തിങ്കളാഴ്‌ച, മാർച്ച് 04, 2013

'ഭൂമി വിഴുങ്ങിയ' ജെഫ്രി ബുഷിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

ഫ്ലോറിഡ (യു.എസ്.): കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കവെ ഭൂമി വിഴുങ്ങിയ ജെഫ്രി ബുഷിന് വേണ്ടിയുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. 36-കാരനായ അദ്ദേഹം മരിച്ചതായാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്. 

മൃതദേഹം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് ഹില്‍ബറോ കൗണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ മൈക്ക് മെറില്‍ പറഞ്ഞു. 

ഫേ്‌ളാറിഡയിലെ സെഫ്‌നറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വീട്ടിലെ കിടപ്പുമുറിയില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ജെഫ്രി ബുഷ് ആണ്ടു പോവുകയായിരുന്നു. 

20 മീറ്റര്‍ ആഴവും 30 മീറ്റര്‍ വ്യാസവുമുള്ള ഗര്‍ത്തമാണ് കിടപ്പുമുറിയില്‍ രൂപപ്പെട്ടത്. സഹോദരന്‍ ജറമി ഗര്‍ത്തത്തില്‍ ഇറങ്ങി കുഴിച്ചു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തകരാണ് ജറമിയെ സ്ഥലത്തുനിന്ന് മാറ്റിയത്. ഗര്‍ത്തം വലുതാകാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. 

ഭൂമിക്കടിയില്‍ ദുര്‍ബലമായ പാറകളുള്ള ഫ്ലോറിഡ പ്രദേശത്ത് ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടാറുണ്ട്. എന്നാല്‍ അസാധാരണമായ ഗര്‍ത്തമാണ് ജെഫ്രി ബുഷിന്റെ വീട്ടില്‍ ഉണ്ടായതെന്ന് കൗണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ മൈക്ക് മെറില്‍ പറഞ്ഞു.
(courtesy:mathrubhumi.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ