ ദയനീയാവസ്ഥ ലോകത്തെ അറിയിക്കാൻ ഇടയാക്കുന്ന പാപകർമമല്ല. പുണ്യ കർമമായി കാണാത്തവരെല്ലാം ഇൗ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് പരാമർശിച്ച, പള്ളിപ്പറമ്പിൽ നിന്ന് മടങ്ങുന്നവർ സ്വയം ഉരുവിട്ട കാര്യം ഒാർത്താൽ നന്ന്. അല്ലെങ്കിൽ:
അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍ പ്രസ്താവിച്ചു: ‘നിങ്ങളില്‍ ഏതൊരാളുടേയും നിക്ഷേപം അന്ത്യനാളില്‍ കഷണ്ടി ബാധിച്ച സര്‍പ്പമായിത്തീരും. ആ നിധിയുടെ നിക്ഷേപകന്‍ അതില്‍ നിന്ന് പേടിച്ചോടും. ആ സര്‍പ്പമാകട്ടെ അവനെ അന്വേഷിച്ച് പിന്തുടരുകയും ചെയ്യും. അവന്റെ വിരല്‍ അവസാനം അതിന്റെ വായില്‍ അകപ്പെടും’ (മുസ്നദ് അഹ്മദ്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ