ബുധനാഴ്‌ച, ജൂൺ 20, 2012

ഹജ്ജ് സ്വന്തം ചെലവിലാകണം-സല്‍മാന്‍ ഖുര്‍ഷിദ് !!

ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ സ്വന്തം ചെലവില്‍ ഹജ്ജിനുപോകുന്ന സംവിധാനം രാജ്യത്ത് നിലവില്‍ വരണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. 'നാലുവര്‍ഷം മുമ്പ് സര്‍ക്കാര്‍ സാധാരണക്കാരുമായും ഉലമയുമായും ആശയവിനിമയം നടത്തിയിരുന്നു. സ്വന്തം പണം കണ്ടെത്തി പോകുന്നവര്‍ക്കുള്ളതാണ് ഹജ്ജ് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം -സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.ഇന്ത്യയിലെ ഹജ്ജ് തീര്‍ഥാടന നടത്തിപ്പ് സംബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജില്‍ സബ്‌സിഡിക്ക് പ്രസക്തിയില്ല.
വിമാനക്കമ്പനികള്‍ക്കാണ് തുക ലഭിക്കുന്നത്. എന്നാല്‍ ഒരു സമുദായം അതിന്റെ പഴി കേള്‍ക്കേണ്ടിവരികയും ചെയ്യുന്നു- ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. പുതിയ നയമനുസരിച്ച് ഇനി ഹജ്ജിന് സബ്‌സിഡിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന 650 കോടിരൂപ ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ, സാമൂഹികപുരോഗതിക്ക് ചെലവഴിക്കണമെന്നും മെയ് ഒമ്പതിന് പുറപ്പെടുവിച്ച വിധിയില്‍ കോടതി നിര്‍ദേശിച്ചിരുന്നു.


ന്യൂദല്‍ഹി: ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്. ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനിടെ, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കുന്നതിനായി സ്വതന്ത്രമായ ഹജ്ജ് കോര്‍പറേഷന്‍ രൂപവത്കരിക്കണമെന്ന ആശയമാണ് മുന്നിലുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഹജ്ജിന് സബ്സിഡിയുടെ ആവശ്യമില്ല. ഇത് ഘട്ടം ഘട്ടമായി കുറക്കണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച വഴിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. സ്വന്തം പണമുപയോഗിച്ച് പോകാന്‍ സാധിക്കുന്നവര്‍ക്കു മാത്രമാണ് ഹജ്ജ് നിര്‍ബന്ധമായിട്ടുള്ളതെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. അത്തരത്തില്‍ പോകാന്‍ കഴിയുന്നവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കുക മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഹജ്ജ് കാര്യങ്ങള്‍ക്കായി പ്രത്യേക സംവിധാനത്തെക്കുറിച്ച് നാലു വര്‍ഷം മുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍ പണ്ഡിതന്മാരും മറ്റുമായി ചര്‍ച്ച നടത്തിയതാണ്. സബ്സിഡി ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായിരിക്കും പുതിയ സംവിധാനം. ഹജ്ജിന്റെ പേരിലുള്ള സബ്സിഡി യഥാര്‍ഥത്തില്‍ ലഭിക്കുന്നത് വിമാനക്കമ്പനിക്കാണ്. അതിന്റെ പേരില്‍ ഒരു സമുദായം മൊത്തം പഴികേള്‍ക്കേണ്ടിവരുകയാണ് -മന്ത്രി വ്യക്തമാക്കി.

1 അഭിപ്രായം: