പാട്‌ന: സാമൂഹ്യജീവിതത്തിന്റെ പുത്തന്‍ മണിമുഴക്കവുമായി ബീഹാറിലെ മുസ്‌ലിംകള്‍. ഒരേ സമയം 20,000 പേര്‍ക്കിരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കുന്നതിനായി സ്ഥലം സംഭാവന നല്‍കി മതേതരത്വത്തിന്റെ വിളക്കേന്തുകയാണ് ബീഹാറിലെ മുസ്‌ലിംകള്‍.
നാമമാത്രമായ പ്രതിഫലം വാങ്ങിയാണ് ഇവര്‍ സ്ഥലം നല്‍കിയത്. ഇവരുടെ അകമഴിഞ്ഞ സഹായം ഇല്ലായിരുന്നെങ്കില്‍ ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നെന്ന് മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി ആചാര്യ കിഷോര്‍ കുനാല്‍ അറിയിച്ചു.
ക്ഷേത്രനിര്‍മ്മാണത്തിന്റെ പുരോഗതികള്‍ അന്വേഷിക്കാനും ഇവരെത്താറുണ്ട്. ബീഹാറിലെ ചംബാരന്‍ ജില്ലയിലെ ജാനകി നഗറിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 500 കോടി മുതല്‍ മുടക്കിലാണ് ക്ഷേത്ര നിര്‍മ്മാണമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലേച നിര്‍മ്മാണ കമ്പനിയാണ് ക്ഷേത്രനിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. 2500 ഫീറ്റ് നീളവും 1,296 ഫീറ്റ് വീതിയും 379 ഫീറ്റ് ഉയരമുള്ളതാണ് ക്ഷേത്രം.
ഹിന്ദുക്കള്‍ ക്ഷേത്രത്തിന് സ്ഥലം തരുന്നത് സ്വാഭാവികമാണ്. എന്നാല്‍, മുസ്‌ലിംകള്‍ അതിനു തയ്യാറാകുന്നത് അസ്വാഭാവികമാണ്. മൂന്ന് ഡസണ്‍ മുസ്‌ലിം കുടുംബങ്ങളാണ് കുറഞ്ഞ വിലക്ക് സ്ഥലം നല്‍കിയത്. മുസ്‌ലിംകള്‍ മുന്നോട്ട് വന്നില്ലായിരുന്നെങ്കില്‍ പദ്ധതി നടക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(courtesy: chandrika)