തിങ്കളാഴ്‌ച, ഡിസംബർ 12, 2011

ഇസ്ലാമിക് ബാങ്കിങ് സുരക്ഷിത ധനകാര്യ വ്യവസ്ഥ - Karim !!

മുക്കം: മുതലാളിത്ത സമ്പദ്ഘടനയും കമ്പോള വ്യവസ്ഥയുമെല്ലാം തകര്‍ന്നടിയുന്ന സാഹചര്യത്തില്‍ സുരക്ഷിത ധനകാര്യ വ്യവസ്ഥയെന്ന നിലയില്‍ ഇസ്ലാമിക് ബാങ്കിങ്ങിന്‍െറ പ്രസക്തി വര്‍ധിക്കുന്നതായി മുന്‍ വ്യവസായ മന്ത്രി എളമരം കരീം എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇസ്ലാമിക് ബാങ്കിങ്ങിനായി റിസര്‍വ് ബാങ്ക് അനുമതി ലഭിക്കുന്നതിനുള്ള ശ്രമം തുടരണമെന്നും അദ്ദേഹം പറഞ്ഞു.ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളജും കേരള മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിയയും ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കാമ്പസില്‍ സംഘടിപ്പിച്ച ഇസ്ലാമിക് ബാങ്കിങ് ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നര നൂറ്റാണ്ടിന്‍െറ ചരിത്രമുള്ള ധനകാര്യ സ്ഥാപനമുള്‍പ്പെടെ  600ഓളം ബാങ്കുകളാണ് അമേരിക്കയില്‍ തകര്‍ന്നത്. മുതലാളിത്തം എക്കാലത്തും നിലനില്‍ക്കാന്‍ കരുത്തുറ്റതാണെന്ന അവകാശവാദം പൊളിഞ്ഞു.തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ചയാണിപ്പോള്‍ നടക്കുന്നത്. ആഭ്യന്തര കമ്പോളം ചുരുങ്ങുകയും ഉല്‍പാദകന് നഷ്ടം നേരിടുകയും ചെയ്യുന്നു. ധനമൂലധന വ്യവസ്ഥയില്‍ കടംകൊടുത്ത് കമ്പോളത്തെ ഉത്തേജിപ്പിക്കുകയാണ്. ആദ്യം ആകര്‍ഷിക്കുകയും പിന്നീട് കുരുക്കുകയും ചെയ്യുന്ന ഇടപാടുകള്‍ വന്‍ കുരുക്കാകുമ്പോള്‍ ബാങ്കുകള്‍ക്കും രക്ഷപ്പെടാനാവില്ല. അവ ചീട്ടുകൊട്ടാരം കണക്കെ തകരുകയാണ്.
ഇതില്‍നിന്നും വ്യത്യസ്തമായി സുരക്ഷയുടെയും വികസനത്തിന്‍െറയും മാര്‍ഗമാണ് ഇസ്ലാമിക് ബാങ്കിങ് മുന്നോട്ടുവെക്കുന്നത്. പലിശ ഇസ്ലാമില്‍ നിഷിദ്ധമായതുപോലെ ഇത്തരം ചൂഷണങ്ങള്‍ മാര്‍ക്സിസവും അംഗീകരിക്കുന്നില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് ഫിനാന്‍സില്‍ ഉപരിപഠനം നേടാന്‍ അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു. മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അദ്ഭുതകരമായ വേഗതയിലാണ് ലോകത്ത് ഇസ്ലാമിക് ബാങ്കിങ്ങിന് വളര്‍ച്ചയും സ്വീകാര്യതയും ലഭിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ