റിയാദ്: സ്ത്രീകള്‍ക്ക് ജോലിയെടുക്കാന്‍ രക്ഷകര്‍ത്താവിന്‍െറ അനുമതി വേണ്ടെന്ന് തൊഴില്‍ മന്ത്രാലയം വികസനകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് തുഖൈഫി അറിയിച്ചു. രക്ഷകര്‍ത്താവിന്‍െറ സമ്മതം വേണമെന്ന് നേരത്തെയുണ്ടായിരുന്ന നിബന്ധന പുതിയ തൊഴില്‍ നിയമത്തില്‍ എടുത്തുകളഞ്ഞതായും ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ രഹിതരായ 16ലക്ഷം സ്ത്രീകളുടെ ബയോഡാറ്റകളാണ് മന്ത്രാലയത്തിന് കിട്ടിയിട്ടുള്ളത്. രാജ്യത്ത് തൊഴില്‍രഹിതരായ സ്ത്രീകളുടെ എണ്ണം 28.4 ശതമാനമാണ്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയ അനുപാതമാണ്. നിര്‍മാണ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള തീരുമാനത്തെ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം തൊഴില്‍ മന്ത്രാലയത്തിന് മാത്രമാണ്. മറ്റൊരു വകുപ്പിനും അതില്‍ ഇടപെടാനുള്ള അവകാശമില്ല. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കിയ ചില സ്ഥാപനങ്ങളെ മതകാര്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയ സംഭവം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരം സ്ഥാപനങ്ങള്‍ തങ്ങളുടെ പരാതികള്‍ മന്ത്രാലയത്തെ നേരിട്ട് ധരിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാവിലെ ആറിന് മുമ്പും വൈകീട്ട് ഏഴിനു ശേഷവും തൊഴിലെടുപ്പിക്കരുതെന്നും മൊത്തം ജോലി സമയം പ്രതിദിനം എട്ട് മണിക്കൂറിലോ ആഴ്ചയില്‍ 48 മണിക്കൂറിലോ കൂടരുതെന്നുമാണ് സ്ത്രീകള്‍ തൊഴിലെടുക്കുന്ന ഫാക്ടറി നടത്തിപ്പുകാരോട് നിര്‍ദേശിച്ചിട്ടുള്ളത്. റമദാനില്‍ ഇത് ദിവസം ആറ് മണിക്കൂറിലും ആഴ്ചയില്‍ 36മണിക്കൂറിലും കൂടാന്‍ പാടില്ല. ഒരേ തസ്തികയില്‍ തൊഴിലെടുക്കുന്ന സ്ത്രീ, പുരുഷന്മാര്‍ക്കിടയില്‍ വേതനത്തില്‍ ഏറ്റക്കുറച്ചിലും പാടില്ലെന്നും മന്ത്രാലയം കര്‍ശനമായി നിഷ്കര്‍ഷിച്ചിട്ടുള്ളതായി ഡോ. തുഖൈഫി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ