Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014

ഈ വിളക്കിന്‌ തിരി കൊടുക്കുക !! (From Facebook page)


ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക്‌ വെള്ളം കേറാറില്ലല്ലോ. തുന്നുവെച്ച കലത്തിലാണ്‌ വെള്ളം നിറയുക. അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക്‌ അത്‌ പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. നല്ല വിളക്ക്‌ അന്ധന്റെ കൈയില്‍ നല്‍കിയിട്ടെന്തു കാര്യം! അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ്‌ വിശുദ്ധ ഖുര്‍ആന്‍. പുതുമ തീരാത്ത പൂമഴയാണത്‌. വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്‌.

വിശുദ്ധഖുര്‍ആനാണ്‌ `യഥാര്‍ഥ വെളിച്ചം' എന്ന്‌ അല്ലാഹു പറയുന്നു; വെളിച്ചമാണല്ലോ സത്യം. ഇരുട്ട്‌ എന്ന്‌ നാം വിളിക്കുന്നത്‌ വെളിച്ചമില്ലാത്ത അവസ്ഥയെയാണ്‌. ഇസ്‌ലാമില്ലാത്ത കാലഘട്ടത്തെ `ജാഹിലിയ്യത്ത്‌' എന്നാണ്‌ വിളിക്കുന്നത്‌. എങ്കില്‍ ജാഹിലിയ്യത്ത്‌ അവസാനിച്ചുവോ? ഇല്ല. ഇസ്‌ലാം എവിടെയൊക്കെ എത്തിയിട്ടില്ലയോ അവിടെയൊക്കെ ബാക്കിയുള്ളത്‌ ജാഹിലിയ്യത്താണ്‌. ബിലാലിനെ `കറുത്ത പെണ്ണിന്റെ മകനേ' എന്നു വിളിച്ച സ്വഹാബിയോട്‌ ``താങ്കളിലിനിയും ജാഹിലിയ്യത്ത്‌ ബാക്കിയുണ്ടെന്ന്‌'' തിരുനബി(സ) പറഞ്ഞല്ലോ. അപ്പോള്‍ ജാഹിലിയ്യത്ത്‌ എന്നാല്‍ ഒരു കാലഘട്ടമല്ല, ഒരു സന്ദര്‍ഭമാണ്‌. ആ സന്ദര്‍ഭം എവിടെയും ഇനിയുമുണ്ടാകും, നമ്മിലുമുണ്ടാകും. ജാഹിലിയ്യത്തിന്റെ കറകള്‍ കഴുകാന്‍ ഖുര്‍ആനാണ്‌ പോംവഴി.

അനേകം വെളിച്ചങ്ങളുടെ നടുവില്‍ നില്‌ക്കുന്ന മനുഷ്യരോടാണ്‌ `യഥാര്‍ഥ വെളിച്ച'ത്തെക്കുറിച്ച്‌ അല്ലാഹു പറയുന്നത്‌. സുന്ദരമായ വസ്‌ത്രം ധരിച്ചവരോട്‌ `തഖ്‌വയുടെ വസ്‌ത്ര'ത്തെക്കുറിച്ചും അല്ലാഹു പറഞ്ഞിട്ടുണ്ട്‌. എത്ര വെളിച്ചം ചുറ്റുമുണ്ടെങ്കിലും യഥാര്‍ഥ വെളിച്ചം ഉള്ളിലില്ലെങ്കില്‍ അകത്ത്‌ ഇരുട്ട്‌ പരക്കും. വേണ്ടത്ര വസ്‌ത്രം ധരിച്ചാലും `തഖ്‌വയുടെ വസ്‌ത്രം' ഇല്ലെങ്കില്‍ മറയില്ലാത്തവരായി മാറുന്നതു പോലെ.

ഡോക്‌ടര്‍ എഴുതിത്തന്ന മരുന്നുശീട്ട്‌ നമ്മള്‍ വായിക്കാറുള്ളത്‌ എങ്ങനെയാണ്‌? ഒട്ടും ഇഷ്‌ടമില്ലാതെ, അല്ലേ? എന്നാല്‍ നമുക്ക്‌ വളരെ പ്രിയപ്പെട്ട ഒരാള്‍ എഴുതിത്തന്ന കത്ത്‌ എങ്ങനെയാണ്‌ വായിക്കാറുള്ളത്‌? ഉള്ളുനിറഞ്ഞ ഇഷ്‌ടത്തോടെ വീണ്ടും വീണ്ടും വായിക്കും. പൊന്നുപോലെ സൂക്ഷിക്കും. വായിച്ച്‌ വായിച്ച്‌ മനപ്പാഠമാക്കും. എങ്കില്‍ അങ്ങനെയാണ്‌ അല്ലാഹുവിന്റെ സന്ദേശമായ ഖുര്‍ആന്‍ വായിക്കേണ്ടത്‌; തീരാത്ത ഇഷ്‌ടത്തോടെയും അടങ്ങാത്ത ആര്‍ത്തിയോടെയും.

എങ്ങനെയായിരുന്നു സ്വഹാബികള്‍ ഖുര്‍ആന്‍ വായിച്ചിരുന്നത്‌? ഇബ്‌നുമസ്‌ഊദ്‌(റ) പറഞ്ഞുതരുന്നു: ``പ്രവാചകനില്‍ നിന്ന്‌ പത്ത്‌ ആയത്തുകള്‍ ഞങ്ങള്‍ പഠിച്ചാല്‍ അതിലെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിട്ടല്ലാതെ അതിനു ശേഷമിറങ്ങിയ ആയത്തുകള്‍ പഠിക്കാന്‍ പോയിരുന്നില്ല.'' (ബൈഹഖി-സുനനുല്‍ കുബ്‌റാ 3:170)

നമ്മോടുള്ള സ്‌നേഹം കൊണ്ടാണ്‌ പ്രിയങ്കരനായ അല്ലാഹു ഖുര്‍ആന്‍ തന്നത്‌. ഇനി അല്ലാഹുവിന്റെ സവിശേഷമായ സ്‌നേഹം ലഭിക്കുന്നവര്‍ ആരാണ്‌? തിരുനബി(സ) പറഞ്ഞു: ``ജനങ്ങളില്‍ അല്ലാഹുവിന്‌ വളരെ പ്രിയങ്കരരായ ചിലരുണ്ട്‌. ഖുര്‍ആനിന്റെ ആളുകളാണവര്‍.'' (നസാഈ-കുബ്‌റാ 80:31)

ഇബ്‌നു മസ്‌ഊദിന്റെ ശക്തമായ ഒരു താക്കീതുണ്ട്‌: ``ഖുര്‍ആന്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ ആ ഗ്രന്ഥം നമുക്ക്‌ നല്‌കിയിട്ടുള്ളത്‌. എന്നാല്‍ ആളുകള്‍ അതിന്റെ പാരായണം തന്നെ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നു. ഒരക്ഷരം പോലും തെറ്റാതെ ചിലര്‍ ഖുര്‍ആന്‍ ആദ്യാവസാനം വായിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിന്നനുസരിച്ച്‌ ജീവിക്കാന്‍ അവര്‍ മറന്നുപോവുകയും ചെയ്യുന്നു.'' (ഇഹ്‌യാഉലുമിദ്ദീന്‍ 1:275)

ഖുര്‍ആന്‍ വായിക്കാത്തവര്‍ നമ്മില്‍ കുറവാണ്‌. നിത്യവും ആ ഖുര്‍ആനിലേക്ക്‌ നമ്മള്‍ ചെല്ലുന്നുണ്ട്‌. ദീര്‍ഘനേരം ആ വചനങ്ങള്‍ക്കൊപ്പം കഴിഞ്ഞിട്ടും വെറും കൈയോടെയാണ്‌ പലരും തിരിച്ചുപോരുന്നത്‌. പര്‍വതങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാന്‍ ശക്തിയുള്ളതാണ്‌ ഖുര്‍ആനിലെ വചനങ്ങള്‍ (അല്‍ഹശ്‌ര്‍ 21). എന്നിട്ടുമെന്താണ്‌ നമ്മുടെയുള്ളില്‍ ഒരു പ്രകമ്പനവും ഇല്ലാത്തത്‌?

``ഖുര്‍ആനില്ലാത്ത ഹൃദയം ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയാണ്‌'' എന്ന്‌ തിരുനബി മുന്നറിയിപ്പ്‌ നല്‌കുന്നുണ്ട്‌ (ഹാകിം 1:554). ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ചിതലു കൂടും, മാറാല കെട്ടും, അഴുക്ക്‌ പെരുകും, ഇഴജന്തുക്കള്‍ കടന്നുകൂടും. ഖുര്‍ആനിന്റെ വെളിച്ചമെത്താത്തിടത്ത്‌ അഴുക്കും ഇരുട്ടും തങ്ങിനില്‍ക്കും.

ആറാം നൂറ്റാണ്ടും ആധുനിക നൂറ്റാണ്ടും തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയുണ്ട്‌. ലോകം ആകെ മാറിപ്പോയിട്ടുണ്ട്‌. പക്ഷെ മാറിയത്‌ മുഴുവന്‍ പുറത്താണ്‌. അകത്തെ അഴുക്കും ഇരുട്ടും വര്‍ധിക്കുക തന്നെയാണ്‌. പുറത്ത്‌ എത്ര വെളിച്ചമുണ്ടെങ്കിലും അകത്തെ വെളിച്ചമാണ്‌ പ്രധാനം. നോക്കൂ, കടുത്ത ദാരിദ്ര്യം കാരണം തിരുനബി(സ)യുടെ വീട്ടില്‍ നാല്‌പതു ദിവസത്തോളം വിളക്കു കത്തിച്ചിരുന്നില്ല. പക്ഷേ, അതേ തിരുനബിയാണ്‌ ലോകത്തിനു മുഴുവന്‍ നിറഞ്ഞു കത്തുന്ന വെളിച്ചമായത്‌.

വായിച്ചു പുണ്യം നേടാന്‍ മാത്രമുള്ളതല്ല ഖുര്‍ആന്‍. അറബികള്‍ക്ക്‌ മാതൃഭാഷയില്‍ ഗ്രന്ഥം നല്‌കിയത്‌ അതുകൊണ്ടാണല്ലോ. പഠിച്ച്‌ ചിന്തിച്ച്‌ പകര്‍ത്താനുള്ളതാണ്‌ ഈ മഹാഗ്രന്ഥം. `നമസ്‌കരിക്കുക' എന്ന്‌ കല്‌പിക്കപ്പെട്ടപ്പോള്‍ തിരുനബി(സ) നമസ്‌കരിച്ചു. `വായിക്കുക' എന്ന കല്‌പന കിട്ടിയപ്പോള്‍ വായന പഠിച്ചില്ല. ഖുര്‍ആനിന്റെ വായന മറ്റൊരു വായനയാണ്‌.

കൂരിരുട്ടില്‍ നമ്മുടെ കൈയില്‍ സ്വര്‍ണം കൊണ്ടു നിര്‍മിച്ച വിളക്കുണ്ടായിട്ടെന്തു കാര്യം? ആ വിളക്കില്‍ വെളിച്ചമുണ്ടെങ്കിലേ ഗുണമുള്ളൂ. നമ്മുടെ കൈയിലെ സ്വര്‍ണ വിളക്കാണ്‌ ഖുര്‍ആന്‍. പലതരം ഇരുട്ടുകളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഈ വിളക്കില്‍ നിന്ന്‌ നാമെത്ര വെളിച്ചം പുണരുന്നുണ്ട്‌? നമ്മുടെ നെഞ്ചിലെ കൂരിരിട്ടിനെ കീറിമുറിക്കാന്‍ നമ്മള്‍ പഠിച്ച ഖുര്‍ആന്‍ കരുത്തു നല്‌കുന്നുണ്ടോ? മനപ്പാഠമായി വെറുതെ ഖുര്‍ആന്‍ ഉറങ്ങിക്കിടക്കുന്ന നെഞ്ചില്‍ തൊട്ട്‌ ചോദിച്ചു നോക്കൂ: ഈ വിളക്കിന്‌ തിരികൊടുത്താല്‍ നമ്മിലെ തിന്മകള്‍ക്ക്‌ തീപ്പിടിക്കും.
(courtesy: Tarbiyah)

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത