വ്യാഴാഴ്‌ച, ജൂലൈ 16, 2015

പതിനൊന്നുകാരന്‍ ഷുഹൈബ് അബ്ദുള്ള ഷെല്ലി ഖുറാന്‍ മനഃപാഠമാക്കി !!


അല്‍ഐന്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഇസ്ലാമിക അടിസ്ഥാന ഗ്രന്ഥമായ പരിശുദ്ധ ഖുറാന്‍ മനഃപാഠമാക്കിക്കൊണ്ട് അല്‍ഐനിലെ മലയാളി ബാലന്‍ ശ്രദ്ധ നേടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍ സ്വദേശിയായ ഷുഹൈബ് അബ്ദുള്ള ഷെല്ലി എന്ന 11 വയസ്സുകാരനാണ് ഈ അപൂര്‍വ നേട്ടത്തിനുടമ. അല്‍ഐന്‍ ദാറുല്‍ ഹുദ ഇസ്ലാമിക് സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഷുഹൈബ് എട്ടുമാസം കൊണ്ടാണ് ഖുറാന്‍ മനഃപാഠമാക്കിയത്. നിരവധി സംഘടനകളും വ്യക്തികളും ഇതിനകംതന്നെ ഷുഹൈബിനെ ആദരിക്കുകയുണ്ടായി. ഖുറാനിലെ 114 അധ്യായങ്ങളിലായുള്ള 6,236 സൂക്തങ്ങള്‍ (30 ഭാഗങ്ങള്‍) കാണാതെ ചൊല്ലാന്‍ സാധിക്കുമ്പോള്‍ ഖുറാന്‍ അവതരിച്ച റംസാന്‍ മാസം ഷുഹൈബിന് ഇരട്ടി സന്തോഷം പകരുന്നു. 
ഖുറാന്‍ മനഃപാഠം പഠിച്ചുവെങ്കിലും മറന്നുപോകാതിരിക്കാന്‍ വീണ്ടും ഖുറാന്‍ന്‍ പരിശീലന ക്ലാസ്സില്‍ പോകുന്നുണ്ട്. അല്‍ഐന്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഖുറാന്‍ സെന്ററിലാണ് തുടര്‍ പരിശീലനം. യു.എ.ഇ.യില്‍ ജനിച്ചുവെങ്കിലും ഷുഹൈബ് നാലാം ക്ലാസ്സുവരെ പഠിച്ചത് നാട്ടിലുള്ള സ്‌കൂളിലായിരുന്നു. തൃശ്ശൂര്‍ കൊപ്രാക്കളം ചെന്ത്രാപ്പിന്നി ബുസ്താനുല്‍ അറബി കോളേജില്‍ വെച്ചാണ് ഖുറാന്‍ പഠിച്ചത്‌ള

മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ പ്രായത്തില്‍ തന്നെ ഖുറാന്‍ പഠിക്കാന്‍ ഏറെ താത്പര്യം കാണിച്ചതായി ഷുഹൈബിന്റെ പിതാവ് ഷെല്ലി പറഞ്ഞു. ഖുറാന്‍ പഠനത്തോടുള്ള മകന്റെ താത്പര്യമറിഞ്ഞ ഉമ്മ ഷഹനയാണ് ഷുഹൈബിനെ ഖുറാന്‍ പഠനത്തിന് അയയ്ക്കാന്‍ മുന്നിട്ടിറങ്ങിയത്. നാലാം ക്ലാസ്സുവരെ നാട്ടിലെ സ്‌കൂളില്‍ പഠിച്ച ഷുഹൈബ്, അഞ്ചാംക്ലാസ് പഠനത്തിന് പകരമായി എട്ട് മാസത്തോളം ഖുറാന്‍ പഠനത്തിനുള്ള പ്രത്യേക പരിശീലന ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. ആറാം ക്ലാസ്സില്‍ അല്‍ഐനിലേക്ക് വന്നു. പഠനത്തിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഷുഹൈബ് ഇപ്പോള്‍ ക്ലാസ്സില്‍ ഒന്നാമനാണെന്ന് ഷെല്ലി പറയുന്നു ഷുഹൈബ് അധ്യാപകര്‍ക്കും പ്രിയങ്കരനാണ്. ഖുറാന്‍ പഠിപ്പിച്ച തൃശ്ശൂരിലെ യാസിര്‍ ഹാഫിസ് മുഹമ്മദ് എന്ന ഉസ്താദിനോടാണ് ഷുഹൈബിന് കൂടുതല്‍ കടപ്പാടുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ