മതസൌഹാര്‍ദം ഊട്ടി ഉറപ്പിക്കുവാന്‍ എന്ന രീതിയില്‍ അടുത്തിടെ ചിലയിടങ്ങളില്‍ അന്യമതസ്ഥരുടെ ആരാധനലായങ്ങള്‍ നിര്‍മ്മിക്കുവാന്‍ ചിലര്‍ മുന്നോട്ട് വരുന്നതായുള്ള വാര്‍ത്തകള്‍ കണ്ടു. പ്രത്യക്ഷത്തില്‍ ഇതിനെ പലരും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം. എന്നാല്‍ കേരളത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ആരാധനലയങ്ങള്‍ക്ക് എന്തെങ്കിലും വിധത്തില്‍ ഉള്ള ദൌര്‍ലഭ്യം ഇന്നില്ല. മറിച്ച് ആവശ്യത്തിലധികം ആണെന്നതാണ് നിലവിലുള്ള യാദാര്‍ഥ്യം. മാത്രമല്ല നിലവില്‍ ഉള്ള ആരാധനാലയങ്ങള്‍ ഇടയ്ക്കിടെ പുതുക്കി പണിതും നവീകരിച്ചും കൊണ്ടിരിക്കുന്നു. സമുദായത്തില്‍ നിന്നും സമൂഹത്തിലേക്ക് ഇറങ്ങിയ ഒരു തലമുറയുടെ പിന്മുറക്കാര്‍ സമൂഹത്തില്‍ നിന്നും സമുദായത്തിലേക്ക് പിന്‍വലിയുന്നതിനും സമുദായത്തിന്റെ “ഉന്നമന”ത്തെ പറ്റി മാത്രം സദാ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമുദായത്തിന്റെ ആസ്ഥാനമന്ദിരങ്ങളും ആരാധനാലയങ്ങളും കെട്ടിപ്പടുക്കുവാനായി ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ പക്ഷെ സമൂഹത്തിലും എന്തിനു സ്വ സമുദായത്തില്‍ തന്നെ ഉള്ളവരുമായ പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു.
ആരാധനാലയം നിര്‍മ്മിച്ചാല്‍ അതിന്റെ ചുവരുകളിലുള്‍പ്പെടെ സ്വന്തം പേര്‍ ആലേഖനം ചെയ്യുകയും കൂടാതെ മാധ്യമങ്ങളില്‍ ലഭിക്കുന്ന പ്രശസ്തിക്കും വേണ്ടിയാണ് പലരും ഈ പുതിയ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അന്യമതസ്ഥര്‍ക്കായി ആരാധനാലയം നിര്‍മ്മിക്കുന്നതിനു പകരം പൊതു ജനത്തിനു പ്രയോജനകരമാകും വിധത്തില്‍ എന്തെങ്കിലും ചെയ്യുന്നതിനെ പറ്റി ആലോചിക്കുവാന്‍ തക്ക വിവേകവും വിശാലമായ ചിന്തയും ഉണ്ടാകട്ടെ.അല്ലാത്ത പക്ഷം പൊതു സമൂഹത്തിനു ഗുണകരമല്ലാത്ത ഇത്തരം പ്രവര്‍ത്തികളെ പൊതുസമൂഹം തന്നെ നിരുത്സാഹപ്പെടുത്തിയില്ലെങ്കില്‍ ഇനി പലരും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരും. പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് കഷ്ടപ്പെടുന്നവര്‍ക്ക് ആഹാരവും,മരുന്നും, പാര്‍പ്പിടവും നല്‍കുവാനാണ്. അതിലൂടെ മതസൌഹാര്‍ദവും പരസ്പര വിശ്വാസവും സ്നേഹവും ഊട്ടി ഉറപ്പിക്കാവുന്നതേ ഉള്ളൂ. ഈ ലേഖനം പാഥേയം എന്ന ഓണ്‍ലൈന്‍ മാർച്ച് ലക്കം എഡിറ്റോറിയലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ