ശനിയാഴ്‌ച, ഒക്‌ടോബർ 25, 2014

തര്‍തീല്‍ ‘എക്സ്പോ’ : ഒറ്റപ്പേജ് ഖുര്‍ആന്‍ മുതല്‍ ഉള്ളംകൈയിലേതുവരെ !!


കണ്ണൂര്‍: ഉള്ളംകൈയില്‍ ഒതുങ്ങുന്നത് മുതല്‍ ഒറ്റപ്പേജില്‍ മുഴുസൂക്തങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍െറ വിവിധ മോഡലുകള്‍. വിവിധ ലോകഭാഷകളിലെ ഖുര്‍ആന്‍ പ്രതികള്‍ നിരവധി. ഇന്ന് കണ്ണൂരില്‍ ആരംഭിക്കുന്ന ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ തര്‍തീല്‍-14ന്‍െറ ഭാഗമായി സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച എക്സ്പോയിലാണ് വേദത്തിന്‍െറ വ്യത്യസ്ത ശ്രേണികളുടെ അപൂര്‍വ ശേഖരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ഉള്ളംകൈയില്‍ ഒതുങ്ങുന്ന ഖുര്‍ആന്‍ ഈ ഗണത്തിലെ അപൂര്‍വമായ കൊച്ചുപതിപ്പുകളിലൊന്നാണ്. 2.5 സെന്‍റിമീറ്റര്‍ നീളവും 1.8 സെന്‍റിമീറ്റര്‍ വീതിയുമുള്ളതാണീ കൊച്ചു ഖുര്‍ആന്‍. ഖുര്‍ആനിലെ മുഴുവന്‍ സൂക്തങ്ങളും അധ്യായങ്ങളും ചോര്‍ന്നുപോകാത്ത ഒറ്റപ്പേജാണ് പ്രദര്‍ശന ഹാളിലെ ഏറ്റവും ആകര്‍ഷക ബിന്ദു.ഖുര്‍ആന്‍ സൂക്തങ്ങള്‍ എഴുതിയ പഴയകാല പാത്രങ്ങള്‍, അന്ധര്‍ക്ക് വേണ്ടി ബ്രയില്‍ ലിപിയില്‍ എഴുതിയ ഗ്രന്ഥം, നിരവധി ലോകഭാഷകളിലുള്ള ഖുര്‍ആന്‍ പ്രതികള്‍, വിവിധ പരിഭാഷകള്‍, കേരളത്തിലെ ഏറ്റവും പഴക്കമേറിയ ഖുര്‍ആന്‍ അച്ചടിച്ച കല്ലച്ചുകള്‍, ഉത്തര്‍പ്രദേശിലെ റാംപൂര്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന അത്യപൂര്‍വ ഖുര്‍ആന്‍ കൈയെഴുത്ത് കോപ്പികള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്.
ഖുര്‍ആനിലെ ഗണിത കൗതുകങ്ങളുടെ ചാര്‍ട്ട് ചിന്താവിസ്മയമാണ്. ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത പുരാണ നാണയങ്ങളും ഇബ്നുസീന തുടങ്ങിയ പഴയകാല ശാസ്ത്രജ്ഞരുടെ സ്മരണാര്‍ഥം പുറത്തിറക്കിയ കറന്‍സികള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനം ഞായറാഴ്ച വൈകീട്ട് സമാപിക്കും. സന്ദര്‍ശകര്‍ക്കായി ഖുര്‍ആന്‍ ക്വിസ് പരിപാടിയുമുണ്ട്.രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന തര്‍തീലിന്‍െറ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് രാവിലെ ഒമ്പതിന് ചേംബര്‍ ഹാളില്‍ തുടങ്ങും. മെഗാഫൈനല്‍ നാളെ രാവിലെ ജില്ലാ ബാങ്ക് ഹാളിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ