ഞായറാഴ്‌ച, ഫെബ്രുവരി 21, 2016

Juma'a At a glance

അഞ്ഞൂറ് പേര്‍ പങ്കെടുത്ത ഒരു ജുമാ നമസ്കാരം കഴിഞ്ഞാല്‍ അതില്‍ നാനൂറു പേരും ഖത്തീബ് സലാം വീട്ടിയ ഉടന്‍ സ്ഥലം വിടുന്നു. ഏതാണ്ട് എണ്‍പതോളം പേര്‍ ദുആ ചെയ്തതിനു ശേഷവും സ്ഥലം വിടുന്നു. ഇനി ഒരു ഇരുപതു പേര്‍ അവിടെ ബാക്കി ഉണ്ട്. അതില്‍ പതിനഞ്ചു പേര്‍ കൂടുതല്‍ നേരം പല നിസ്കാരങ്ങളും നിര്‍വഹിച്ചു അവിടെ തന്നെ കുറെ നേരം കഴിയുന്നു, അല്ലെങ്കില്‍ ഖുറാന്‍ ഓതി പ്രാര്‍ഥിക്കുന്നു, അല്ലാഹുവിനോട് കരഞ്ഞു കൊണ്ട് ദുആ ചെയ്യുന്നു. ബാക്കി അഞ്ചു പേര്‍ പള്ളിയുടെ അകത്തളത്തില്‍ നീങ്ങിക്കിടക്കുന്ന പായകള്‍ നേരെയാക്കുന്നു, പുറത്തു കിടന്ന മുസല്ലകള്‍ എടുത്തു യഥാസ്ഥാനത്തു കൊണ്ട് വെക്കുന്നു. പള്ളി വൃത്തിയാക്കുന്നു.

നേരത്തെ പറഞ്ഞ നാനൂറു പേര്‍ എന്തിനാണ് നിസ്കാരം കഴിഞ്ഞ ഉടനെ ഇറങ്ങി നടന്നത്? വല്ലിടത്തും പോവാന്‍ ഉണ്ടോ? വിശന്നിട്ടാണോ? ഇനി എത്ര തന്നെ വിശന്നാലും തിരക്കുണ്ടെങ്കിലും ഒരു അഞ്ചു മിനിട്ട് കൂടി പള്ളിയില്‍ ഇരിക്കുന്നതില്‍ നിന്നും അവരെ തടയുന്നത് ആരാണ്. പിശാചു തന്നെ. ആ പോവുന്ന നാനൂറു പേരില്‍ ഭൂരിഭാഗവും പള്ളിയില്‍ വന്നതും നിസ്കാരം തുടങ്ങാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി ഉള്ളപ്പോള്‍ മാത്രമാണ്. വിശിഷ്ടമായ ജുമാ നിസ്കാരത്തിനു പോലും അവര്‍ പള്ളിയില്‍ ചിലവഴിക്കുന്നത് പരമാവധി പതിനഞ്ചു മിനിട്ട് ആണ്. രാത്രി വൈകും വരെ ആടാനും പാടാനും രസിക്കാനും ഓണ്‍ലൈനില്‍ ഇരിക്കാനും സമയം കണ്ടെത്തുന്നവര്‍, ആ കാര്യങ്ങളില്‍ ഒരു ബോറടിയും ഇല്ലാത്തവര്‍ പള്ളിയില്‍ കയറുന്ന ഉടനെ പുറത്തേക്കുള്ള വഴി നോക്കി ഇരിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ അവിടെ അവസാനം ബാക്കിയായ ഇരുപതു പേരോ? അവര്‍ക്ക് തിരക്കില്ല. അവര്‍ക്ക് പോവാന്‍ ഉള്ള സ്ഥലങ്ങളില്‍ അവര്‍ പതിയെ പോവും. അവര്‍ക്ക് ഇബാദത്ത് കഴിയുന്നത് വരെ വിശക്കില്ല. കാരണം അവര്‍ പരലോക സുഖം ആഗ്രഹിക്കുന്നവരാണ്. അവര്‍ക്കറിയാം ജീവന്‍റെ തുടിപ്പ് ഏതു നിമിഷവും അവസാനിക്കുമെന്നും അപ്പോള്‍ വെറും ഒരു മാംസ പിണ്ഡം മാത്രമായിരിക്കും നാമെന്നും, മരണത്തിന് ശേഷം ഇഹലോകത്ത് ചെയ്ത പുണ്യ കര്‍മങ്ങള്‍ മാത്രമേ പരലോകത്ത് സാക്ഷിയായി ഉണ്ടാവൂ എന്നും.

സ്വാലിഹ്‌ നബി(അ) തന്റെ ജനതയോട്‌ ചോദിച്ച കാര്യം അല്ലാഹു ഉദ്ധരിക്കുന്നു:

“എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ്‌ നന്മയേക്കാള്‍ മുമ്പായി തിന്മക്ക്‌ തിടുക്കം കൂട്ടുന്നത്‌? നിങ്ങള്‍ക്ക്‌ അല്ലാഹുവിനോട്‌ പാപമോചനം തേടിക്കൂടേ? എങ്കില്‍ കാരുണ്യം ലഭിക്കുമല്ലോ.” (ഖുര്‍ആന്‍ 27:46)


അഹങ്കരിക്കാൻ മാത്രം നമ്മിൽ ഒന്നുമില്ല. . . .ശ്വാസം നിലച്ചാൽ പുഴുത്ത്‌ നാറുന്ന വെറും ഒരു മാംസ കഷ്ണം മാത്രം ആണ് നാം !!!!
[കടപ്പാട്: Aslam Koduvally]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ