തിങ്കളാഴ്‌ച, മേയ് 09, 2016

വിശുദ്ധ കഅ്ബ കഴുകല്‍ ഇനി വര്‍ഷത്തില്‍ ഒരു തവണ മാത്രം.............?

മക്ക: വിശുദ്ധ ഭവനമായ കഅ്ബ കഴുകല്‍ ചടങ്ങ് ഇനി വര്‍ഷത്തില്‍ ഒരു തവണ മാത്രം. തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് വര്‍ഷത്തിലെ രണ്ടു തവണ നടത്തുന്ന കഴുകല്‍ ചടങ്ങ് ഒരു പ്രാവശ്യമാക്കി ചുരുക്കുന്നത്. എന്നാല്‍ ഈ സമയത്ത് ഹറമില്‍ ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കൂടുന്നതു മൂലം സുരക്ഷക്ക് ഭംഗം വരാതിരിക്കാനാണ് നിലവിലെ സ്ഥിതി മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

നേരത്തെ റമസാന് തൊട്ടു മുന്‍പ് ശഅ്ബാന്‍ ഒന്നിനും മുഹറം മാസത്തിലുമായിരുന്നു ചടങ്ങ് നടന്നിരുന്നത്. എന്നാല്‍, ഈ ഹിജ്‌റ വര്‍ഷം മുതല്‍ മുഹറം പതിനഞ്ചിന് മാത്രമായാണ് ചുരുക്കി നിജപ്പെടുത്തിയിരിക്കുന്നതെന്ന് ഹറം കാര്യ പ്രസിഡന്‍സി വക്താവ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.
സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവിന്റെ അനുമതിയും ഇതിന്നായി ലഭിച്ചിട്ടുണ്ട്. കഅ്ബ കഴുകല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിശ്വാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലേക്ക് എത്താറുണ്ട്. ഇത് മൂലം ഉണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ് വര്‍ഷത്തില്‍ ഒരു തവണയായി ചുരുക്കിയതെന്നാണ് വിശദീകരണം.
ഹജ്ജ് സമയത്തെ തിരക്കൊക്കെ കുറഞ്ഞ് ഹാജിമാര്‍ പുണ്യഭൂമിയില്‍ നിന്നും യാത്ര തിരിക്കുന്ന അവസാന ദിനമായ മുഹറം 15ന് ഹറമില്‍ പൊതുവെ തിരക്ക് കുറവായിരിക്കും. ഈ സമയത്തായിരിക്കും കഴുകല്‍ ചടങ്ങ് നടത്തുന്നത്.

(courtesy: suprabhatham)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ