ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

റാസല്‍ഖൈമയില്‍ കൂറ്റന്‍ പള്ളി വരുന്നു !!


അബൂദബി: റാസല്‍ഖൈമയുടെ തെക്കന്‍ മേഖലയിലെ നഗരപ്രദേശമായ അല്‍ദൈത്തില്‍ കൂറ്റന്‍ പള്ളി നിര്‍മാണത്തിനുള്ള പദ്ധതിക്ക് പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയത്തിലെ പ്രത്യേക സമിതി അംഗീകാരം നല്‍കി. 18,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പദ്ധതി 250 മില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ് യാഥാര്‍ഥ്യമാക്കുക. 28,000 പേരെ ഒരേ സമയം ഉള്‍ക്കൊള്ളാനാകുന്ന പള്ളിയോടനുബന്ധിച്ച് ഇസ്ലാമിക് മ്യൂസിയം, ലൈബ്രറി, ഖുര്‍ആന്‍ മന:പാഠമാക്കല്‍ കേന്ദ്രം, പൂന്തോട്ടം എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശപ്രകാരം നിര്‍മിക്കുന്ന പള്ളി അദ്ദേഹത്തിന്‍െറ പേരിലാകും അറിയപ്പെടുക. പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാക്കി പള്ളിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. റാസല്‍ഖൈമക്കടുത്ത പ്രമുഖ താമസകേന്ദ്രങ്ങളിലൊന്നായി വളര്‍ന്നുവരുന്ന പ്രദേശമാണ് അല്‍ദൈത്ത്. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ പള്ളി നിര്‍മിക്കാന്‍ പ്രസിഡന്‍റ് നിര്‍ദേശിച്ചതെന്ന് റാസല്‍ഖൈമ മുനിസിപ്പാലിറ്റി ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ അസം പറഞ്ഞു. അടുത്തിടെ 1028 ഹൗസിങ് പ്ളോട്ടുകള്‍ മുനിസിപ്പാലിറ്റി ഈ പ്രദേശത്ത് അനുവദിച്ചിരുന്നു. പള്ളി നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
28,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന 22,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഫുജൈറയിലെ ശൈഖ് സായിദ് പള്ളി നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിന്‍െറ ആദ്യഘട്ടം നവംബറില്‍ പൂര്‍ത്തിയാകും. 22,412 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ