തിങ്കളാഴ്‌ച, ജനുവരി 16, 2012

തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് മതവിരുദ്ധം -ഗ്രാന്‍റ് മുഫ്തി !!

റിയാദ്: തൊഴിലുടമകള്‍ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് മതവിരുദ്ധ പ്രവര്‍ത്തനമാണെന്ന്  സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അഭിപ്രായപ്പെട്ടു. തലസ്ഥാന നഗരിയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെള്ളിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തമായ കരാറിന്‍െറ അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ അടിമകളല്ളെന്നും സ്വതന്ത്രരായ അവരെ അടിമകളെപ്പോലെ വില്‍പനച്ചരക്കാക്കുന്നത് അന്യായവും അപലപനീയവുമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇല്ലാത്ത സ്ഥാപനത്തിന്‍െറ പേരില്‍ കള്ളക്കരാറുണ്ടാക്കി അന്യനാട്ടുകാരെ കൊണ്ടുവരികയും എന്നിട്ട് അവരെ തെരുവിലലയാന്‍ വിടുകയും മുറതെറ്റാതെ മാസപ്പടി ഈടാക്കുകയും ചെയ്യുന്ന പ്രവണത മനുഷ്യക്കച്ചവടമാണെന്നും ഇത് മനുഷ്യവിരുദ്ധവും അതിനാല്‍ തന്നെ അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറനുസരിച്ച് പണിയെടുക്കുന്ന തൊഴിലാളിക്ക് കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. ഇതില്‍ വിഴ്ച വരുത്തുന്നത് കടുത്ത അന്യായമാണെന്നും ശൈഖ് പറഞ്ഞു.  വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശൈഖ് നടത്തിയ പ്രഭാഷണം വിദേശികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
(courtesy; madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ