നമ്മുടെ നമസ്കാരത്തിന്റെ ചൈതന്യവും ഭയ ഭക്തിയും സ്വയം അളന്നുനോക്കി നമുക്ക് തന്നെ മാർക്കിട്ട് നോക്കാം. ആകെ മാർക്ക് : 10x10 = 100. ഒരു ചോദ്യത്തിന് പൂർണ്ണമായും "അതെ" എന്നാണ് ഉത്തരമെങ്കിൽ 10 മാർക്ക്. അപൂർണ്ണമാണെങ്കിൽ പത്തിൽ താഴെയുള്ള മാർക്കുകൾ നൽകുക. ഉത്തരം "ഇല്ല" എന്നാണെങ്കിൽ ഒരു മാർക്കുമില്ല.
1 ) നമസ്കാരത്തിന്റെ തുടക്കത്തിൽ തന്നെ, ഞാനിപ്പോൾ നിൽക്കുന്നത് അല്ലാഹുവിന്റെ മുന്നിലാണെന്നും, ചിലപ്പോൾ ഇത് എന്റെ അവസാനത്തെ നമസ്കാരമായിരിക്കുമെന്നും, അല്ലാഹുവിനെയല്ലാതെ ഓർക്കുന്നത് ഇനി എനിക്ക് നിഷിദ്ധമാണെന്നും ചിന്തിച്ച് കൊണ്ടാണോ തക്ബീറതുൽ ഇഹ്റാം (നിഷിദ്ധമാക്കുന്ന തക്ബീർ ) ചൊല്ലിയത് ?
2 ) നമസ്കാരത്തിന്റെ പ്രാരംഭ പ്രാർത്ഥനയായ വജ്ജഹ്ത്തു ചൊല്ലിയപ്പോൾ അതിലെ പ്രഖ്യാപനങ്ങളും, പ്രതിജ്ഞകളും മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചോ ?
3 )ഫാത്തിഹ സൂറത്ത് ഓതിയപ്പോൾ അതിലെ ഓരോ വാക്യത്തിന്റെയും അർത്ഥവും ആശയവും ഗ്രഹിക്കുവാൻ ശ്രദ്ധിച്ചുവോ ?
4) ഫാതിഹാക്ക് ശേഷമുള്ള സൂറത്തു ഓതിയപ്പോൾ അതിലെ ഓരോ ആയത്തിന്റെയും ആശയം മനസ്സിലേക്ക് കൊണ്ടുവന്നുവോ?
5 ) റുകൂഇലെ ദിക്റുകൾ മനസ്സാനിധ്യത്തോടെയാണോ ചൊല്ലിയത് ?
6) ഇഅ്തിദാലിലെ സ്തുതി കീർത്തനങ്ങൾ മനസ്സറിഞ്ഞ് കൊണ്ടാണോ ഉരുവിട്ടത് ?
7) സുജൂദുകളിലെ ദിക്റുകൾ അർത്ഥം ആലോചിച്ച് കൊണ്ടാണോ ചൊല്ലിയത് ?
8) ഞാനിപ്പോൾ അല്ലാഹുവിനോട് ഏറ്റവും അടുത്തെത്തിയിരിക്കുന്നു എന്ന് വിചാരിച്ച് ഭയഭക്തിയോടെയാണോ സുജൂദുകൾ നിർവഹിച്ചത് ?
9) രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിലെ ദുആ അർത്ഥം മനസ്സിലാക്കിയാണോ ചോദിച്ചത് ?
10 ) അത്തഹിയാത്തിലെ ദിക്റ് സ്വലാതുകളുടെയും പ്രാർത്ഥനകളുടെയും പ്രാധാന്യം അറിഞ്ഞ് കൊണ്ടാണോ ചൊല്ലിയത് ?
നൂറിൽ നൂറ് നേടാനായില്ലെങ്കിലും 40 മാർക്കെങ്കിലും നേടാൻ നമുക്കാവണം.
അല്ലാഹു അനുഗ്രഹിക്കട്ടെ.
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
" إن الرجل لينصرف وما كتب له إلا عشر صلاته تسعها ثمنها سبعها سدسها خمسها ربعها ثلثها نصفها " رواه أحمد
( ഒരാൾ നമസ്കാരം നിർവഹിക്കും. പക്ഷെ, ആകെ നമസ്ക്കാരത്തിന്റെ പത്തിലൊന്ന്, ഒമ്പതിലൊന്ന്, എട്ടിലൊന്ന്, ഏഴിലൊന്ന്, ആറിലൊന്ന്, അഞ്ചിലൊന്ന്, നാലിലൊന്ന്, മൂന്നിലൊന്ന്,പകുതി ഇപ്രകാരം മാത്രമാണ് അയാൾക്ക് രേഖപ്പെടുത്തുക )
ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു:
صلاةٌ بلا خشوعٍ، ولا حضور، كبدنٍ ميِّتٍ لا روح فيه،
( ഭയഭക്തിയും മനസ്സാന്നിധ്യവുമില്ലാത്ത നമസ്കാരം ആത്മാവില്ലാത്ത, ചത്ത ശരീരം പോലെയാണ്.)
ഇബ്നു അബ്ബാസ് (റ) പറഞ്ഞു:
ليس للعبد من صلاته إلا ما عقل منها
(ഒരു അടിമക്ക് അവന്റെ നമസ്കാരത്തിൽ അവൻ മനസ്സറിഞ്ഞ് നിർവ്വഹിച്ചതല്ലാതെ മറ്റൊന്നുമില്ല).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ