ചൊവ്വാഴ്ച, മേയ് 29, 2012

തൊഴിലാളികളുടെ വേതന സുരക്ഷാ പദ്ധതി ആഴ്ചകള്‍ക്കകം- മന്ത്രി മുഫ്രിജ് !!

റിയാദ്: തൊഴിലാളികളുടെ വേതന സുരക്ഷാപദ്ധതിയുടെ പ്രായോഗിക നടപടിക്രമങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കകം ആരംഭിക്കുമെന്ന് തൊഴില്‍കാര്യ സഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി. ജി.സി.സി രാഷ്ട്രങ്ങളിലെ തൊഴില്‍മന്ത്രാലയ അണ്ടര്‍സെക്രട്ടറിമാരുടെ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത·സമ്മേളനത്തിലാണ് സഹമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ വന്‍കിട കമ്പനികള്‍ക്കും തുടര്‍ന്ന് ഘട്ടംഘട്ടമായി തൊഴില്‍മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും പദ്ധതി ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളുടെ പ്രതിമാസ സൂചിക പരിശോധിച്ച് ഏതെല്ലാം കമ്പനികളാണ് വേതനവിതരണത്തില്‍ കൃത്യവിലോപം കാണിക്കുന്നതെന്ന് മന്ത്രാലയം കണ്ടെത്തും. അത്തരം സ്ഥാപനങ്ങളില്‍ അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭ്യമാക്കാനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ വേതന സുരക്ഷാപദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പ് തൊഴില്‍മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് പ്രസ്താവിച്ചിരുന്നു. സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങളില്‍നിന്ന് ബാങ്കുകള്‍ വഴി കൃത്യമായി വേതനം ലഭ്യമാകുന്നുണ്ടോയെന്ന് സുരക്ഷാപദ്ധതി ഉറപ്പുവരുത്തും. ഇലക്ട്രോണിക് സംവിധാനത്തിലൂടെ സൗദി മോണിറ്ററി ഏജന്‍സിയുമായി സഹകരിച്ചുകൊണ്ടാണ് മന്ത്രാലയം പദ്ധതി നടപ്പിലാക്കുകയെന്നും തൊഴില്‍മന്ത്രി പറഞ്ഞിരുന്നു. കരാറില്‍ പറഞ്ഞ തൊഴിലും വേതനവും തന്നെയാണ് തൊഴിലാളിക്ക് ലഭ്യമാകുന്നതെന്ന് പദ്ധതി വഴി ഉറപ്പുവരുത്തും. കരാറില്‍ പറഞ്ഞതിലധികമാണ് വേതന വകയില്‍ നിക്ഷേപിച്ചിട്ടുള്ളതെങ്കില്‍ അത് അനധികൃതമായി പരിഗണിക്കുമെന്നും തൊഴില്‍ മന്ത്രി സൂചന നല്‍കിയിരുന്നു. തൊഴിലാളിയുടെ വേതനം ഉറപ്പാക്കുന്ന ഈ പദ്ധതി യു.എ.ഇ മാതൃകയിലാണ് നടപ്പാക്കുകയെന്ന് മന്ത്രി മുഫ്രിജ് വ്യക്തമാക്കി. നിതാഖാത്ത് പോലുള്ള തൊഴില്‍പരിഷ്കരണ സംരംഭങ്ങള്‍ പോലെ സാങ്കേതികതകളില്‍ കുടുങ്ങുകയില്ലെന്നതിനാല്‍ എല്ലാ വിഭാഗം സ്ഥാപനങ്ങള്‍ക്കും നടപ്പിലാക്കാവുന്ന പദ്ധതിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴില്‍രഹിതരായ അറബ് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് ഇനിയും അനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഐ.എം.എഫിന്‍െറ റിപ്പോര്‍ട്ട് ചൂണ്ടി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ ഏഴ് ദശലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമായതില്‍ രണ്ട് ദശലക്ഷം മാത്രമാണ് ജി.സി.സി രാജ്യങ്ങളിലെ സ്വദേശി യുവാക്കള്‍ക്ക് ലഭ്യമായത്. മേഖലയിലുണ്ടായ സാമ്പത്തികവികസനം, റവന്യൂവരുമാനത്തിലെ വര്‍ധന, നിര്‍മാണമേഖലയില്‍ സര്‍ക്കാര്‍ ചെലവിടുന്ന സാമ്പത്തിക വിഹിതത്തിന്‍െറ ബാഹുല്യം തുടങ്ങിയവ ഇതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ മേഖലയില്‍ ഇനിയും വിദഗ്ധരായ സ്വദേശികളുടെ അഭാവമുള്ളതിനാല്‍ വിദേശികള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. വിദേശികളുടെ ആധിക്യമല്ല ലഭ്യമായ സ്വദേശിവല്‍കൃത തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സ്വദേശി യുവാക്കള്‍ സന്നദ്ധമാകാത്തതിലാണ് തന്‍െറ വ്യഥയെന്നും സഹമന്ത്രി വ്യക്തമാക്കി.
(courtesy:madhyamam)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ