ദാമ്പത്യം
നബി (സ്വ) പറഞ്ഞു: നാല് കാര്യങ്ങള്‍ക്ക് വേണ്ടി സ്‌ത്രീ വിവാഹം ചെയ്യപ്പെടുന്നു. സമ്പത്ത്, തറവാട്, ഭംഗി, ദീന്‍. ദീനുള്ളവളെ കൊണ്ട് വിവാഹം ചെയ്‌ത് നീ വിജയിക്കുക.
ധാരാളം പ്രസവിക്കുന്നതും സ്‌നേഹമുള്ളതുമായ സ്‌ത്രീയെ നിങ്ങള്‍ വിവാഹം ചെയ്യുക. ധാരാളം പ്രസവിക്കുന്ന കറുത്തവളാണ് പ്രസവിക്കാത്ത ഭംഗിയുള്ളവളേക്കാള്‍ നല്ലത്.
സ്‌ത്രീയും പുരുഷനും പരസ്‌പരം ഇഷ്‌ടപ്പെട്ടാല്‍ മാത്രമേ വിവാഹവും ദാമ്പത്യവും അതിന്റെ പൂര്‍ണ്ണതയിലെത്തുകയുള്ളൂ. പരസ്‌പരം ഇഷ്‌ടപ്പെടാത്ത ഒരു വിവാഹം നടന്നാല്‍ അവിടെ ദാമ്പത്യത്തകര്‍ച്ച തന്നെയുണ്ടാകും. അത് കൊണ്ടാണ് ഇസ്‌ലാം വിവാഹത്തിന് മുമ്പ് പെണ്ണുകാണല്‍ സുന്നത്താക്കിയത്.
ദാമ്പത്യം എന്നത് കടല്‍ പോലെ വിശാലമാണ്. വളരെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയാത്ത ഒരു വിഷയം കൂടിയാണ്. നികാഹിന് ശേഷം സ്‌ത്രീയും പുരുഷനും പുതു ജീവിതത്തിലേക്ക് പ്രവേശിക്കുകയായി. വിവാഹത്തിന് മുമ്പ് എന്തൊക്കെയോ സ്വപ്‌നങ്ങള്‍ നെയ്‌തു കൂട്ടിയിട്ടുണ്ടാകും. പക്ഷേ, പലരുടെയും വൈവാഹിക ജീവിതത്തില്‍ അതൊക്കെയും സാക്ഷാത്‌കരിക്കപ്പെടണമെന്നില്ല. എങ്കിലും സ്വപ്‌നം കണ്ടതില്‍ ചിലതെങ്കിലും ജീവിതത്തില്‍ സംഭവിച്ചേക്കാം.
ഭാര്യ ഭര്‍ത്താക്കന്മാര്‍ ബന്ധപ്പെടാന്‍ തുടങ്ങുമ്പോള്‍ (ജീവിതത്തില്‍ എന്നും)(അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, പിശാചില്‍ നിന്ന് ഞങ്ങളെ നീ അകറ്റേണമേ. ഞങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് പിശാചിനെയും അകറ്റേണമേ)എന്ന ദുആ ചൊല്ലേണ്ടതാണ്. ശൈത്വാന്റെ ഉപദ്രവം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ് ഈ ദുആ ചൊല്ലല്‍ സുന്നത്താക്കിയത്. ഇങ്ങനെ ചൊല്ലി ബന്ധപ്പെട്ടതില്‍ കുഞ്ഞ് ജനിച്ചാല്‍ അതിനെ പിശാച് ഉപദ്രവിക്കില്ലെന്ന് റസൂല്‍ (സ്വ) പറഞ്ഞിട്ടുണ്ട്.
അവള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്‌ത്രം (വര്‍ഷത്തില്‍ രണ്ട് തവണ, കാലാനുസൃതമായി അവള്‍ക്ക് അനുയോജ്യമായ വസ്‌ത്രം നല്‍കല്‍ പുരുഷന് നിര്‍ബന്ധമാണ്). വീട്, വേലക്കാര്‍ (പിതാവിന്റെ കൂടെ താമസിക്കുമ്പോള്‍ വേലക്കാരികളാണ് ജോലിയെടുത്തിരുന്നതെങ്കില്‍) എന്നിവ നല്‍കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാണ്.
എന്നാല്‍ സ്‌ത്രീക്കും ഭര്‍ത്താവിനോട് കടമകളുണ്ട്. അവന്റെ അഭാവത്തില്‍ ലൈംഗീകാവയവങ്ങള്‍ സൂക്ഷിക്കുക, അനുവാദമില്ലാതെ പുറത്ത് പോകാതിരിക്കുക, അവന്റെ മുമ്പില്‍ അഹങ്കാരിയാവാതിരിക്കുക, അവനെ അനുസരിക്കുക, കുറ്റവും കുറവും പറയാതിരിക്കുക, നല്ല വാക്ക് പറയുക, കിടപ്പു മുറിയിലുള്ള കാര്യങ്ങള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് പുറത്ത് പോകാതിരിക്കാന്‍ സൂക്ഷിക്കുക, അവന്റെ മുമ്പില്‍ സൗന്ദര്യവതിയായി പ്രത്യക്ഷപ്പെടുക.
നബി (സ്വ) പറഞ്ഞു: ``അല്ലാഹു അല്ലാത്തവര്‍ക്ക് സുജൂദ് ചെയ്യാന്‍ ആരോടെങ്കിലും ഞാന്‍ കല്‍പിക്കമായിരുന്നെങ്കില്‍ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ സ്‌ത്രീയോട് ഞാന്‍ കല്‍പിക്കുമായിരുന്നു''
ഒരു സ്‌ത്രീ വന്ന് നബി (സ്വ) യോട് ചോദിച്ചു: ``ഒരു ഭാര്യക്ക് തന്റെ ഭര്‍ത്താവിനോടുള്ള കടമ എന്താണ്? അതില്‍ നിന്ന് വല്ലതിനും എനിക്ക് കഴിഞ്ഞാല്‍ ഞാന്‍ വിവാഹിതയാവും. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ഭര്‍ത്താവിന്റെ രണ്ട് മൂക്കിലൂടെ രക്തവും ചലവും ഒഴുകുകയും തന്റെ നാവ് കൊണ്ട് നക്കിയെടുക്കുകയും ചെയ്‌താലും ഭാര്യയുടെ കടമകള്‍ തീരുകയില്ല.
ഇത്ര മാത്രം കടമകള്‍ ഭാര്യയ്‌ക്ക് ഭര്‍ത്താവിനോടുണ്ടെന്ന് സാരം. എന്നാല്‍ ചില പുരുഷന്മാര്‍ സ്‌ത്രീയുടെ കാല്‍ക്കീഴിലായി ജീവിക്കുന്നതും കിടപ്പറയില്‍ മാത്രം പുരുഷന്റെ റോളില്‍ (ലൈംഗീകമായി മാത്രം) എത്തിച്ചേരുന്നതും വിരളമല്ല.
ഭാര്യയെ അടിമയുടെ അവസ്ഥയിലേക്ക് താഴ്‌ത്തുന്നതും ഭര്‍ത്താവിനേക്കാള്‍ വലിയ ആളാവാന്‍ ഭാര്യ ശ്രമിക്കുന്നതും ഒരിക്കലും നല്ലതല്ല. പരസ്‌പരം മനസ്സിലാക്കി പങ്കാളിയുടെ അനുവദനീയമായ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിപ്പിക്കുന്നതില്‍ ഇരുവരും താല്‍പര്യം കാണിക്കണം.
പ്രശ്‌നങ്ങളിലും മറ്റും അടുത്തിരുന്ന് പരസ്‌പരം അവ സംസാരിച്ച് തീര്‍ത്താല്‍ തന്നെ മനസ്സിന് സന്തോഷവും സ്‌നേഹവും വര്‍ദ്ധിക്കും. ഇങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍ ഭാര്യക്ക് ഭര്‍ത്താവിനോട് നല്ല ബഹുമാനമുണ്ടാകും.
നല്ലൊരു കാര്യം ഇണ ചെയ്‌താല്‍ (പ്രത്യേകിച്ച് ഭാര്യ ചെയ്‌താല്‍) അതിനൊരു നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് സ്‌നേഹം വര്‍ദ്ധിപ്പിക്കും.
ഭാര്യ/ഭര്‍ത്താവ് തന്റെ മുന്‍കാല പ്രേമ ബന്ധം (ഇന്ന് നാം കാണുന്ന പ്രേമവും ഊരുചുറ്റലും ഇസ്‌ലാമികമായി അനുവദനീയമല്ല) സ്‌നേഹ പൂര്‍വ്വം പറഞ്ഞാലും അവിടെ കുടുംബബന്ധം തകര്‍ന്നേക്കാം. വിവാഹ ശേഷം പഴയ ബന്ധം ആവര്‍ത്തിക്കാതെ ഇണയോട് വിശ്വസ്‌തത പുലര്‍ത്തുക.
ഇരുവരും നല്ല സ്വഭാവത്തിനുടമകളാകേണ്ടത് അത്യാവശ്യമാണ്. തൊട്ടതിനും പിടിച്ചതിനും ഭര്‍ത്താവിനോട് മോശമായി പെരുമാറുകയും പണം കൊണ്ട് അഹങ്കരിച്ച് അവനെ താഴ്‌ത്തുന്നതും നല്ല ഭാര്യയുടെ ലക്ഷണമല്ല. ദാമ്പത്യത്തില്‍ സ്വഭാവശുദ്ധി സ്‌ത്രീക്കും പുരുഷനും അത്യാവശ്യം വേണ്ട ഒരു ഗുണമാണ്.
അതുപോലെ തന്നെ ലളിതമായി ജീവിക്കാനും ശീലിക്കണം. ``അയല്‍പക്കത്തെ സറീനക്ക് പത്തായിരം രൂപയുടെ സാരി അവളുടെ ഭര്‍ത്താവ് വാങ്ങിക്കൊടുത്തല്ലോ? അവളോട് ഭര്‍ത്താവിന് എന്തു സ്‌നേഹമാണെന്നോ? അങ്ങനെയാണ് സ്‌നേഹമുള്ള ഭര്‍ത്താക്കന്മാര്‍. നിങ്ങളെ എന്തിന് കൊള്ളാം'' എന്നുള്ള കുത്തുവാക്കുകള്‍ കൊണ്ട് ഭര്‍ത്താവിനെ വേദനിപ്പിക്കാതെ അവന്റെ കഴിവിനനുസരിച്ച് ബുദ്ധിമുട്ടിക്കാതെ ലളിതമായി ജീവിക്കാന്‍ ശീലിക്കണം. ഇതും സന്തോഷമുള്ള ദാമ്പത്യത്തിന് അത്യാവശ്യമാണ്.
ദേഷ്യം പിടിക്കുന്നതും ചിലരുടെ രീതിയാണ്. കറിക്ക് ഉപ്പ് കുറഞ്ഞതിന്, ബെഡില്‍ നിന്ന് നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കോഫി കിട്ടാത്തതിന് പോലോത്ത നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യം പിടിക്കുന്നവര്‍ വിരളമല്ല. എന്നാല്‍ രണ്ടു പേരും പരസ്‌പരം സ്‌നേഹത്തോടെ എല്ലാ ജോലികളിലും ഏര്‍പ്പെടുന്നത് (ഭര്‍ത്താവിന് ഒഴിവുള്ളപ്പോള്‍) നല്ലതാണ്. നബി (സ്വ) ആഇശാ ബീവിയെ എല്ലാ വീട്ടുജോലിയിലും സഹായിക്കുമായിരുന്നു. ആ മാതൃക നമുക്കും ബാധകമാണ്.
ദാമ്പത്യത്തിലെ വിള്ളലിന് ഒരു പ്രധാന കാരണം സംശയമാണ്. പുരുഷന് സ്‌ത്രീയേയോ സ്‌ത്രീക്ക് പുരുഷനേയോ സംശയമായാല്‍ ദാമ്പത്യം തകര്‍ന്നത് തന്നെ. പരസ്‌പരം മനസ്സിലാക്കി സ്‌നേഹത്തോടെ ക്ഷമിച്ചും സഹിച്ചും സഹകരിച്ചും മുന്നോട്ട് പോയാല്‍ മാത്രമേ ദാമ്പത്യം മെച്ചപ്പെടുകയുള്ളൂ. അങ്ങനെയുള്ളവരുടെ ജീവിതം പ്രകാശ പൂരിതവും കുളിര്‍മ്മയേകുന്നതുമായി മാറും.
ഭര്‍ത്താവിന്റെ തൃപ്‌തി നേടി മരണപ്പെടുന്ന ഭാര്യ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. സന്തോഷത്തോടെയും സമാധാനത്തോടെയും ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
അല്ലാഹുവേ എന്റെ സഹോദരന്മാർക്ക് സ്വാലിഹായ ഇണയെ കൊടുക്കണേ റബ്ബേ
അല്ലാഹുവേ വിവാഹം കഴിയാതെ വിഷമിക്കുന്ന സഹോദരിമാർക്ക് സ്വാലിഹായ ഭർത്താവിനെ കൊടുത്ത് കുടുംബത്തിൽ സന്തോഷം നൽകണേ
അല്ലാഹുവേ മക്കളില്ലാതെ വിഷമിക്കുന്നവർക്ക് സ്വാലിഹായ മക്കളെ കൊടുക്കണേ റബ്ബേ
അല്ലാഹുവേ ഞങ്ങളിൽ നിന്നും ആരെല്ലാം മരിച്ചു പോയിട്ടുണ്ടോ അവരുടെയൊക്കെ ഖബർ നീ വിശാലമാക്കണേ റബ്ബേ
അല്ലാഹുവേ ഞങ്ങളുടെ മനസ്സ് നീ നന്നാക്കി തരണേ റബ്ബേ!!
(courtesy: fb.)