ചൊവ്വാഴ്ച, ജൂലൈ 10, 2012

റമദാന്‍ ആരംഭം ഭിന്നദിനങ്ങളില്‍; ഈദുല്‍ഫിത്ര്‍ ഒന്നിച്ച് !!

റിയാദ്: സൗദിയില്‍ ജൂലൈ 20ന് വെള്ളിയാഴ്ച റമദാന്‍ ആരംഭിക്കാന്‍ നേരിയ സാധ്യതയുണ്ടെന്നും എന്നാല്‍ അയല്‍ അറബ് മുസ്ലിം രാജ്യങ്ങളില്‍ അതേ ദിവസം റമദാന്‍ ആരംഭിക്കാന്‍ സാധ്യതയില്ലെന്നും സൗദി ഗോളശാസ്ത്രജ്ഞന്‍ അബ്ദുല്‍ അസീസ് അശ്ശമ്മരി പറഞ്ഞു. ജൂലൈ 19ന് മക്കയില്‍ സൂര്യന്‍ അസ്തമിച്ച് ആറ് മിനുട്ട് സമയം ചന്ദ്രന്‍ ആകാശത്തുണ്ടാവുമെന്നതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് നേരിയ സാധ്യതയുണ്ട്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗ്ന നേത്രം കൊണ്ട്  ചന്ദ്രനെ കാണാനും ഔദ്യോഗികമായി സ്ഥിരീകരിക്കാനുമായില്ലെങ്കില്‍ സൗദിയിലും 21ന് ശനിയാഴ്ചയാണ് റമദാന്‍ ആരംഭിക്കുക.

ജൂലൈ 19ന് വ്യാഴാഴ്ച മക്കയില്‍ 7.05ന് സൂര്യന്‍ അസ്തമിക്കുമ്പോള്‍ ചന്ദ്രന്‍ അസ്തമിക്കുന്നത് 7.11നാണ്. ഇതിനിടയിലുള്ള ആറ് മിനുട്ട് സമയം ചന്ദ്രപ്പിറവി കാണാന്‍ പര്യാപ്തമായ സമയമാണെന്നും അശ്ശമ്മരി അഭിപ്രായപ്പെട്ടു. അതേസമയം അസ്തമയ സമയത്തിലുള്ള വ്യത്യാസം കാരണം അയല്‍ അറബ്, ഇസ്ലാമിക രാജ്യങ്ങളില്‍ അതേ ദിവസം മാസപ്പിറവി ദര്‍ശിക്കണമെന്നില്ല എന്നതിനാല്‍ ഈ വര്‍ഷത്തെ റമദാന്‍ ആരംഭം വ്യത്യസ്ത ദിവസങ്ങളിലാവാനാണ് സാധ്യത.
എന്നാല്‍ ഈ വര്‍ഷത്തെ ഈദുല്‍ഫിത്ര്‍ അയല്‍രാജ്യങ്ങളില്‍ ഒന്നിച്ച് ആഗസ്റ്റ് 19നായിരിക്കുമെന്നും അബ്ദുല്‍അസീസ് അശ്ശമ്മരി പറഞ്ഞു. റമദാന്‍ അവസാനിക്കുന്ന ആഗസ്റ്റ് 18ന് സൂര്യന്‍ അസ്തമിക്കുന്നത് 6.49നും ചന്ദ്രന്‍ അസ്തമിക്കുന്നത് 7.11നുമാണ്. ഇടയ്ക്കുള്ള 22 മിനുട്ട് ശവ്വാല്‍ മാസപ്പിറവി കാണാന്‍ മതിയായ സമയമുള്ളതിനാലാണ് അസ്തമയ സമയത്തില്‍ വ്യത്യാസമുണ്ടെങ്കിലും ഈദുല്‍ ഫിത്ര്‍ ഒന്നിച്ചാകുമെന്ന് ഗോളശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ