വെള്ളിയാഴ്‌ച, സെപ്റ്റംബർ 07, 2012

സൗദിയില്‍ ഒരു പെണ്‍ നഗരം ! !


സൗദി അറേബ്യയില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഒരു നഗരം! വനിതാ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാനായി സൗദിസര്‍ക്കാരാണ്‌ ആണുങ്ങളില്ലാത്ത നഗരം സൃഷ്‌ടിക്കാനൊരുങ്ങുന്നത്‌. രാജ്യത്തിന്റെ വികസനത്തില്‍ സ്‌ത്രീകളെ പങ്കാളികളാക്കുകയും ഒപ്പം ശക്‌തമായ ഇസ്ലാമിക നിയമം വെളളം ചേര്‍ക്കാതെ നടപ്പാക്കുകയുമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം.സൗദി ഇന്‍ഡസ്‌ട്രിയല്‍ പ്രോപര്‍ട്ടി അതോറിറ്റിക്കാണ്‌ പെണ്‍നഗരത്തിന്റെ നിര്‍മ്മാണച്ചുമതല നല്‍കിയിരിക്കുന്നത്‌. അടുത്ത വര്‍ഷം നിര്‍മ്മാണം ആരംഭിക്കുമെന്നാണ്‌ സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്‌.പെണ്‍ നഗരത്തില്‍ സ്‌ത്രീകള്‍ മാത്രം ജോലിചെയ്യുന്ന നിര്‍മ്മാണ യൂണിറ്റുകളും മറ്റ്‌ വ്യവസായ സ്‌ഥാപനങ്ങളും ഉണ്ടായിരിക്കും. രാജ്യത്തെ സെയില്‍സ്‌ മേഖലയില്‍ നിന്ന്‌ വിദേശികളെ ഒഴിവാക്കി പകരം സൗദി സ്‌ത്രീകളെ നിയോഗിക്കാനും പദ്ധതിയുണ്ട്‌. ഇപ്പോള്‍ തന്നെ സൗദിയിലെ പെര്‍ഫ്യൂം കടകളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രാതിനിധ്യം നല്‍കിത്തുടങ്ങിയിട്ടുണ്ട്‌.സൗദിയിലെ ഇസ്ലാമിക നിയമം അനുസരിച്ച്‌ സ്‌ത്രീകള്‍ ജോലി ചെയ്യുന്നതിന്‌ വിലക്കില്ല. എന്നാല്‍, രാജ്യത്ത്‌ 15 ശതമാനത്തില്‍ താഴെ സ്‌ത്രീകള്‍ മാത്രമാണ്‌ തൊഴില്‍ മേഖലയിലുളളത്‌. ഇതാണ്‌ പെണ്‍ ഇന്‍ഡസ്‌ട്രിയല്‍ നഗരം എന്ന സംരംഭത്തെ കുറിച്ച്‌ ചിന്തിക്കാന്‍ സൗദി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ