വെള്ളിയാഴ്‌ച, മാർച്ച് 02, 2012

ഹജ്ജ് അപേക്ഷാഫോം വിതരണം തുടങ്ങി !!

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷാഫോം വിതരണം തുടങ്ങി. സംസ്ഥാനത്താകെ 2000-ത്തോളം അപേക്ഷകള്‍ ആദ്യദിനത്തില്‍ വിതരണം ചെയ്തു. കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ രാവിലെ ഏഴരയോടെ വിതരണം തുടങ്ങി. നാല് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. ഒരു കൗണ്ടര്‍ അന്വേഷണങ്ങള്‍ക്കും മറ്റുള്ളവയില്‍ ഫോം വിതരണവുമാണ് നടന്നത്.കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ വെബ്‌സൈറ്റില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഫോം ശേഖരിച്ചിട്ടുണ്ട്. അപേക്ഷാഫോമിന്റെ ഫോട്ടോകോപ്പി ഉപയോഗിക്കുന്നതിനും അനുമതിയുണ്ട്. ഹജ്ജ് അപേക്ഷാഫോം സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വ്യക്തികളോ സംഘടനകളോ ഫോമിന് ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പേരില്‍ നിയമനടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 16 വരെ സ്വീകരിക്കും. എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ്ഹൗസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം 673647 മേല്‍വിലാസത്തില്‍ തപാല്‍/കൊറിയര്‍ വഴി അയക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ