ചൊവ്വാഴ്ച, മേയ് 29, 2012

തൊഴിലാളികളുടെ വേതന സുരക്ഷാ പദ്ധതി ആഴ്ചകള്‍ക്കകം- മന്ത്രി മുഫ്രിജ് !!

റിയാദ്: തൊഴിലാളികളുടെ വേതന സുരക്ഷാപദ്ധതിയുടെ പ്രായോഗിക നടപടിക്രമങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കകം ആരംഭിക്കുമെന്ന് തൊഴില്‍കാര്യ സഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി. ജി.സി.സി രാഷ്ട്രങ്ങളിലെ തൊഴില്‍മന്ത്രാലയ അണ്ടര്‍സെക്രട്ടറിമാരുടെ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത·സമ്മേളനത്തിലാണ് സഹമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ വന്‍കിട കമ്പനികള്‍ക്കും തുടര്‍ന്ന് ഘട്ടംഘട്ടമായി തൊഴില്‍മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും പദ്ധതി ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളുടെ പ്രതിമാസ സൂചിക പരിശോധിച്ച് ഏതെല്ലാം കമ്പനികളാണ് വേതനവിതരണത്തില്‍ കൃത്യവിലോപം കാണിക്കുന്നതെന്ന് മന്ത്രാലയം കണ്ടെത്തും. അത്തരം സ്ഥാപനങ്ങളില്‍ അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭ്യമാക്കാനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ വേതന സുരക്ഷാപദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പ് തൊഴില്‍മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് പ്രസ്താവിച്ചിരുന്നു. സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങളില്‍നിന്ന് ബാങ്കുകള്‍ വഴി കൃത്യമായി വേതനം ലഭ്യമാകുന്നുണ്ടോയെന്ന് സുരക്ഷാപദ്ധതി ഉറപ്പുവരുത്തും. ഇലക്ട്രോണിക് സംവിധാനത്തിലൂടെ സൗദി മോണിറ്ററി ഏജന്‍സിയുമായി സഹകരിച്ചുകൊണ്ടാണ് മന്ത്രാലയം പദ്ധതി നടപ്പിലാക്കുകയെന്നും തൊഴില്‍മന്ത്രി പറഞ്ഞിരുന്നു. കരാറില്‍ പറഞ്ഞ തൊഴിലും വേതനവും തന്നെയാണ് തൊഴിലാളിക്ക് ലഭ്യമാകുന്നതെന്ന് പദ്ധതി വഴി ഉറപ്പുവരുത്തും. കരാറില്‍ പറഞ്ഞതിലധികമാണ് വേതന വകയില്‍ നിക്ഷേപിച്ചിട്ടുള്ളതെങ്കില്‍ അത് അനധികൃതമായി പരിഗണിക്കുമെന്നും തൊഴില്‍ മന്ത്രി സൂചന നല്‍കിയിരുന്നു. തൊഴിലാളിയുടെ വേതനം ഉറപ്പാക്കുന്ന ഈ പദ്ധതി യു.എ.ഇ മാതൃകയിലാണ് നടപ്പാക്കുകയെന്ന് മന്ത്രി മുഫ്രിജ് വ്യക്തമാക്കി. നിതാഖാത്ത് പോലുള്ള തൊഴില്‍പരിഷ്കരണ സംരംഭങ്ങള്‍ പോലെ സാങ്കേതികതകളില്‍ കുടുങ്ങുകയില്ലെന്നതിനാല്‍ എല്ലാ വിഭാഗം സ്ഥാപനങ്ങള്‍ക്കും നടപ്പിലാക്കാവുന്ന പദ്ധതിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴില്‍രഹിതരായ അറബ് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ഇനിയും അനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഐ.എം.എഫിന്‍െറ റിപ്പോര്‍ട്ട് ചൂണ്ടി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ ഏഴ് ദശലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമായതില്‍ രണ്ട് ദശലക്ഷം മാത്രമാണ് ജി.സി.സി രാജ്യങ്ങളിലെ സ്വദേശി യുവാക്കള്‍ക്ക് ലഭ്യമായത്. മേഖലയിലുണ്ടായ സാമ്പത്തികവികസനം, റവന്യൂവരുമാനത്തിലെ വര്‍ധന, നിര്‍മാണമേഖലയില്‍ സര്‍ക്കാര്‍ ചെലവിടുന്ന സാമ്പത്തിക വിഹിതത്തിന്‍െറ ബാഹുല്യം തുടങ്ങിയവ ഇതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ മേഖലയില്‍ ഇനിയും വിദഗ്ധരായ സ്വദേശികളുടെ അഭാവമുള്ളതിനാല്‍ വിദേശികള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. വിദേശികളുടെ ആധിക്യമല്ല ലഭ്യമായ സ്വദേശിവല്‍കൃത തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സ്വദേശി യുവാക്കള്‍ സന്നദ്ധമാകാത്തതിലാണ് തന്‍െറ വ്യഥയെന്നും സഹമന്ത്രി വ്യക്തമാക്കി.
(courtesy:madhyamam)

ഹജ്ജ്: ഒരുക്കങ്ങള്‍ തകൃതി; കെട്ടിടങ്ങള്‍ ഇക്കുറി നേരത്തെ കണ്ടെത്തി !!

ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന 1.25ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ ഇക്കുറി നേരത്തെ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതായി ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹറമിന് ഒന്നര കി. മീറ്റര്‍ ചുറ്റളവില്‍ ഗ്രീന്‍ കാറ്റഗറിയില്‍ ഇത്തവണ 65,000 തീര്‍ഥാടകരെ താമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 60,000ത്തോളം പേര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഇതിനകം കണ്ടെത്തിയതായി ഹജ്ജ് കോണ്‍സല്‍ മൂഹമ്മദ് നൂറുറഹ്മാന്‍ ശൈഖ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഹറമിന് ചുറ്റും അജ്യാദ്, ഗസ്സ, ജര്‍വല്‍ ഭാഗങ്ങളിലാണ് ഇവ ലഭിച്ചിരിക്കുന്നത്. ഏതാനും പുതിയ കെട്ടിടങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നറിയുന്നു.
ഇത്തവണ ഹറമിന് ചുറ്റും ‘ഗ്രീന്‍’ എന്ന ഒരു വിഭാഗം മാത്രമാണുള്ളത്. വൈറ്റ് കാറ്റഗറി ഒഴിവാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ പോലെ 60,000പേര്‍ക്ക് ഇത്തവണയും ഹറമില്‍നിന്ന് ഏഴു കി.മീറ്റര്‍ അകലെ അസീസിയിയിലായിരിക്കും താമസമൊരുക്കുക. അവിടെ കെട്ടിടങ്ങള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകാറില്ല. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ കഴിഞ്ഞ മാസം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മദീനയില്‍ അവസാന ഘട്ടത്തിലാണ് കെട്ടിടങ്ങള്‍ കണ്ടെത്താറ്.
ഹജ്ജ് അഡീഷനല്‍ ക്വോട്ടയുടെ കാര്യത്തില്‍ ഇതുവരെ സൗദി അധികൃതരുടെ ഭാഗത്തുനിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹജ്ജ് കോണ്‍സല്‍ വെളിപ്പെടുത്തി. അധിക ക്വോട്ട എല്ലാ വര്‍ഷവും റമദാനോടെയാണ് അനുവദിച്ചുകിട്ടാറ്. അവസാന നിമിഷത്തില്‍ ലഭിക്കുന്നത് കൊണ്ടുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ഹജ്ജ് മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഹജ്ജ് തയാറെടുപ്പുകള്‍ ദല്‍ഹിയിലും ജിദ്ദയിലും മക്കയിലുമായി തകൃതിയായി പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന ഹജ്ജ് ഉന്നത തല യോഗത്തില്‍ അംബാസഡര്‍ ഹാമിദലി റാവു, കോണ്‍സല്‍ ജനറല്‍ ഫെയ്സ് അഹ്മദ് കിദ്വായി എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. ഹാജിമാരുടെ യാത്രക്ക് വിവിധ വിമാന കമ്പനികള്‍ നല്‍കിയ ക്വെട്ടേഷന്‍ മേയ് 21ന് തുറക്കുകയുണ്ടായി. വ്യോമയാന മന്ത്രാലത്തിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇടപാടില്‍ സൗദി എയര്‍ലൈന്‍സിനും ജെറ്റ് എയര്‍വേയ്സിനും കരാര്‍ ലഭിച്ചതായാണ് വിവരം.
ഔദ്യാഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി രംഗത്തുണ്ടായിരുന്ന സൗദി വിമാന കമ്പനിയായ ‘നാസ്’ പുറന്തള്ളപ്പെട്ടതായാണ് വിവരം.എയര്‍ ഇന്ത്യ ഏതാനും വര്‍ഷമായി ഹജ്ജ് ഓപ്പറേഷനില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കയാണ്. എന്നിരുന്നാലും ജമ്മു-കശ്മീരില്‍നിന്നുള്ള ഹാജിമാരുടെ പോക്കുവരവ് ദേശീയ വിമാന കമ്പനി വഴിയായിരിക്കണമെന്നായിരുന്നു ധാരണ. ജെറ്റ് എയര്‍വേയ്സ് രംഗത്തുവരികയാണെങ്കില്‍ ആ ചുമതലയില്‍നിന്നും എയര്‍ ഇന്ത്യയെ മാറ്റിനിര്‍ത്താനാണ് സാധ്യത.
(courtesy:madhyamam)

വെള്ളിയാഴ്‌ച, മേയ് 18, 2012

ഇസ്ലാമിക് മ്യൂസിയത്തില്‍ രണ്ടു ലക്ഷം സന്ദര്‍ശകര്‍ !!

ഇസ്ലാമിക് മ്യൂസിയത്തില്‍ രണ്ടു ലക്ഷം സന്ദര്‍ശകര്‍ദോഹ: കഴിഞ്ഞ വര്‍ഷം ദോഹയിലെ വിവിധ മ്യൂസിയങ്ങളില്‍ രണ്ടര ലക്ഷം പേര്‍ സന്ദര്‍ശിച്ചു. ഇതില്‍ 79.5 ശതമാനവും കോര്‍ണിഷിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് സന്ദര്‍ശിച്ചവരാണെന്ന് ലോക മ്യൂസിയം ദിനാചരണത്തോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇസ്ലാമിക് ആര്‍ട് മ്യൂസിയത്തിനു പുറമെ അറബ് ആര്‍ട് മ്യൂസിയം, ഫോഴ്സ് മ്യൂസിയം, സുബാറ ഫോര്‍ട്ട് മ്യൂസിയം, അല്‍ഖോര്‍ റീജ്യണല്‍ മ്യൂസിയം എന്നിവിടങ്ങളിലാണ് 2011ല്‍ രണ്ടര ലക്ഷം സന്ദര്‍ശകരെത്തിയത്. ചൂട് കുറയുന്ന മാസങ്ങളിലാണ് സന്ദര്‍ശകര്‍ കൂടുന്നത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് സന്ദര്‍ശകരില്‍ 66 ശതമാനവും എത്തിയതെന്ന് അതോറിറ്റി അറിയിച്ചു.

ചൊവ്വാഴ്ച, മേയ് 15, 2012

സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ രക്ഷകര്‍ത്താവിന്‍െറ സമ്മതം വേണ്ട -Saudi തൊഴില്‍ മന്ത്രാലയം

റിയാദ്: സ്ത്രീകള്‍ക്ക് ജോലിയെടുക്കാന്‍ രക്ഷകര്‍ത്താവിന്‍െറ അനുമതി വേണ്ടെന്ന് തൊഴില്‍ മന്ത്രാലയം വികസനകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് തുഖൈഫി അറിയിച്ചു. രക്ഷകര്‍ത്താവിന്‍െറ സമ്മതം വേണമെന്ന് നേരത്തെയുണ്ടായിരുന്ന നിബന്ധന പുതിയ തൊഴില്‍ നിയമത്തില്‍ എടുത്തുകളഞ്ഞതായും ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ രഹിതരായ 16ലക്ഷം സ്ത്രീകളുടെ ബയോഡാറ്റകളാണ് മന്ത്രാലയത്തിന് കിട്ടിയിട്ടുള്ളത്. രാജ്യത്ത് തൊഴില്‍രഹിതരായ സ്ത്രീകളുടെ എണ്ണം 28.4 ശതമാനമാണ്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയ അനുപാതമാണ്. നിര്‍മാണ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള തീരുമാനത്തെ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം തൊഴില്‍ മന്ത്രാലയത്തിന് മാത്രമാണ്. മറ്റൊരു വകുപ്പിനും അതില്‍ ഇടപെടാനുള്ള അവകാശമില്ല. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയ ചില സ്ഥാപനങ്ങളെ മതകാര്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയ സംഭവം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ പരാതികള്‍ മന്ത്രാലയത്തെ നേരിട്ട് ധരിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാവിലെ ആറിന് മുമ്പും വൈകീട്ട് ഏഴിനു ശേഷവും തൊഴിലെടുപ്പിക്കരുതെന്നും മൊത്തം ജോലി സമയം പ്രതിദിനം എട്ട് മണിക്കൂറിലോ ആഴ്ചയില്‍ 48 മണിക്കൂറിലോ കൂടരുതെന്നുമാണ് സ്ത്രീകള്‍ തൊഴിലെടുക്കുന്ന ഫാക്ടറി നടത്തിപ്പുകാരോട് നിര്‍ദേശിച്ചിട്ടുള്ളത്. റമദാനില്‍ ഇത് ദിവസം ആറ് മണിക്കൂറിലും ആഴ്ചയില്‍ 36മണിക്കൂറിലും കൂടാന്‍ പാടില്ല. ഒരേ തസ്തികയില്‍ തൊഴിലെടുക്കുന്ന സ്ത്രീ, പുരുഷന്മാര്‍ക്കിടയില്‍ വേതനത്തില്‍ ഏറ്റക്കുറച്ചിലും പാടില്ലെന്നും മന്ത്രാലയം കര്‍ശനമായി നിഷ്കര്‍ഷിച്ചിട്ടുള്ളതായി ഡോ. തുഖൈഫി പറഞ്ഞു.

വെള്ളിയാഴ്‌ച, മേയ് 11, 2012

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നത് തീര്‍ഥാടകര്‍ക്ക് ഭാരമാവില്ല - Madhyamam

ഹജ്ജ് സബ്സിഡി 10 വര്‍ഷത്തിനകം ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ഹജ്ജ് തീര്‍ഥാടകരുടെമേല്‍ അധിക ബാധ്യത കെട്ടിവെക്കാനിടയില്ല. സബ്സിഡി ‘അടിച്ചേല്‍പിക്കുന്നതിന് ’എതിരെ കുറെ നാളായി മുസ്ലിം നേതാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പിനോടാണ് സുപ്രീംകോടതി യോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഹജ്ജ് സബ്സിഡി വകയില്‍ കഴിഞ്ഞ 10 വര്‍ഷം 3,554.78 കോടിയാണ് കേന്ദ്ര ഗവണ്‍മെന്‍റ് ചെലവഴിച്ചത്. 2008ല്‍ എല്ലാ റെക്കോഡും ഭേദിച്ച് 854.77കോടി വരെ സബ്സിഡി ഉയര്‍ന്നു. 2000ത്തില്‍ 156കോടിയായിരുന്നത് 210ആകുമ്പോഴേക്കും ശരാശരി 700കോടിയോളമായി. ഈ തുക മുഴുവനും തീര്‍ഥാടകരുടെ യാത്രക്കൂലി ഇനത്തില്‍ എയര്‍ ഇന്ത്യയുടെ ഒരിക്കലും നിറയാത്ത വയറിലേക്കാണ് പോയത്. കേട്ടാല്‍ ഞെട്ടുന്ന ഭീമമായ തുകയാണ് എയര്‍ ഇന്ത്യ ഹജ്ജ് തീര്‍ഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് ഇതുവരെ ഈടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ 2011മുതല്‍ എയര്‍ ഇന്ത്യക്ക് പകരം സൗദി അറേബ്യന്‍ എയര്‍ലൈന്‍സും ‘നാസും’ ഹാജിമാരുടെ യാത്രാ ചുമതല ഏറ്റെടുത്തതോടെ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി.
എയര്‍ ഇന്ത്യ 2000 ഡോളര്‍ ( ഇപ്പോഴത്തെ നിരക്കില്‍ ഒരു ലക്ഷത്തിലേറെ രൂപ ) ഈടാക്കിയ സ്ഥാനത്ത് ‘സൗദിയ’ 800ഡോളറാണ് വാങ്ങുന്നത്. എയര്‍ ഇന്ത്യയുടെ കുത്തക തകര്‍ന്നതോടെ സബ്സിഡി കൂടാതെ തന്നെ ഹാജിമാരുടെ യാത്ര കുറഞ്ഞ നിരക്കില്‍ തരപ്പെടുത്താന്‍ കഴിയുമെന്ന അവസ്ഥ വന്നു. എന്നിട്ടും സബ്സിഡിക്കായി ബജറ്റില്‍ വലിയ തുക മാറ്റിവെച്ചത് തീര്‍ഥാടകരുടെ ക്ഷേമം മുന്‍ നിര്‍ത്തിയായിരുന്നില്ല. മറിച്ച്, ഹജ്ജിന്‍െറ മറവില്‍ നടക്കുന്ന സുതാര്യമല്ലാത്ത ഇടപാടുകള്‍ക്കു വേണ്ടിയായിരുന്നു.
പ്രധാനമന്ത്രിയൂടെ സൗഹൃദ സംഘം എന്ന പേരില്‍ ജംബോ സംഘത്തെ അയക്കുന്നതിനും ഹജ്ജ് വേളയില്‍ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിക്കുന്നതിനുമെല്ലാം സബ്സിഡിയില്‍നിന്നാണ് വക കണ്ടത്തെിയിരുന്നത് എന്നാണറിയുന്നത്. സബ്സിഡി പോകുന്നതോടെ ഉണ്ടാവുന്ന വര്‍ധന ഹാജിമാര്‍ക്ക് താങ്ങാവുന്നതേയുള്ളൂ.
എന്നാല്‍, ബി.ജെ.പിയെ പോലുള്ള സംഘടനകള്‍ ഹജ്ജ് സബ്സിഡിയെ മൂസ്ലിം പ്രീണനമായി ആരോപിക്കുകയും അതു നിര്‍ത്തലാക്കുന്നതിന് പലവട്ടം കോടതിയെ സമീപിക്കുകയുമുണ്ടായി. ബി.ജെ.പി രാജ്യസഭാംഗം പ്രഫുല്‍ ഗൊറാദിയ സബ്സിഡിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ‘നമ്മുടെ രാജ്യം ഐക്യത്തോടെ നിലനില്‍ക്കണമെങ്കില്‍ എല്ലാ സമുദായങ്ങളോടും വിഭാഗങ്ങളോടും സഹിഷ്ണുതയും തുല്യ ബഹുമാനവും കാണിക്കണമെന്ന്’ ഓര്‍മപ്പെടുത്തിയാണ് ജസ്റ്റിസുമാരായ മാര്‍ക്കണേയ കട്ജുവും ഗ്യാന്‍ സുധ മിശ്രയും ഹജ്ജ് സബ്സിഡി നല്‍കുന്നത് മതേതരവിരുദ്ധമല്ളെന്ന് ചൂണ്ടിക്കാട്ടിയത്.
മുസ്ലിം സമൂഹം ഒരിക്കലും സബ്സിഡിക്ക് ആവശ്യപ്പെട്ടിട്ടില്ളെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ എ.ആര്‍. റഹ്മാന്‍ ഖാന്‍ ഒരു വേള സഭയില്‍ വ്യക്തമാക്കുകയുണ്ടായി. രാജ്യസഭാംഗവും ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറിയുമായിരുന്ന മൗലാന മഹ്മൂദ് മദനി ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന് പലവട്ടം സഭയില്‍ വാദിച്ചിരുന്നു. സബ്സിഡി നിര്‍ത്തലാക്കി മലേഷ്യയില്‍ ഫലപ്രദമായി പരീക്ഷിച്ചുപോരുന്ന ‘മലേഷ്യന്‍ പില്‍ഗ്രിംസ് മാനേജ്മെന്‍റ് ഫണ്ട് ’ മാതൃകയില്‍ ഇന്ത്യയിലും ബാങ്കിതര ഇസ്ലാമിക നിക്ഷേപ സ്ഥാപനം തുടങ്ങണമെന്ന് നിരന്തരം ആവശ്യമുയരുന്നുണ്ട്. മുമ്പ് വിമാനയാത്രക്കൂലി ഇനത്തില്‍ 12,000രൂപ വാങ്ങിയിരുന്നത് പിന്നീട് 16,000രൂപയായി ഉയര്‍ത്തുകയുണ്ടായി. ഇത്രയും പേരുടെ പോക്കുവരവ് സ്വകാര്യ വിമാന കമ്പനികള്‍ ഏറ്റെടുക്കുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിക്കാന്‍ കഴിയുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.