തിങ്കളാഴ്‌ച, ജൂലൈ 06, 2015

ഓഹരിയില്‍ നിക്ഷേപിക്കാം ശരിഅത്ത് മാര്‍ഗത്തില്‍ !!


മുസ്‌ലിങ്ങള്‍ക്ക് ഓഹരിയില്‍ നിക്ഷേപിക്കാമോ?' ഇസ്ലാംമത വിശ്വാസികളില്‍ നിന്ന് നിരന്തരം ഉയരുന്ന സംശയമാണ് ഇത്. ശരിഅത്ത് അനുശാസിക്കുന്ന രീതിയില്‍ മുസ്‌ലിങ്ങള്‍ക്ക് ഓഹരി നിക്ഷേപം സാധ്യമാണ്. പലിശ വരുമാനം നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ മുസ്‌ലിങ്ങള്‍ 'ഹറാം' (നിഷിദ്ധം) ആയാണ് കണക്കാക്കുന്നത്. അതിനാല്‍, തന്നെ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് പോലുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് വിട്ടുനില്‍കുന്ന വിശ്വാസികള്‍ക്ക് പലപ്പോഴും ആശ്രയം റിയല്‍ എസ്‌റ്റേറ്റും സ്വര്‍ണവുമൊക്കെയാണ്. എന്നാല്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിന് കൂടുതല്‍ മുതല്‍മുടക്ക് വേണമെന്നത് ഒരു പോരായ്മയാണ്. മാത്രമല്ല, എളുപ്പം വിറ്റ് പണമാക്കുന്നതിനും പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് ഓഹരി. കുറഞ്ഞ മുതല്‍മുടക്കില്‍ നിക്ഷേപം തുടങ്ങാം. നഷ്ടസാധ്യത കൂടുതലാണെങ്കിലും ദീര്‍ഘകാലയളവില്‍ മറ്റേതൊരു നിക്ഷേപത്തെക്കാളും ഉയര്‍ന്ന റിട്ടേണ്‍ പ്രതീക്ഷിക്കാം. പക്ഷെ, തെറ്റിദ്ധാരണകള്‍ മൂലം പലരും ഈ നിക്ഷേപ മാര്‍ഗത്തോട് മുഖം തിരിക്കുകയാണ്. ഹറാം അല്ലാത്ത മേഖലകളില്‍ ബിസിനസ് നടത്തുന്ന കമ്പനികളിലെ ഓഹരികള്‍ തിരഞ്ഞെടുത്ത്, ശരിഅത്ത് മാര്‍ഗത്തില്‍ നിക്ഷേപം നടത്തുകയാണ് ഇസ്ലാംമത വിശ്വാസികള്‍ ചെയ്യേണ്ടത്. ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മദ്യക്കമ്പനികള്‍, സിഗരറ്റ് കമ്പനികള്‍, പന്നിയിറച്ചി വില്‍ക്കുന്ന കമ്പനികള്‍ എന്നിവയുടെ ഓഹരികളോടാണ് വിലക്ക് കല്‍പിക്കുന്നത്. മള്‍ട്ടിപ്ലെക്‌സ് ശൃംഖല, സിനിമാ നിര്‍മാണം തുടങ്ങിയ വിനോദമേഖലയിലെ കമ്പനികളുടെ ഓഹരികളും ഹറാമായി കണക്കാക്കാറുണ്ട്. 
കമ്പനികളുടെ പലിശ ബാധ്യത, പലിശ വരുമാനം എന്നിവയും ശരിഅത്ത് അധിഷ്ഠിത ഓഹരികള്‍ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡം ആക്കാറുണ്ട്. കമ്പനിയുടെ വിപണിമൂല്യത്തിന്റെ മൂന്നിലൊന്ന് (33 ശതമാനം) വായ്പാ ബാധ്യതയുള്ള കമ്പനികള്‍ക്ക് ഇത്തരത്തില്‍ വിലക്കുണ്ട്. ചില കമ്പനികള്‍ കരുതല്‍ ശേഖരം പലിശ വരുമാനം നല്‍കുന്ന മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാറുണ്ട്. കമ്പനിയുടെ മൊത്തം വിപണി മൂല്യത്തിന്റെ 33 ശതമാനം ഇത്തരം മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്ന കമ്പനികളില്‍ ശരിഅത്ത് നിയമപ്രകാരം നിക്ഷേപം പാടില്ല. മൊത്തം വരുമാനത്തിന്റെ അഞ്ച് ശതമാനത്തിലേറെ പലിശ വരുമാനമുള്ള കമ്പനികളും ഒഴിവാക്കേണ്ടതാണ്.

ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബി.എസ്.ഇ.) ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളില്‍ 600ലേറെയും ശരിഅത്ത് അധിഷ്ഠിത മാര്‍ഗത്തിലുള്ളതാണ്. ഇവയില്‍ നിക്ഷേപയോഗ്യമായവ 200 എണ്ണത്തിലേറെ വരും. ശരിഅത്ത് അധിഷ്ഠിത ഓഹരികള്‍ അടങ്ങുന്ന പ്രത്യേക സൂചികയ്ക്ക് ബി.എസ്.ഇ. രൂപം നല്‍കിയിട്ടുണ്ട്. 'ബി.എസ്.ഇ. ശരിഅ 50' എന്ന പേരില്‍ 2010 ഡിസംബറിലാണ് ആദ്യമായി ശരിഅത്ത് സൂചിക അവതരിപ്പിച്ചത്. ഇത് പിന്നീട് 'എസ് ആന്‍ഡ് പി ബി.എസ്.ഇ. 500 ശരിഅ' എന്നാക്കി മാറ്റി. 2013 മെയ് രണ്ടിന് രൂപം നല്‍കിയ ഈ സൂചികയില്‍ നിലവില്‍ 188 ഓഹരികളാണ് ഉള്ളത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 22 ശതമാനം റിട്ടേണാണ് ഈ സൂചിക നിക്ഷേപകര്‍ക്ക് നല്‍കിയത്. 

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍.എസ്.ഇ.) ശരിഅത്ത് ഓഹരി സൂചികകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സി.എന്‍.എക്‌സ്. ശരിഅ 25, സി.എന്‍.എക്‌സ്. നിഫ്റ്റി ശരിഅ/ സി.എന്‍.എക്‌സ്. 500 ശരിഅ എന്നീ സൂചികകളാണ് ഇവ. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടി.സി.എസ്., ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ലൂപിന്‍, ഡോ.റെഡ്ഡീസ്, ടെക്ക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, ഹീറോ മോട്ടോകോര്‍പ് എന്നീ കമ്പനികള്‍ക്കാണ് ഇതില്‍ മുന്‍തൂക്കം. ശരിഅത്ത് അധിഷ്ഠിത ഓഹരികളില്‍ നല്ലൊരു പങ്കും ഐ.ടി, മരുന്ന്, വാഹനം, വാഹനഘടകം എന്നീ മേഖലകളിലേതാണ്. 

കേരളത്തിലെ മുന്‍നിര സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളില്‍ പലതും ശരിഅത്ത് അധിഷ്ഠിത രീതിയില്‍ ഓഹരികള്‍ തിരഞ്ഞെടുത്ത് നല്‍കാന്‍ ഇപ്പോള്‍ തയ്യാറാണ്. ശരിഅത്ത് മാര്‍ഗത്തിലുള്ള നിക്ഷേപകര്‍ക്ക് മാത്രമായുള്ള സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ പോലും ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ശരിഅത്ത് അധിഷ്ഠിത മാര്‍ഗങ്ങളില്‍ ഇന്ന് മുസ്‌ലിങ്ങള്‍ മാത്രമല്ല നിക്ഷേപം നടത്തുന്നത്. ജൈന മതവിശ്വാസികള്‍, ക്രിസ്തുമതക്കാര്‍ എന്നിവരില്‍ ചിലരും ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മദ്യക്കമ്പനികള്‍, സിഗരറ്റ് കമ്പനികള്‍, വിനോദ കമ്പനികള്‍, കടബാധ്യതയുള്ള കമ്പനികള്‍ എന്നിവയുടെ ഓഹരികള്‍ ഒഴിവാക്കി നിക്ഷേപം നടത്തുന്നുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ