ശനിയാഴ്‌ച, മാർച്ച് 17, 2012

യൂറോപ്പിന്‍െറ ഇസ്ലാം പേടി അജ്ഞതകൊണ്ട് -കര്‍ദിനാള്‍ !! (Madhyamam)

വത്തിക്കാന്‍ സിറ്റി: ഇസ്ലാമിനെക്കുറിച്ച് യൂറോപ്പിനുള്ള ഭയത്തിന്‍െറ അടിസ്ഥാനം അജ്ഞതയാണെന്ന് വത്തിക്കാന്‍െറ മത സംവാദ കൗണ്‍സില്‍ തലവന്‍ കര്‍ദിനാള്‍ ജീന്‍  ലൂയി തൗറാന്‍ അഭിപ്രായപ്പെട്ടു. അല്‍ ജസീറ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കര്‍ദിനാള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. നാഗരികതകള്‍ തമ്മിലുള്ള സംഘട്ടനം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അജ്ഞതയുടെ സംഘട്ടനം അപരിഹാര്യമായി തുടരുകയാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
വലതുപക്ഷ ചിന്താഗതിക്കാരുടെ സംഘങ്ങളോട് നിങ്ങള്‍ ചോദിച്ചുനോക്കൂ, അവരിലൊരാളും ജീവിതത്തില്‍ ഖുര്‍ആന്‍ തുറന്നു നോക്കുകയോ ഒരു മുസ്ലിമിനെ കണ്ടുമുട്ടുകയോ ചെയ്തിട്ടുണ്ടാവില്ല. ഇവരെ അത് ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. പശ്ചിമേഷ്യയിലെ ചില വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ ക്രിസ്തുമത വിശ്വാസികളെ അവിശ്വാസികളായാണ് പരിചയപ്പെടുത്തുന്നത് -കര്‍ദിനാള്‍ പറഞ്ഞു.
അറബ്വസന്തത്തെക്കുറിച്ച ചോദ്യത്തിന് അന്തസ്സും സ്വാതന്ത്ര്യവും തൊഴിലും ആവശ്യപ്പെട്ട് ചെറുപ്പക്കാര്‍ മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ കര്‍ദിനാള്‍ മുസ്ലികളും ക്രിസ്ത്യാനികളും ആ മൂല്യങ്ങള്‍ പങ്കുവെക്കണമെന്നും അഭിപ്രായപ്പെട്ടു. വസന്തം ശിശിരമായി മാറാതിരിക്കട്ടെയെന്നും ഗ്രീഷ്മത്തിലേക്ക് നയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വത്തിക്കാന്‍െറ പ്രതിനിധി ചാനലിലൂടെ അറബ് ലോകത്തെ അഭിമുഖീകരിക്കുന്നത്. ശനിയാഴ്ച അല്‍ ജസീറ അഭിമുഖം സംപ്രേഷണം ചെയ്യും. 130 രാജ്യങ്ങളില്‍ ഈ അഭിമുഖം കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ